ആർ ഡി എക്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയായ ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് "ലിറ്റിൽ ഹാർട്സ്". ജൂൺ ഏഴിനാണ് സിനിമ തീയേറ്ററിലെത്തുന്നത്. ബാബുരാജ്, രഞ്ജി പണിക്കർ ,ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ഐമ സെബാസ്റ്റ്യൻ, രമ്യ സുവി, മാലപാർവതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
ഈ സിനിമയുമായുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷെയ്ൻ നിഗവും, മഹിമയും, ബാബുരാജും അടക്കമുള്ളവർ പങ്കെടുത്ത ഒരു അഭിമുഖം വിവാദമായിക്കൊണ്ടിരിക്കുകയാണ്. ഷെയ്ൻ നിഗം ഉണ്ണിമുകുന്ദനെപ്പറ്റി പറഞ്ഞ ചില കാര്യങ്ങളാണ് വിവാദത്തിന് കാരണമായത്.
തനിക്ക് ഷെയ്ൻ - മഹിമ കോംബോയാണ് ഇഷ്ടമെന്ന് മഹിമ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതുകേട്ട് താൻ മഹി - ഉംഫിയുടെ ആളാണെന്ന് ഷെയ്ൻ പറയുന്നു. ഉംഫിയെന്ന് പറയുന്നത് ഉണ്ണി മുകുന്ദൻ ഫാൻസ് ഇന്ത്യയാണെന്നും നടൻ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതാണ് ചിലർ വിവാദമാക്കിയത്.
ഇപ്പോഴിതാ വീഡിയോ മുഴുവൻ കാണാതെ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം. മഹിയും ഉണ്ണിച്ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നും, ചിലർ തെറ്റായ ദിശയിലേക്ക് വാക്കുകൾ വളച്ചൊടിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.
അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ തന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് വിശദീകരണവുമായി എത്തിയിരിക്കുന്നതെന്ന് നടൻ കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.
പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം...
ഇത് ഷെയിൻ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയും, സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |