ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ കേന്ദ്രം തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. ഇറാനിലെ ടെഹ്റാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നിരന്തരം ഇറാനുമായി ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സംഭവത്തിലെ മറ്റ് പുരോഗമനങ്ങൾ വഴിയേ അറിയിക്കുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്. മൂന്ന് മലയാളികൾ കപ്പലിൽ കുടുങ്ങിയിട്ടുണ്ടെന്ന മാദ്ധ്യമവാർത്തകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച സന്ദേശത്തിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രി മറുപടി നൽകിയത്.
#TeamMEA is already working on the early release & repatriation of all 18 Indian crew members of Stena Impero. Our Embassy in Tehran is in constant contact with Iranian authorities to resolve this. We will keep you posted on further developments. https://t.co/3BrK5ahYGq
— Dr. S. Jaishankar (@DrSJaishankar) July 21, 2019
അതേസമയം പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഇറാൻ സ്വന്തം ദേശീയ പതാക ഉയർത്തി തങ്ങളുടെ നിലപാട് കടുപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് ഇറാൻ സേനാവിഭാഗമായ റെവല്യൂഷനറി ഗാർഡ്‌സ് ബ്രിട്ടീഷ് കപ്പലായ 'സ്റ്റെന ഇമ്പേറോ' പിടിച്ചെടുക്കുന്നത്. ഇന്ത്യക്കാരുൾപ്പെടെ 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവരുടെ മോചനത്തിന് കാലതാമസം ഉണ്ടാകുന്നുവെന്ന് ബ്രിട്ടീഷ് പാർലമെന്റിലെ പ്രതിപക്ഷം വിമർശനം ഉയർത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇക്കാര്യത്തിൽ മന്ത്രിസഭായോഗം വിളിച്ചുചേർത്തിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ഈ യോഗത്തിൽ പങ്കെടുക്കും. പാർലമെന്റിലും തെരേസ മേ വിശദീകരണം നൽകിയേക്കും. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയോടെ ഇറാനുമേൽ സമ്മർദ്ദം ചെലുത്തി കപ്പൽ ജീവനക്കാരെ തിരികെ എത്തിക്കാൻ ബ്രിട്ടൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഇറാനിയൻ കപ്പലായ ഗ്രേസ് വണ്ണിനെ ബ്രിട്ടീഷ് സൈന്യവും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം ആദ്യം ജിബ്രാൾട്ടർ കടലിടുക്കിൽ വച്ചാണ് കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തത്. ഈ കപ്പലിലും മൂന്ന് മലയാളികൾ ഉണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |