SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.53 PM IST

കുറഞ്ഞ സമയത്തിൽ കൂടുതൽ മഴയ്ക്ക് സാദ്ധ്യത,​ മിന്നൽ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാം,​ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽപ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ അറിയിച്ചു.

കേരളത്തിൽ അതിതീവ്ര മഴക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാദ്ധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം . ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല.

ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സംസ്ഥാനത്തൊട്ടാകെ 8 ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

TAGS: HEAVY RAIN, RAIN ALERT, CM, CM PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY