പാരീസ്: പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിലൂടെ ആഗോള വേദിയിൽ ശ്രദ്ധനേടി മലയാളി നടി കനി കുസൃതി. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ തണ്ണിമത്തന്റെ ആകൃതിയിലെ ചെറു ഹാൻഡ് ബാഗുമായെത്തിയാണ് കനി തന്റെ നിലപാട് ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്. പാലസ്തീനികൾക്കുള്ള ഐക്യദാർഢ്യത്തിന്റെ അന്താരാഷ്ട്ര പ്രതീകമാണ് തണ്ണിമത്തൻ. ഇന്നലെ ' ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് " എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിന് മുന്നോടിയായി റെഡ് കാർപ്പറ്റിൽ ചുവടുവച്ചപ്പോൾ കനി തന്റെ ബാഗ് ഉയർത്തിക്കാട്ടുകയായിരുന്നു. ഇതോടെ നിരവധി പേർ കനിയെ പ്രശംസിച്ച് രംഗത്തെത്തി. കനിയും നടി ദിവ്യപ്രഭയും നായികമാരായി എത്തിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് മികച്ച സിനിമയ്ക്കുള്ള പാം ഡി ഓർ പുരസ്കാരത്തിനായി മത്സരിക്കുന്നുണ്ട്. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മലയാളം, ഹിന്ദി ദ്വിഭാഷാ ചിത്രമായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ സംവിധാനം പായൽ കപാഡിയ ആണ്. പായലിനൊപ്പം കനിയും ദിവ്യയും സഹതാരങ്ങളും കാൻ റെഡ് കാർപ്പറ്റിൽ മാത്രമല്ല അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും ചർച്ചയായി കഴിഞ്ഞു. ചിത്രത്തെ പ്രശംസിച്ച് നിരവധി വിദേശ മാദ്ധ്യമങ്ങൾ രംഗത്തെത്തി. ചിത്രം പുരസ്കാരം നേടുമെന്നാണ് പ്രതീക്ഷ. എട്ട് മിനിറ്റ് നീണ്ട കൈയടിയോടെയാണ് കാനിലെ സദസ് ചിത്രത്തെ സ്വീകരിച്ചത്.
അതിനിടെ, വിഖ്യാതമായ പിയർ ആഞ്ചനോ ബഹുമതി ദേശീയ പുരസ്കാര ജേതാവായ ഛായാഗ്രഹകൻ സന്തോഷ് ശിവൻ ഏറ്റുവാങ്ങി. ഇന്ത്യൻ സമയം ഇന്നലെ രാത്രി വൈകിയായിരുന്നു ചടങ്ങ്. കാൻ ഫിലിംഫെസ്റ്റിവലിനോടനുബന്ധിച്ച് ലോകത്തെ ഏറ്റവും മികച്ച ഛായാഗ്രാഹകരെ ആദരിക്കുന്നതിനായി നൽകിവരുന്നതാണിത്. റെഡ് കാർപ്പറ്റ് വരവേൽപ്പിന് ശേഷമായിരുന്നു പുരസ്കാര സമർപ്പണം. ബഹുമതിക്ക് അർഹനാകുന്ന ആദ്യ ഏഷ്യൻ ഛായാഗ്രാഹകനാണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |