കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസമായി ജില്ലയിലെ മലയോര മേഖലയിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. മഴയിൽ വ്യാപക നാശനഷ്ടവുമുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 24 മണിക്കൂറിനിടെ ജില്ലയിൽ ശരാശരി 354 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ കോഴിക്കോട് സിറ്റിയിൽ ഇത് 80 മില്ലീമീറ്ററും വടകരയിൽ 56.5 മില്ലീ മീറ്ററും കുന്ദമംഗലത്ത് 208.5 മില്ലീമീറ്ററുമാണെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ ഇതുവരെ 240.5 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 291.5 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് തീവ്രമഴ ലഭിച്ച സ്ഥലങ്ങളുടെ പട്ടികയിലാണ് ജില്ല. വരും ദിവസങ്ങളിലും ജില്ലയിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണുളളത്.
പന്തീരാങ്കാവിൽ ദേശീയപാതയുടെ സർവീസ് റോഡും മാവൂരിൽ പഞ്ചായത്ത് റോഡും ഇടിഞ്ഞുതാണു.പന്തീരാങ്കാവിൽ സർവീസ് റോഡിന്റ കൂറ്റൻമതിൽ ജനവാസ കേന്ദ്രത്തിലേക്ക് പതിച്ച് രണ്ട് വീടുകൾക്കും അങ്കണവാടിക്കും കേടുപാട് പറ്റി. കോൺക്രീറ്റ് ഭാഗങ്ങൾ തെറിച്ചുവീണ് ഒരാൾക്ക് പരിക്കേറ്റു. വെള്ളം കയറിയ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിന്റ പ്രവർത്തനം സാധാരണ നിലയിലായി. താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങൾ, വാർഡുകൾ, സ്ത്രീകളുടെ ഐ.സി.യു., അടിയന്തര ശസ്ത്രക്രിയാമുറി, ലി്ര്രഫുകൾ, നിരീക്ഷണമുറി, ഒ.പി.വിഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറിയിരുന്നു.രാത്രി വൈകിയും തുടർന്ന് ശുചീകരണ പ്രവർത്തനത്തിലൂടെ വെള്ളം പൂർണമായും ഒഴുക്കിക്കളഞ്ഞു.
പന്തീരാങ്കാവിൽ ദേശീയപാതയുടെ സർവീസ് റോഡും മാവൂരിൽ പഞ്ചായത്ത് റോഡും ഇടിഞ്ഞുതാണു. ദേശീയപാത 66 ൽ കൊടൽ നടക്കാവ് അങ്കണവാടിക്ക് സമീപം സർവീസ് റോഡിന്റെ ഇരുപതടിയിലധികം ഉയരമുള്ള കോൺക്രീറ്റ് ഭിത്തി തകർന്നുവീണു. കെട്ട് തകർന്ന് സമീപത്തെ മരങ്ങളിലേക്ക് വീണതിനെ തുടർന്ന് ആറോളം വീടുകളും അങ്കണവാടിയും സമീപത്തുള്ള ചിറക്കൽ ക്ഷേത്രത്തിന്റെ മേൽക്കൂരയും തകർന്നു. ഒളവണ്ണയിലെയും പെരുമണ്ണയിലെയും മിക്കയിടങ്ങളിലും വെള്ളം കയറി. മാവൂർ വില്ലേജിൽ തെങ്ങിലക്കടവ് അയംകുളം റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. മാവൂർ തെങ്ങിലക്കടവ് ആയംകുളം റോഡ് ഇടിഞ്ഞു. റോഡ് 30 മീറ്ററോളം പുഴയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. താമരശേരിയിൽ വീടിന്റെ ചുറ്റു മതിലിടിഞ്ഞുവീണ് കാറിന്റെ മുകളിലേക്ക് പതിച്ചു. കുന്ദമംഗലത്ത് പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. ആൾമറ ഉൾപ്പെടെയാണ് ഇടിഞ്ഞുതാഴ്ന്നത്. മാവൂരിലും മലയോര പ്രദേശങ്ങളിലും വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
