ആദ്യ വനിതാ ഡയറക്ടർ
തിരുവനന്തപുരം:കേരള കാലവസ്ഥ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി നീത കെ.ഗോപാൽ ചുമലയേറ്റു. ആദ്യ വനിതാ ഡയറക്ടറാണ്. ഇന്നലെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ചുമതലയേറ്റു. കെ.സന്തോഷ് വിരമിച്ച ഒഴിവിലാണ് നിയമനം.
കൊച്ചി കാലാവസ്ഥാ കേന്ദ്രത്തിന്റെയും അവിടത്തെ ഡോപ്ളർ റഡാർ സ്റ്റേഷന്റെയും മേധാവിയായിരിക്കെയാണ് ഡയറക്ടറാവുന്നത്.
2000ത്തിലാണ് തൊടുപുഴ ആനക്കയം സ്വദേശി നീത കെ. ഗോപാൽ പൂനെ കാലാവസ്ഥാ സ്റ്റേഷനിൽ ശാസ്ത്രജ്ഞയായി ചേരുന്നത്.
കൊച്ചിൻ സർവ്വകലാശായിൽ നിന്ന് കാലാവസ്ഥാ ശാസ്ത്രത്തിൽ ബിരുദ്ധാനന്തര ബിരുദം നേടി. കാലാവസ്ഥാ പ്രവചനത്തിലായിരുന്നു വിദഗ്ദ്ധ പഠനം. 2020ൽ കൊച്ചി സ്റ്റേഷന്റെ മേധാവിയായി. ഏവിയേഷൻ,ചുഴലിക്കാറ്റ് മുന്നറിയിപ്പ് ,കാലാവസ്ഥാ നിരീക്ഷണം എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ലോകത്തെ കടലോര കാലാവസ്ഥാ പഠനത്തിന്റെ ഇന്ത്യൻ നോഡൽ ഓഫീസറുമാണ്. ഡൽഹി കേന്ദ്രത്തിലെ ഇൻഫർമേഷൻ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിശീലകയായും ജോലി ചെയ്തു. ബ്രിഗേഡിയറായി വിരമിച്ച മോഹനൻ പിള്ളയാണ് ഭർത്താവ്.
കാലാവസ്ഥാ പ്രവചനം ആധുനികമായി
രാജ്യത്തെ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ ആധുനികവത്കരിച്ചെന്ന് നീത കെ. ഗോപാൽ കേരള കൗമുദിയോട് പറഞ്ഞു. വലിയ മാറ്റമാണ് നിരീക്ഷണത്തിലും പ്രവചനത്തിലും. രാജ്യത്തിന്റെ മുക്കാൽ പ്രദേശങ്ങളിലും റഡാർ വഴി കാലാവസ്ഥ നിരീക്ഷിക്കാം. മഴയും ചുഴലിക്കാറ്റും വളരെ വേഗം തിരിച്ചറിയാനുള്ള സാങ്കേതിക പുരോഗതി വന്നു. പുതിയ ചുമതലയിൽ സന്തോഷമുണ്ടെന്നും കഴിയുന്ന എല്ലാ സേവനങ്ങളും ചെയ്യുമെന്നും നീത കെ. ഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |