SignIn
Kerala Kaumudi Online
Tuesday, 11 June 2024 12.56 PM IST

നിങ്ങളെന്നെ താടകയാക്കി, റബർ മനസും!

g

അവളെപ്പേടിച്ചാരും നേർവഴി നടപ്പീല.... പതിനായിരം ആനകളുടെ ശക്തിയുള്ള താടകയെന്ന അതിഭയങ്കരിരായ രാക്ഷസിയുടെ കഥ രാമായണത്തിലുണ്ട്. ഋഷിമാരെ കൊന്നൊടുക്കുന്ന താടകയെ ബാലനായ ശ്രീരാമൻ വിശ്വാമിത്ര മഹർഷിയുടെ നിർദ്ദേശ പ്രകാരം, നിഗ്രഹിക്കുന്നത് പുരാണം. വടക്കൻ കേരളത്തിലെ പതിനായിരക്കണക്കിന് സാധാരക്കാരുടെയും പാവപ്പെട്ടവരുടെയും ചികിത്സയ്ക്കുള്ള അഭയ കേന്ദ്രമാണ് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്. ഏഴു പതിറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യമുള്ള സ്ഥാപനം. ആതുര സേവനരംഗത്തെ മാലാഖയായ കേരളത്തിന്റെ ഈ അഭിമാനസ്തംഭത്തിനു മേൽ പുഴുക്കുത്ത് വീണുതുടങ്ങിയിട്ട് നാളുകളായി. യഥാസമയം 'ചികിത്സ" നൽകാതെ ഈ പുഴുക്കുത്തുകൾ പെരുകി മുഖം താടകയ്ക്കു സമാനം ഭീതിദമായി!

ഇടതുകൈയിലെ ആറാം വിരൽ മുറിച്ചുമാറ്റേണ്ട നാലു വയസുകാരിയുടെ നാവിൽ കത്തിവച്ച് ഡോക്ടർ. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ കത്തി മറന്നുവച്ച് മറ്റൊരു ഡോക്ടർ. ഐ.സി.യുവിൽ ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച് അതേ ആശുപത്രിയിലെ ജീവനക്കാരൻ...! പീഡകർക്ക് സംരക്ഷണവുമായി സംഘടനകളും സർക്കാരും. പീഡിതർക്കും അവരെ ചേർത്തുപിടിക്കുന്നവർക്കുമില്ല,​ നീതി.

മാലാഖയുടെ മുഖം താടകയുടേതു പോലെ ഭയാനകമാവുന്നതിനും, പേരുകേട്ടാൽ ഒരു വിധപ്പെട്ടവരെല്ലാം പേടിച്ച് ഓടിയകലുന്നതിനും കാരണക്കാർ എന്തായാലും ജനങ്ങളല്ല. അപ്പോൾ, ആദ്യം 'ചികിത്സ" വേണ്ടത് ആർക്ക്?​

ആരോഗ്യ മേഖലയിൽ നമ്പർ വൺ ആണ് കേരളമെന്ന് അഭിമാനംകൊണ്ടിട്ടെന്താ?പാവപ്പെട്ട രോഗികളോടുള്ള കുറ്റകരമായ അശ്രദ്ധകൾ ആവർത്തിക്കപ്പെടുന്നു. പരാതി നൽകുന്നവർ അപമാനിതരാവുന്നു. കുറ്റക്കാർ രക്ഷപ്പെടുന്നു.

സ്വന്തം അവകാശങ്ങൾക്കു വേണ്ടി ആശുപത്രി ഒ.പികൾ പോലും സ്തംഭിപ്പിച്ച് പാവപ്പെട്ട രോഗികളെ

വലയ്ക്കുന്ന ഡോക്ടർമാരുടെ സംഘടനകൾ, സഹപ്രവർത്തകരുടെ ക്രൂരമായ വീഴ്ചകളിൽ ഇരകളോട് ക്ഷമാപണത്തിനു പോലും മുതിരാതെ ന്യായീകരണവുമായി രംഗത്തിറങ്ങുന്നു. ഇതാണോ മെഡിക്കൽ എത്തിക്സ്? ഇരകൾക്കൊപ്പമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം ഉരിയാടുന്ന ആരോഗ്യ മന്ത്രി ഉൾപ്പെടെഉള്ളവർ രാഷ്ട്രീയനിറം നോക്കി വേട്ടക്കാരനൊപ്പം ഓടുന്നുവെന്ന് പ്രതിപക്ഷം. ഇതാണോ നമ്പർ വൺ? രാമനാണ്ടാലും രാവണനാണ്ടാലും കോരന് കഞ്ഞി കുമ്പിളിൽ!

 

അഞ്ചപ്പംകൊണ്ട് യേശുദേവൻ അയ്യായിരം പേരെ ഊട്ടി. അത്തരം അദ്ഭുതസിദ്ധിയൊന്നുമില്ലാത്ത ഗോവിന്ദൻ മാഷ് എന്തു ചെയ്യും?ആകെ രണ്ട് രാജ്യസഭാ സീറ്റ്. അവകാശവാദവുമായി സി.പി.എം ഉൾപ്പെടെ അഞ്ച് കക്ഷികൾ. രണ്ടിൽ ഒന്ന്

എന്തായാലും വല്യേട്ടൻ എടുക്കും. സി.പി.ഐയും കേരള കോൺഗ്രസ്- മാണിയും ചോദിക്കുന്നത് തങ്ങൾ ഒഴിയുന്നതിനു പകരം സീറ്റ്. ഏക എം.എൽ.എയുള്ള മറ്റ് ഘടകക്ഷികൾക്കെല്ലാം മന്ത്രി സ്ഥാനം പങ്കിട്ടപ്പോൾ കളത്തിനു പുറത്തായ ആർ.ജെ.ഡി ഒരു രാജ്യസഭാ സീറ്റ് ചോദിക്കുന്നത് ന്യായം. ഒരു മന്ത്രിയുള്ള എൻ.സി,പിക്കും വേണം ഒരു സീറ്റ്. ഇതിൽ ആരെ പിണക്കും,​ ആരെ തുണയ്ക്കും?​ ത്രിശങ്കുവിൽ ഗോവിന്ദൻ മാഷും പാർട്ടിയും!

നിയമസഭയിൽ 17 സീറ്റുള്ള സി.പി.ഐ, മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി. ആൾബലം കൊണ്ടല്ലെങ്കിലും മദ്ധ്യ കേരളത്തിലെ 'തിണ്ണമിടുക്ക് " കാട്ടി രണ്ടാംസ്ഥാനം അവകാശപ്പെടുന്ന മാണിപ്പാർട്ടി യു.ഡി.എഫ് വിട്ട് വന്നതുതന്നെ പാർട്ടി ചെയർമാൻ ജോസ് കെ. മാണി കൈയിലിരുന്ന രാജ്യസഭാ സീറ്റ് ഒഴിഞ്ഞ ശേഷം. യു.ഡി.എഫിലെ ഏക 'വിപ്ളവപാർട്ടി"യായ ആർ.എസ്.പി നേരത്തേ ഇടത്തുനിന്ന് വലത്തേക്കു ചാടിയതുതന്നെ രാജ്യസഭാ സീറ്റ് കിട്ടാത്തതിന്റെ പേരിലും! അതും പോരാഞ്ഞ്, കോഴിക്കൂട്ടിൽ കണ്ണുവച്ച കുറുക്കനെപ്പോലെ വായിലെ വെള്ളമിറക്കി നടപ്പുണ്ട് അപ്പുറത്ത്

യു.ഡി.എഫുകാർ. ഇവിടെ കല്യാണം,​ അവിടെ പാലുകാച്ച്!

ഇടതിൽ രാജ്യസഭാ സീറ്റ് തർക്കത്തിന്റെ കാർമേഘം ഉരുണ്ടു കൂടും മുമ്പേ അവിടെ മാണി വിഭാഗത്തിനായി ചൂണ്ടയിട്ടു കഴിഞ്ഞു; കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിലൂടെ. താനോ പാർട്ടിയോ മനസാ വാചാ കർമ്മണാ അറിഞ്ഞിട്ടില്ലെന്നാണ് വി.ഡി. സതീശന്റെ ആണയിടൽ. കോൺഗ്രസ് നേതൃത്വം അറിയാതെ മാണി കോൺഗ്രസിനെ തിരികെ ക്ഷണിച്ച് പാർട്ടി പത്രം മുഖപ്രസംഗം എഴുതുമെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികളാരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ, അത് പാർട്ടി പത്രമല്ലെന്ന് നേതൃത്വം തള്ളിപ്പയണം.

കണ്ണൂരിലെ പാനൂരിൽ അടുത്തിടെ നടന്ന ബോംബ് സ്ഫോടനത്തിൽ ഡി.വൈ.എഫ്.ഐക്കാർ പ്രതികളായപ്പോൾ, സി.പി.എമ്മിന്റെ ബഹുജന സംഘടനയല്ല ഡി.വൈ.എഫ്.ഐ എന്ന് ഗോവിന്ദൻ മാഷ് 'കോഴി കൂവുന്നതിനു മുമ്പ് മൂന്നുവട്ടം" തള്ളിപ്പറഞ്ഞതു പോലെ. അതും ഉണ്ടായിട്ടില്ല. പാർട്ടി മുഖപത്രത്തിന്റെ ആ ക്ഷണം

അനവസരത്തിലായിപ്പോയി എന്നാണ് കോൺഗ്രസ് നേതാക്കളുടെ ഭാഷ്യം. അപ്പോൾ, അവസരം വരുമ്പോൾ ചൂണ്ടയിടാൻ മടിക്കില്ലെന്ന് അർത്ഥം. വെയിലും മഴയുംകൊണ്ടു നടന്നിട്ട് കൊല്ലം എട്ടായി. ഇനിയും രണ്ടുകൊല്ലം കൂടി. അതും കഴിഞ്ഞ് വീണ്ടും അഞ്ചുകൊല്ലം വെയിൽ കൊള്ളാൻ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ?സഹനത്തിനുമില്ലേ ഒരു അതിര്?

എന്തായാലും മാണി കോൺഗ്രസുകാർ മനസു തുറന്നിട്ടില്ല. എന്നുവച്ച് സഖാക്കന്മാർ ഉറങ്ങേണ്ട. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസ് സിദ്ധാന്തം കണ്ടുപിടിച്ച നേതാവിന്റെ പിന്മുറക്കാരാണ്. റബറിന്റെ മനസല്ലേ! വാഗ്ദാനപ്പെരുമഴയിൽ ഒരു ദുർബല നിമിഷത്തിൽ അവർ വീണു പോകില്ലെന്ന് ആരുകണ്ടു?എല്ലാം കൈവിട്ടു പോകാൻ എളുപ്പം. സഹോദരങ്ങളെ പിണക്കി അകറ്റാതിരിക്കാൻ ഇനി വിശാലമനസ്കനായ വല്യേട്ടൻ തന്നെ സീറ്റ് ഉപേക്ഷിച്ച് ത്യാഗിയായിക്കൂടേ എന്നാണ് മുന്നണിയിലെ മുറുമുറുപ്പ്. ഒന്നു പോയാലും ബാക്കി മൂന്ന് രാജ്യസഭാ സീറ്റ് കൈയിലുണ്ടല്ലോ? കൊത്തിക്കൊത്തി മുറത്തിലും....

 

പോന മച്ചാൻ തിരുമ്പി വന്താൻ! രണ്ടാഴ്ചത്തെ സ്വകാര്യ സന്ദർശനത്തിന് വിദേശത്തു പോയ മുഖ്യമന്ത്രി പിണറായി

സഖാവ് പറഞ്ഞതിനും രണ്ടുദിവസം മുമ്പേ തിരിച്ചെത്തിയതിനെപ്പറ്റി ആർക്കും ഒന്നും പറയാനില്ല. ഇന്തൊനേഷ്യ, സംഗപ്പൂർ, ദുബായ് എന്നീ രാജ്യങ്ങളിലേക്കുള്ള പോക്കും വരവും രഹസ്യമാക്കി വച്ചതാണ് വലിയ പ്രശ്നം. ആഴ്ചയിൽ ആറുദിവസം പണിയെടുത്ത ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചതായാണ് സഖാവ് എ.കെ. ബാലന്റെ വാദം.

അപ്പോൾ, ഒരുകൊല്ലം മുഴുവൻ പണിയെടുത്ത പിണറായി സഖാവിന് വിശ്രമത്തിന് അവകാശമില്ലേ?പിണറായിയുടെ സന്ദർശനവേളയിൽ ആ രാജ്യങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളുടെ പഴി വരെ ട്രോളന്മാർ അദ്ദേഹത്തിനു മേൽ ചാർത്തിക്കളഞ്ഞില്ലേ? കേരളത്തിൽ കനത്ത വേനലിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ വലയുമ്പോൾ മുഖ്യമന്തി വിദേശത്ത് വിനോദയാത്ര നടത്തിയെന്ന് പ്രതിപക്ഷം. എങ്കിലെന്താ?സഖാവും കുടുംബവും തിരിച്ചെത്തുമ്പോൾ ഇവിടെ പെരുമഴയല്ലേ!

നുറുങ്ങ്:

 പാനൂരിൽ 2015-ൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട രണ്ട് സി.പി.എം പ്രവർത്തകർക്കായി പാർട്ടി രക്തസാക്ഷി

സ്മാരകം നിർമ്മിക്കുന്നു.

# ക്ഷമിക്കൂ സഹോദരാ! ഈ തിരഞ്ഞെടുപ്പിനിടെ ഇങ്ങനെ കൊല്ലപ്പെട്ടവർക്കും താമസിയാതെ വരും,​ സ്മാരകം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.