എകരൂൽ: കരുമല ഉപ്പുംപെട്ടി കിഴക്കേ വളപ്പിൽ ആനൂപിന്റെ വീടിന്റെ അടുക്കളയുടെ പിൻഭാഗത്തെ മതിലിടിഞ്ഞ് പൂർണമായും തകർന്നു. കിഴക്കേ വളപ്പിൽ കാർത്ത്യായനിയുടെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീട് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കരുമല പൂക്കാട്ട് മീത്തൽ സുരേഷിന്റെ പിൻവശത്തെ മതിലിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. കരുമലക്കുന്നുമ്മൽ രാമചന്ദ്രന്റെ വീടിനോട് ചേർന്നുള്ള മതിലും ഇടിഞ്ഞുവീണു. തേനാക്കുഴി ശിവപുരം എസ്.എം.എം. എ.യു.പി. സ്കൂളിന്റെ ചുറ്റുമതിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നുവീണു. ഏഴു കുളത്ത് 46 കുടുംബങ്ങളെ ഏഴുകുളം മദ്രസ, പി.സി. സ്ക്കൂൾ നന്മണ്ട, സരസ്വതി വിദ്യാമന്ദിർ നന്മണ്ട തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തേനാക്കുഴി എം.എം. ഗണേശന്റെ വീടിനോട് ചേർന്ന കെട്ടുകൾ നിലംപൊത്തി വൻ നഷ്ടമുണ്ടായി. വട്ടോളി ബസാർ ആലൊത്തൊടി വയലിൽ വെള്ളം കയറി നിരവധി കുടുംബ ങ്ങളെ മാറ്റിപ്പാർപ്പിച്ചു.തേനാക്കുഴി പൊയിലിൽ ഭാസ്കരന്റെയും മുച്ചിലോട്ട് കേളുക്കുട്ടിയുടെയും വീടുകളിൽ വെള്ളം കയറി. എകരൂൽ അങ്ങാടിയിലെ കടകൾ മിക്കതും വെള്ളത്തിൽ മുങ്ങി. അശാസ്ത്രീയമായ അഴുക്കുചാൽ നിർമ്മാണമാണ് കടകളിൽ വെള്ളം കയറാൻ കാരണമെന്നാരോപിച്ച് വ്യാപാരികൾ റോഡ് ഉപരോധിച്ചു. ബാലുശ്ശേരി ടൗണും വീവേഴ്സ് കോളനിയും വെള്ളത്തിൽ മുങ്ങി. പല കടകളിലും വെള്ളം കയറി.
കുന്ദമംഗലം: മേലെ കുരിക്കത്തൂരിലെ പൊതുകിണർ ആൾമറ അടക്കം താഴ്ന്നു. തൊട്ടടുത്തുള്ള ലോമാസ്റ്റ് ലൈറ്റിനും പമ്പ് ഹൗസിനും ഭീഷണിയായിരിക്കുകയാണ്.
തിരുവമ്പാടി: തിരുവമ്പാടിയിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിൽ ഓമശ്ശേരി തിരുവമ്പാടി റോഡിലെ പി.സി മുക്ക് ഇറക്കത്തിൽ ഇരു സൈഡുകളിലുമായി ഇട്ടിരുന്ന മെറ്റലും കല്ലുകളും റോഡിൽ പരന്നൊഴുകി.ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്ക് റോഡിലൂടെ കടന്നപോകാൻ ഏറെ ദുഷ്കരമായി. ഫോറസ് പ്ലാസയ്ക്ക് മുന്നിലൂടെയും ഇതേ രീതിയിൽ മെറ്റലും മണ്ണും പരന്നൊഴുകി. കഴിഞ്ഞദിവസം പെയ്ത മഴയിലും ഇതേ രീതിയിൽ പി സി മുക്കിൽ റോഡിലൂടെ ഒഴുകിയ മെറ്റലും കല്ലും മിനി ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.
കുറ്റിയാടി: യത്തീയാന പരിസരം, കുറ്റിയാടി ഗവ.ആശുപത്രിയുടെ മുൻവശം, തൊട്ടിൽ പാലം റോഡ് എന്നിവ വെള്ളത്തിൽ മുങ്ങി. അശാസ്ത്രീയ റോഡ് നിർമ്മാണമാണ് ടൗണിലെ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ടൗൺ നവീകരണം പൂർത്തിയായിട്ടില്ല.
നാദാപുരം: കനത്ത മഴയിൽ തൂണേരി തണൽ ബസ് സ്റ്റോപ്പിന് സമീപത്തെ ഫാമിലി സൂപ്പർ മാർക്കറ്റിന്റെ മതിൽ ഇടിഞ്ഞു. ആറ് മീറ്ററോളം ഉയരമുള്ള മതിലിന്റെ 50 മീറ്ററോളം ഭാഗമാണ് തകർന്നത്.
നന്മണ്ട: എഴുകുളം വയലിൽ കാഞ്ഞാവിൽ ഭാഗത്ത് വെള്ളം കയറി 15 കുടുംബങ്ങളെ സമീപത്തെ മദ്രസയിലേക്ക് മാറ്റി.
അടിയന്തര നടപടി സ്വീകരിക്കണം: എം.കെ രാഘവൻ എം.പി
കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് ബൈപ്പാസിലുടനീളം സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.കെ.രാഘവൻ എം.പി ആവശ്യപ്പെട്ടു. പന്തീരാങ്കാവിൽ ദേശീയപാതയുടെ സർവീസ് റോഡിലെ സംരക്ഷണ ഭിത്തി തകർന്ന് വീണു നാശനഷ്ടം സംഭവിച്ച വീട്ടുടമസ്ഥർക്ക് വീട് പുനർനിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ കരാർ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാവണം. പരിക്കുപറ്റി ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |