ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരാനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അടുത്ത കാലത്തായി മാദ്ധ്യമങ്ങളിൽ നിറയുകയാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന ഇളയ മകൻ അനന്ത് അംബാനിയുടെയുടെ പ്രീ വെഡ്ഡിംഗ് പാർട്ടി ലോകം മുഴുവൻ ചർച്ചയായിരുന്നു. ലോകത്തിലെ ശതകോടീശ്വരന്മാർ അടക്കം പങ്കെടുത്ത വിവാഹപാർട്ടി ഗുജറാത്തിലെ ജാംനഗറിൽ വച്ചായിരുന്നു നടന്നത്. മാസങ്ങൾക്കിപ്പുറം ഇരുവരുടെയും രണ്ടാമത്തെ വിവാഹപാർട്ടിയുടെ തിരക്കിലാണ് കുടുംബം.
ഇറ്റലിയിൽ നിന്നും ഫ്രാൻസിലേക്ക് സഞ്ചരിക്കുന്ന ഒരു ആഡംബര ക്രൂയിസ് കപ്പലിലാണ് വിവാഹപാർട്ടി. പാർട്ടിയിൽ പങ്കെടുക്കുന്ന പ്രമുഖരെക്കുറിച്ചുള്ള ചർച്ചകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. അനന്തിന്റെ വിവാഹത്തിന് വേണ്ടി മാത്രം അംബാനി കുടുംബം 1260 കോടി രൂപയാണ് ചെലവാക്കുന്നത്. ഇതോടെ ബിസിനസ് ലോകത്തടക്കം പലതരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു.
ഇത്രയും കോടിക്കണക്കിന് രൂപ ചെലവഴിച്ച് എന്തിനാണ് അംബാനി കുടുംബം വിവാഹം നടത്തുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ഇതോടൊപ്പം മറ്റ് മക്കളുടെ വിവാഹത്തിന് അംബാനി കുടുംബം എത്ര രൂപ ചെലവഴിച്ചെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.
അംബാനി കുടുംബം
ഇന്ത്യയിലെ ഏറ്റവും ധനികരായ കുടുംബങ്ങളിൽ ഒന്നാണ് അംബാനിയുടേത്. ബിസിനസ് മേഖലയിൽ വളർച്ച കൈവരിക്കുമ്പോഴും ചാരിറ്റി പ്രവർത്തനങ്ങൾ മറക്കാത്ത വ്യവസായികളിൽ ഒരാൾ കൂടിയാണ് മുകേഷ് അംബാനി. ഭാര്യ ഇഷ അംബാനിയുടെ നേതൃത്വത്തിലാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതാദ്യമായല്ല അംബാനി കുടുംബത്തിൽ ഇത്രയും ആഡംബരത്തിൽ വിവാഹം നടക്കുന്നത്. മൂത്ത മക്കളായ ആകാശിന്റെയും ഇഷയുടെയും വിവാഹം വാർത്തകളിൽ ഇടം നേടിയിരുന്നു.
മക്കളുടെ വിവാഹത്തിന് ചെലവഴിച്ച തുക
2018ൽ ആയിരുന്നു ഇഷ അംബാനിയുടെയും അനന്ത് പിരാമലും തമ്മിലുള്ള വിവാഹം. ജിക്യു റിപ്പോർട്ട് പുറത്തുവിട്ടതനുസരിച്ച് 830 കോടി രൂപയാണ് ഇഷയുടെ വിവാഹത്തിന് വേണ്ടി ചെലവായത്. ഒരു വിവഹക്ഷണക്കത്തിന് മാത്രം മൂന്ന് ലക്ഷം രൂപ ചെലവിട്ടെന്നാണ് വിവരം. അമേരിക്കൻ ഗായികയായ ബിയോൻസിന്റെ പ്രത്യേക ഷോയും വിവാഹത്തിന്റെ പ്രത്യേകതയായിരുന്നു. ഈ ഷോയ്ക്ക് മാത്രമായി 33- മുതൽ 50 കോടി വരെ ചെലവഴിച്ചെന്നാണ് റിപ്പോർട്ട്. ഇഷയുടെ പ്രീ വെഡ്ഡിംഗ് പാർട്ടി നടന്നത് ഉദയ്പൂരിൽ വച്ചായിരുന്നു. എന്നാൽ വിവാഹം മുംബയിലെ വസതി അന്റീലിയയിൽ വച്ചായിരുന്നു. പ്രിയങ്ക ചോപ്ര, ഹിലരി ക്ലിന്റൺ, അരിയാന ഹഫിംഗ്ടൺ തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
മൂത്തമകൻ ആകാശ് അംബാനിയും ശ്ലോക മേത്തയും തമ്മിലുള്ള വിവാഹം 2019ൽ ആയിരുന്നു നടന്നത്. വിവാഹത്തിന്റെ ചെലവിനെക്കുറിച്ചുള്ള കണക്കുകൾ പുറത്തുവന്നിട്ടില്ല. മുംബയിൽ മൂന്ന് ദിവസം നീളുന്ന വിവാഹ പാർട്ടിയായിരുന്നു നടന്നത്. ഒരു വിവാഹ ക്ഷണക്കത്തിന് മാത്രം 1.5 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ലക്ഷ്മി മിത്തൽ തുടങ്ങിയ പ്രമുഖർ വിവാഹപ്പാർട്ടിയിൽ പങ്കെടുത്തു.
മാസങ്ങൾക്ക് മുമ്പായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് പാർട്ടി ഗുജറാത്തിലെ ജാംനഗറിൽ നടന്നത്. ഏകദേശം 1260 കോടി രൂപയാണ് ഈ പാർട്ടിക്ക് വേണ്ടി ചെലവാക്കിയത്. ഈ വർഷം മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് പരിപാടി നടന്നത്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ഇവാൻക ട്രംപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ രണ്ടാമത്തെ പ്രീ വെഡ്ഡിംഗ് പാർട്ടിയാണ് ഇറ്റലിയിലെ ക്രൂയിസ് കപ്പലിൽ നടക്കുന്നത്.
മുകേഷിന്റേത് സിംപിൾ കല്യാണം
1984ൽ വളരെ ലളിതമായിട്ടായിരുന്നു മുകേഷ് അംബാനിയുടെ വിവാഹം നടന്നത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച നിത മുകേഷുമായുള്ള വിവാഹത്തിന് മുമ്പ് അദ്ധ്യാപികയായി ജോലി നോക്കുകയായിരുന്നു. രവീന്ദ്രഭായിയുടെയും പൂർണിമ ദലാലിന്റെയും മകളായി ജനിച്ച നിത ഒരു നർത്തകി കൂടിയായിരുന്നു. ഒരു സ്‌കൂളിൽ പഠിപ്പിക്കുന്നതിനിടെയാണ് നിത മുകേഷ് അംബാനിയെ പരിചയപ്പെടുന്നത്. ഒരിക്കൽ നിത അംബാനിയുടെ നൃത്തം പിതാവ് ധിരുബായി അംബാനി കൂടി കണ്ടതോടെ വിവാഹത്തിന് സമ്മതിക്കുകായിരുന്നു. വിവാഹത്തിന് ശേഷം വർഷങ്ങളോളം നിത സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |