SignIn
Kerala Kaumudi Online
Monday, 24 June 2024 2.36 AM IST

വാങ്ങുന്നവർക്കോ വിൽക്കുന്നവർക്കോ ഇതിന്റെ പ്രത്യാഘാതം അറിയില്ല, നഴ്‌സറികളിൽ നിന്ന് ചെടി വാങ്ങുന്നവർ അറിയാൻ

nursary

ലോകപരിസ്ഥിതി ദിനമാണ് ഇന്നലെ കടന്നുപോയത്. മരം ഒരു വരം എന്ന കാഴ്‌ചപ്പാട് ഉൾക്കൊണ്ട് കൊണ്ട് നിരവധി സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ചെടികൾ നട്ടുപിടിപ്പിക്കുകയുണ്ടായി. നടൻ മോഹൻലാൽ അടക്കം ഇതിൽ പങ്കാളിയാവുകയും ചെയ‌്‌തു.

മരം നടുന്നത് മാത്രമല്ല പിഴുതെടുക്കുന്നതും പരിസ്ഥിതി പ്രവർത്തനം ആകാം എന്ന് പറയുകയാണ് ഐക്യരാഷ്‌ട്രസഭയിലെ ദുരന്തനിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി. കേരളത്തിൽ അധിനിവേശ സസ്യങ്ങൾ കാടുപോലെ പടർന്ന് പന്തലിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പോരാത്തതിന് കോവിഡാനന്തരം കൂണുപോലെ മുളക്കുന്ന നഴ്‌സറികളിലും ഓൺലൈൻ നഴ്‌സറികളും വഴി ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുപോലുമുള്ള അധിനിവേശ സസ്യങ്ങൾ നമ്മൾ അലങ്കാരച്ചെടികളായി വച്ചുപിടിപ്പിക്കുന്നു. വാങ്ങുന്നവർക്കോ വിൽക്കുന്നവർക്കോ ഇതിന്റെ പ്രത്യാഘാതത്തെ പറ്റി ഒരറിവും ഇല്ല. നാളത്തെ കേരളത്തിലെ ഒരു പ്രധാന പരിസ്ഥിതി പ്രശ്നം, പാടത്തും പറമ്പിലും ടെറസ്സിലും അക്വേറിയം മുതൽ കായൽ വരെയുള്ള ആവാസ വ്യവസ്ഥകളിലും കടന്നു കയറുന്ന അധിനിവേശ സസ്യങ്ങളും ജീവികളും ആകുമെന്നും തുമ്മാരുകുടി പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം-

''മരം പിഴുതെടുക്കുന്നതും പരിസ്ഥിതി പ്രവർത്തനം ആകാം

ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. Land Restoration, Desertification, and Drought Resilience ആണ് ഈ വർഷത്തെ മുഖ്യ വിഷയം. പ്രധാന ആഘോഷങ്ങൾ സൗദി അറേബിയയിലെ റിയാദിൽ ആണ്. അതിൽ പങ്കെടുക്കാൻ കൂടിയാണ് ഇന്ന് റിയാദിൽ എത്തിയിരിക്കുന്നത്.

ലോകത്തെവിടെയും പരിസ്ഥിതി ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. ചർച്ചകൾ, വെബ്ബിനാർ, പരിസ്ഥിതി സിനിമാ പ്രദർശനം, പെയിന്റിംഗ് മത്സരങ്ങൾ ഓകെ ആയി. ഏറ്റവും കൂടുതൽ നടക്കുന്നത് മരം നടൽ തന്നെയാണ്. കേരളത്തിലും ഓരോ പരിസ്ഥിതി ദിനത്തിലും മരങ്ങൾ നടുന്ന പദ്ധതികൾ കാലാകാലമായി ആചാരം പോലെ നടക്കുന്ന ഒന്നാണ്.

കഴിഞ്ഞ ദിവസം ഹരിയുമായി സംസാരിക്കുന്പോൾ എന്തെല്ലാമാണ് ലാൻഡ് റെസ്റ്റോറേഷൻ എന്ന വിഷയത്തിൽ കേരളത്തിൽ ചെയ്യാൻ പറ്റുന്നത് എന്ന ചോദ്യം വന്നു. ലോകത്തെ മറ്റുള്ള പ്രദേശങ്ങളെപ്പോലെ അല്ലാത്ത, ഇന്ത്യയിലെ പോലും മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. വീട് വെക്കാനും കൃഷിക്കും കാലിവളർത്തലിനും വ്യവസായങ്ങൾക്കും എല്ലാമായി കൂടുതൽ സ്ഥലങ്ങൾ, വനം ഉൾപ്പടെ, വെട്ടിപ്പിടിക്കുന്നതും വെളുപ്പിക്കുന്നതും എല്ലാമാണ് ലോകത്ത് കൂടുതൽ കാണുന്നത്.

കേരളത്തിൽ ആകട്ടെ ഓരോ വർഷവും കൃഷി കുറഞ്ഞുവരുന്നു. പല പ്രദേശങ്ങളിൽ നിന്നും ആളുകൾ നഗരങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നു. വീടിനടുത്തുള്ള കൃഷിഭൂമി പോലും മനുഷ്യൻ ഒന്നും ചെയ്യാതെ കാടും പടലും കടന്നു കയറുന്നു. പ്രകൃതിയുടെ ഈ തിരിച്ചുവരവിനെ നമ്മൾ ശാസ്ത്രീയമായി ശ്രദ്ധിക്കുന്നില്ല. തിരിച്ചുവരവിൽ മുന്നിൽ നിൽക്കുന്നത് അധിനിവേശ സസ്യങ്ങളാണ്. നമ്മുടെ ചുറ്റും രാക്ഷസക്കൊന്നയും ധൃതരാഷ്ട്ര പച്ചയും ഒക്കെയായി അധിനിവേശ സസ്യങ്ങൾ അനവധി ഉണ്ട്.

പോരാത്തതിന് കോവിഡാനന്തരം കൂണുപോലെ മുളക്കുന്ന നേഴ്സറികളിലും ഓൺലൈൻ നഴ്‌സറികളും വഴി ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുപോലുമുള്ള അധിനിവേശ സസ്യങ്ങൾ നമ്മൾ അലങ്കാരച്ചെടികളായി വെച്ചുപിടിപ്പിക്കുന്നു. ഇത് വാങ്ങുന്നവർക്കോ വിൽക്കുന്നവർക്കോ ഇതിന്റെ പ്രത്യാഘാതത്തെ പറ്റി ഒരറിവും ഇല്ല.

നാളത്തെ കേരളത്തിലെ ഒരു പ്രധാന പരിസ്ഥിതി പ്രശ്നം, പാടത്തും പറന്പിലും ടെറസ്സിലും അക്വേറിയം മുതൽ കായൽ വരെയുള്ള ആവാസ വ്യവസ്ഥകളിലും കടന്നു കയറുന്ന അധിനിവേശ സസ്യങ്ങളും ജീവികളും ആകും. ഇതിനെപറ്റി നമ്മുടെ ആളുകളെ, നേഴ്സറികളെ, ഉദ്യോഗസ്ഥരെ എല്ലാം കൂടുതൽ ബോധവൽക്കരിക്കാൻ സമയമായി.

ഇക്കാര്യത്തിൽ കൂടുതൽ നയങ്ങൾ, നിയമങ്ങൾ പദ്ധതികൾ ഉണ്ടാക്കേണ്ട സമയം കഴിഞ്ഞു.

ചിലപ്പോഴെങ്കിലും മരംവെച്ച് പിടിപ്പിക്കുന്നതല്ല, അധിനിവേശ സസ്യങ്ങൾ പിഴുതുമാറ്റുന്നതാണ് ശരിയായ പരിസ്ഥിതി പ്രവർത്തനം എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

ഈ വിഷയങ്ങൾ ഉൾപ്പെട്ട വളരെ വിശദമായ ഇന്റർവ്യൂ ആണ്. അല്പം നീണ്ടതാണെങ്കിലും കണ്ടാൽ നഷ്ടം വരില്ല''.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLANTATION, PLANT NURSURY, MURALEE THUMMARUKUDY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.