ലണ്ടൻ : ഇക്കൊല്ലത്തെ ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരത്തിന് ജർമ്മൻ എഴുത്തുകാരി ജെന്നി എർപൻബെക്കിന്റെ ' കയ്‌റോസ് ' എന്ന നോവൽ അർഹമായി. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ ഇതര ഭാഷാകൃതികൾക്കുള്ള ഇന്റർനാഷണൽ ബുക്കർ നേടുന്ന ആദ്യ ജർമ്മൻകാരിയാണ് എർപൻബെക്ക്.
ജർമ്മൻ കവിയും വിവർത്തകനുമായ മൈക്കൽ ഹോഫ്‌മൻ ആണ് നോവൽ പരിഭാഷപ്പെടുത്തിയത്. ഒരു പുരുഷ പരിഭാഷകന് പുരസ്കാരം ലഭിക്കുന്നത് ആദ്യമായാണ്. സമ്മാനത്തുകയായ 50,000 പൗണ്ട് ( 53,02,800 രൂപ) ഇരുവരും പങ്കിടും. 1986ൽ ഈസ്റ്റ് ബെർലിനിൽ ഒരു ബസിൽ കണ്ടുമുട്ടുന്ന 19കാരിയായ വിദ്യാർത്ഥിനിയും 50കാരനായ വിവാഹിതനും തമ്മിലെ സങ്കീർണമായ പ്രണയമാണ് കയ്‌റോസിന്റെ പശ്ചാത്തലം.
ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് ജർമ്മനിയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന നോവലിനെ വിധികർത്താക്കൾ തിരഞ്ഞെടുത്തത്.
സ്വാതന്ത്ര്യം, വിശ്വാസം, സ്‌നേഹം, അധികാരം എന്നിവയെക്കുറിച്ച് കയ്‌റോസിലൂടെ എർപൻബെക്ക് ഉയർത്തുന്ന സങ്കീർണ്ണമായ ചോദ്യങ്ങൾ പ്രശംസനേടി.
ബെർലിനിൽ ജനിച്ച 57കാരിയായ എർപൻബെക്ക് ഓപ്പറ സംവിധായികയിൽ നിന്നാണ് നോവലുകളുടെ ലോകത്തേക്ക് എത്തിയത്. ദ എൻഡ് ഒഫ് ദ ഡേ (2014), ഗോ വെന്റ് ഗോൺ (2017) എന്നിവയാണ് ശ്രദ്ധനേടിയ മറ്റ് രചനകൾ. ഗോ വെന്റ് ഗോൺ 2018ലെ ഇന്റർനാഷണൽ ബുക്കർ പുരസ്കാരത്തിനുള്ള ലോംഗ് ലിസ്റ്റിൽ ഇടംനേടിയിരുന്നു.
ഏറ്റവും മികച്ച രീതിയിൽ ജർമ്മൻ കൃതികളെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്ന വിവർത്തകനായാണ് 66കാരനായ ഹോഫ്‌മൻ അറിയപ്പെടുന്നത്. സാഹിത്യ നിരൂപകൻ കൂടിയായ അദ്ദേഹം ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ പാർട്ട് ടൈം അദ്ധ്യാപകനാണ്. ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്‌പൊഡിനോവിന്റെ ' ടൈം ഷെൽട്ടർ' ആണ് കഴിഞ്ഞ വർഷം പുരസ്കാരം നേടിയത്.
ഇന്റർനാഷണൽ ബുക്കർ
ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന ഫിക്ഷൻ രചനകളാണ് ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. വിഖ്യാതമായ ' ബുക്കർ' സമ്മാനത്തിന് അനുബന്ധമായി 2005ലാണ് ഇന്റർനാഷണൽ ബുക്കർ ആരംഭിച്ചത്. ഇംഗ്ലീഷിൽ രചിച്ച് യു.കെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന മികച്ച കൃതികൾക്കാണ് ബുക്കർ സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |