ന്യൂഡൽഹി: സ്ത്രീ യാത്രക്കാർക്ക് പുത്തൻ സംവിധാനമൊരുക്കി ഇൻഡിഗോ. യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തൊട്ടടുത്ത സീറ്റിലുളളത് സ്ത്രീയാണോ പുരുഷനാണോ എന്നറിയുന്നതിനുളള സംവിധാനമാണ് ഇൻഡിഗോ സ്ത്രീകൾക്കായി ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്കും സംതൃപ്തിക്കും വേണ്ടിയെന്നാണ് ഇൻഡിഗോ അറിയിച്ചു.
അടുത്തിടെ വിമാനങ്ങളിൽ സ്ത്രീകൾ നേരിട്ട ചില അനിഷ്ഠ സംഭവങ്ങളെ തുടർന്നാണ് പുതിയ മാറ്റമെന്ന് ഇൻഡിഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ എയർഇന്ത്യാ വിമാനത്തിൽ യാത്ര ചെയ്ത ഒരു യുവാവ് തൊട്ടടുത്ത സീറ്റിലിരുന്ന മുതിർന്ന സ്ത്രീക്കുനേരെ മൂത്രമൊഴിച്ചതും ജൂലായിൽ ഒരു പ്രൊഫസർ ഡൽഹിയിൽ നിന്നും മുംബയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവവും വാർത്തയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച ബഡ്ജറ്റ് എയർലൈനുകളിൽ ഒന്നാണ് ഇൻഡിഗോ.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിക് ഏവിയേഷൻ 2023ൽ പുറത്തുവിട്ട കണക്കുപ്രകാരം ഇൻഡിഗോയുടെ ആഭ്യന്തര വിപണി വിഹിതം 60.5 ശതമാനമാണ്. ഇതോടെ രാജ്യത്തെ പ്രധാന വിമാനകമ്പനികളിൽ ഒന്നായി ഇൻഡിഗോ മാറിയിട്ടുണ്ട്.
അതേസമയം, ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. പരിശോധനയിൽ സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും അന്വേഷണം തുടരുകയാണ്. കൂടുതൽ പരിശോധനയ്ക്കായി വിമാനം വിമാനത്താവളത്തിലെ ഐസൊലേഷൻ ബേയിലേക്ക് മാറ്റിയിട്ടുണ്ട്.
ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ 5.35ന് പുറപ്പെടാനിരുന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയതോടെ പൈലറ്റ് നടത്തിയ തെരച്ചിലിൽ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ നിന്ന് ബോംബ് സ്‌ഫോടനം അറ്റ് 30 മിനിട്ട് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തി. തുടർന്ന് പുറപ്പെടാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ വിവരം അധികൃതരെ അറിയിക്കുകയും അടിയന്തരമായി യാത്രക്കാരെയും ജീവനക്കാരെയും എമർജൻസി എക്‌സിറ്റ് വഴി ഒഴിപ്പിക്കുകയുമായിരുന്നു. 176 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വ്യോമയാന സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് നിർവീര്യമാക്കുന്ന സംഘവും പരിശോധന നടത്തിയിരുന്നു. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് മറ്റൊരു വിമാനം ക്രമീകരിച്ചതായി ഇൻഡിഗോ പ്രസ്താവന പുറത്തിറക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും അറിയിച്ചു.ഈ മാസം ആദ്യം, ഡൽഹി വിമാനത്താവളത്തിലെ എയർ ഇന്ത്യ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ നിന്ന് ബോംബ് എന്നെഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തിയിരുന്നു, എന്നാൽ അത് വ്യാജമാണെന്ന് തെളിഞ്ഞു. മേയ് 15 ന് വഡോദരയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിലും സമാന സംഭവം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |