SignIn
Kerala Kaumudi Online
Tuesday, 06 October 2026 4.48 PM IST

സ്‌പീഡ്  ഗവർണറും  ജിപിഎസും  പ്രവർത്തിച്ചിട്ട് മാസങ്ങളായി, യദു ഓടിച്ച ബസ് പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

READ ENGLISH VERSION
investigation

തിരുവനന്തപുരം: കെഎസ്ആർടിസി ‌ഡ്രൈവർ എച്ച് യദു ഓടിച്ച സൂപ്പർ ഫാസ്റ്റ് ബസിന്റെ സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. മേയർ ആര്യാ രാജേന്ദ്രനും യദുവും തമ്മിലുളള തർക്കത്തിൽ പൊലീസിന്റെ ആവശ്യപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. രണ്ട് മാസമായി ബസിന്റെ സ്‌പീഡ് ഗവർണർ ഇളക്കിയിട്ടിരിക്കുകയാണെന്നും ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് യദുവിനെതിരെ നൽകിയ പരാതിയിൽ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് കേസ്. ഓവർടേക്കിംഗുമായി ബന്ധപ്പെട്ടല്ല തർക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയതുകൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും മേയർ പറഞ്ഞിരുന്നു.

ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യദു കോടതിയിൽ ഹർജി നൽകിയിരുന്നു. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്. ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും യദു പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് യദു കോടതിയെ സമീപിച്ചത്.

മേയറും ഭർത്താവ് സച്ചിൻ ദേവും കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞത് വൻവിവാദമായിരുന്നു. തുടർന്ന് യദു നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരം ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആര്യാ രാജേന്ദ്രനടക്കം അഞ്ച് പേർക്കെതിരെയാണ് കേസ്. യദുവിന്റെ കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ കന്റോൺമെന്റ് പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഐപിസി 353 വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS, SEARCH, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA