തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടിംഗ് നാളെ അവസാനിക്കുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങളും വന്നുതുടങ്ങും. അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ തങ്ങൾക്ക് എതിരായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ 20 സീറ്റുകളിലും യു.ഡി.എഫാണെന്നും സി.പി.എമ്മിന് പൂജ്യം ആണെന്നും എക്സിറ്റ് പോൾ ഫലം ഫന്നാലും ഒരു പ്രശ്നവുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. കേരളത്തിലെ മാദ്ധ്യമ ശൃംഖലയും അതുമായി ബന്ധപ്പെട്ട എക്സിറ്റ് പോളും അങ്ങനെ ആയിപ്പോയെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ സി.പി.എം സർക്കാരിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഇല്ലാത്തൊരു കാര്യത്തെകുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഇന്ത്യ മുന്നണി വന്നുകഴിഞ്ഞാൽ അപ്പോൾ ആലോചിക്കാം. മന്ത്രിസ്ഥാനത്തിനായി ഇപ്പോഴേ കുപ്പായം തുന്നിവയ്ക്കുന്നവരല്ല ഇടതുപക്ഷക്കാരെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും എം വി ഗോവിന്ദൻ രൂക്ഷവിമർശനമാണ് നടത്തിയത്.'പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ ജയിലിൽ അടച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ബിജെപി ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. സമനില തെറ്റിയ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയത്. എന്നിട്ടും മോദി ഗ്യാരന്റി പോലുള്ള ചെപ്പടി വിദ്യ പോലും ജനം ഉൾക്കൊണ്ടില്ല. രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച അദ്ദേഹം പച്ചയായ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചു. ദൈവത്തിന്റെ നേരവകാശി ആണെന്ന പ്രഖ്യാപനം വരെ നടത്തി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ചാലും അതിശയമില്ല. ഇപ്പോൾ വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്ന നരേന്ദ്ര മോദി താൻ തന്നെ ദൈവം എന്ന് പറയുമോ? രാഷ്ട്രീയം ഇതുപോലെ അധ:പതിപ്പിച്ച മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |