തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം ഇന്ന് കബറടക്കും. ഇന്ന് രാവിലെ 9വരെ സഭാ ആസ്ഥാനത്ത് പൊതുദർശനം തുടരും. തുടർന്ന് കബറടക്കത്തിന്റെ എഴാമത് ശുശ്രൂഷ ആരംഭിക്കും. 10ന് പള്ളിയിലേക്ക് വിലാപയാത്ര. 11ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ഭൗതീക ശരീരം എത്തിച്ച് എട്ടാമത്തെയും അവസാനത്തേതുമായ ചടങ്ങുകൾ നടത്തും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അഡ്മിനിസ്ട്രേറ്റർ സാമുവേൽ മാർ തിയോഫിലോസ് എപ്പിസ്കോപ്പാ മുഖ്യകാർമ്മികനായിരിക്കും. ബിലീവേഴ്സ് സഭയിലെ കേരള ഡയോസിസ് സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ, അമേരിക്കൻ ഭദ്രാസനാധിപൻ ദാനിയേൽ മോർ തിമോഥേയോസ് എപ്പിസ്ക്കോപ്പാ, ജോൺ മാർ ഐറേനിയോസ് എപ്പിസ്കോപ്പാ, ബിലീവേഴ്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാർ എന്നിവർ സഹകാർമ്മികരാകും. പള്ളിയുടെ മദ്ബഹായോട് ചേർന്ന് ഒരുക്കിയിട്ടുള്ള പ്രത്യേക കബറിൽ മാർപ്പാപ്പാമാരുടെ കബറടക്കം പോലെ കിടത്തിയാണ് സംസ്കരിക്കുക. ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് കബറടക്കും.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തെ കൺവെൻഷൻ സെന്ററിൽ പൊതുദർശനത്തിന് വച്ചിട്ടുള്ള മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. യാക്കോബായ സഭ ട്രസ്റ്റി തോമസ് മാർ തിമോത്തിയോസ്, ക്നാനായ യാക്കോബായ സഭ കല്ലിശേരി മേഖലാധിപൻ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, റാന്നി മേഖലാധിപൻ കുര്യാക്കോസ് മാർ ഈവാനിയോസ്, ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ക്നാനായ കത്തോലിക്ക സഭ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം എന്നിവർ പ്രാർത്ഥനകൾ നടത്തി.
അനുശോചന പ്രവാഹം
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള, മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, പി. പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എം.പിമാരായ കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി, എ.എം. ആരിഫ്, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ മാത്യു ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രമോദ് നാരായൺ, കെ.സി. ജോസഫ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.
കേരളകൗമുദിക്ക് വേണ്ടി പത്തനംതിട്ട യുണിറ്റ് ചീഫ് ബി.എൽ. അഭിലാഷ്, സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ, ബ്യുറോ ചീഫ് ബിജു മോഹൻ, അക്കൗണ്ട്സ് മാനേജർ ദീപു, മാർക്കറ്റിംഗ് മാനേജർ അജിലൻ.എസ്, തിരുവല്ല ലേഖകൻ അജിത്ത് കാമ്പിശ്ശേരി എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |