SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.13 AM IST

മോദിയെക്കൊണ്ട് 400 സീറ്റ് മോഹിപ്പിച്ച 'അയോദ്ധ്യ'; രാമക്ഷേത്രം മാത്രം വോട്ടാകില്ല, ബിജെപിയുടെ തോൽവിയും അഞ്ച് കാരണങ്ങളും

bjp-

ലക്നൗ: ഉത്തർപ്രദേശിലെ അയോദ്ധ്യ, ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് രാമക്ഷേത്രം പണിതത് ബിജെപി വലിയൊരു രാഷ്ട്രീയ നേട്ടമായാണ് കരുതിയത്. പണി തീരും മുമ്പ് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നെന്ന് ആക്ഷേപവും പിന്നാലെ ഉയർന്നിരുന്നു. രാമനും അയോദ്ധ്യയും ശ്രദ്ധാകേന്ദ്രമായ ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലം നഷ്ടമായത് ഓർക്കാപ്പുറത്ത് ഏറ്റ തിരിച്ചടിയാണ്. രാമക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്ത് അഞ്ച് മാസത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഈ തിരിച്ചടിയെന്നത് ബിജെപിക്ക് പരാജയത്തിന്റെ ആക്കം ഒന്നുകൂടി കൂട്ടി.

2014 മുതൽ മണ്ഡലത്തിലെ എംപി സ്ഥാനം അലങ്കരിച്ച ലല്ലു സിംഗിനെയാണ് സമാജ്‌വാദി പാർട്ടി നേതാവ് അവധേഷ് പ്രസാദ് 54,567 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. മണ്ഡലത്തിൽ മാത്രമല്ല, യുപിയിൽ ആകെ ബിജെപിക്ക് തിരിച്ചടി നൽകുന്ന തോൽവിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 2019ൽ 62 സീറ്റുകളും നേടിയ ബിജെപിക്ക് ഇത്തവണ യുപി സമ്മാനിച്ചത് വെറും 33 സീറ്റാണ്. യുപിയിലെ തിരിച്ചടിക്കൊപ്പം പാർട്ടി പരിശോധിക്കുന്ന പ്രധാനപ്പെട്ട തോൽവികളിൽ ഒന്നാണ് അയോദ്ധ്യയിലേത്...അയോദ്ധ്യയിൽ ബിജെപിക്ക് എന്താണ് സംഭവിച്ചത്. പരിശോധിക്കാം...


ഭരണഘടന പൊളിച്ചെഴുതും
എൻഡിഎ സ്ഥാനാർത്ഥിയായ ലല്ലു സിംഗ് നടത്തിയ ഏറ്റവും വിവാദമായ ഒരു പ്രസ്താവന ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഇന്ത്യയുടെ ഭരണഘടന മാറ്റി എഴുതും എന്നായിരുന്നു. വെറും 272 സീറ്റ് ലഭിച്ചാൽ ഭരണഘടനയുടെ ഭേദഗതിയിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചാൽ പുതിയ ഭരണഘടന നിർമ്മിക്കുമെന്നാണ് ലല്ലു സിംഗ് പറഞ്ഞത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ദളിത് വിഭാഗങ്ങളിലടക്കം ആശങ്ക ഉടലെടുക്കാൻ കാരണമായി.

ബിജെപിക്ക് അയോദ്ധ്യ നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഈ പ്രസ്താവനയെന്ന് രാഷ്ട്രീ നിരീക്ഷകർ വിലയിരുത്തുന്നു. ലല്ലു സിംഗിന്റെ പ്രസ്താവന ഇന്ത്യ മുന്നണിക്ക് മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരു ആയുധമായി മാറി. 'ബിആർ അംബേദ്കർ തന്നെ ചെയ്യാൻ ശ്രമിച്ചാലും' ഭരണഘടന മാറ്റാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് ഉറപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പരാമർശം വന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര മണ്ഡലത്തിലുടനീളം ചൂണ്ടിക്കാട്ടി.

bjp

രാമക്ഷേത്രവും ഭൂമി ഏറ്റെടുക്കലും
രാമക്ഷേത്രത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിൽ തന്നെ അയോദ്ധ്യയിൽ ബിജെപി പരാജയം മണത്തിരുന്നു. രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ വീതി കൂട്ടാനും അനുബന്ധ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി 100 വർഷത്തിലേറെയായി അവിടെ താമസിക്കുന്ന നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അവരുടെ സ്വത്തുക്കൾ (കടകൾ, വീടുകൾ) ജില്ലാ ഭരണകൂടത്തിന് കൈമാറാൻ നിർബന്ധിതരായി. ഈ പ്രശ്നം ബിജെപി ഗൗരവമായി എടുത്തില്ല. എന്നാൽ പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ മുഖ്യ ആയുധമായി ഇതിനെ കണ്ടു.

bjp

പ്രാദേശിക വിഷയങ്ങൾ

ഫൈസാബാദിൽ രാമക്ഷേത്രത്തിന് മാത്രമാണ് ബിജെപി പ്രാധാന്യം നൽകിയത്. മണ്ഡലത്തിലെ പ്രാദേശിക വിഷയങ്ങളിൽ ബിജെപി മുഖം തിരിച്ചു. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ ബിജെപി പൂർണമായും പരാജയപ്പെട്ടു. രാമക്ഷേത്രം സ്ഥാപിച്ചാൽ വോട്ടുകൾ പെട്ടിയിലാകുമെന്ന പാർട്ടിയുടെ ധാരണ ജനങ്ങൾ പൊളിച്ച് കയ്യിൽ കൊടുത്തു.

എന്നാൽ പ്രചാരണ വേളയിൽ അയോദ്ധ്യയുടെ ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മുൻഗണന നൽകിയത്. മണ്ഡലത്തിൽ രണ്ട് പൊതുയോഗങ്ങൾ സംഘടിപ്പിച്ചു, ഒന്ന് മിൽകിപൂരിലും മറ്റൊന്ന് ബികാപൂരിലും, ഭൂമി ഏറ്റെടുക്കൽ, നഷ്ടപരിഹാരം, നഗരത്തിലെ സാധാരണക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ഗ്രാമീണ വോട്ടർമാരെ ബോധവൽക്കരിച്ചു. ഇത് എസ്‌പി സ്ഥാനാർത്ഥിക്ക് ജനങ്ങൾക്ക് ഇടയിൽ മതിപ്പ് ലഭിക്കാൻ കാരണമായി.

bjp

എസ്‌പിയുടെ സ്ഥാനാർത്ഥി

മിൽകിപൂർ, സൊഹാവൽ സീറ്റുകളിൽ നിന്ന് ഒമ്പത് തവണ എംഎൽഎയായ ദളിത് നേതാവ് അവധേഷ് പ്രസാദിനെ മത്സരിപ്പിക്കാനുള്ള സമാജ്‌വാദി പാർട്ടിയുടെ തീരുമാനം, ഫൈസാബാദിലെ ദളിതുകളുടെ നിർണായക പിന്തുണ നേടിക്കൊടുത്തു. ഇതോടൊപ്പം ന്യൂനപക്ഷത്തിന്റെ പിന്തുണ കൂടി എസ്‌പിക്ക് ലഭിച്ചതോടെ മണ്ഡലത്തിൽ അവധേഷ് പ്രസാദ് ചരിത്ര വിജയം നേടിയെടുത്തു.

സച്ചിദാനന്ദ് പാണ്ഡെ എന്ന ബ്രാഹ്മണ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള ബഹുജൻ സമാജ് പാർട്ടിയുടെ തീരുമാനവും ബിജെപിക്ക് തിരിച്ചടിയായി. ബിജെപിക്ക് ലഭിക്കേണ്ട പല വോട്ടുകളും സച്ചിദാനന്ദ് പാണ്ഡെയുടെ പെട്ടിയിലും വീണു. 46,000ത്തിലധികം വോട്ടുകളാണ് പാണ്ഡെ നേടിയത്. ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിൽ ഒബിസി 22%, ദളിത് 21%, മുസ്ലീം 19%, താക്കൂർ 6%, ബ്രാഹ്മണർ 18%, വൈശ്യർ 10% എന്നിങ്ങനെയാണുള്ളത്.

പൊളിച്ചെഴുതിയ ജാതി സമവാക്യങ്ങൾ
2014ലെ പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി തരംഗത്തിൽ എസ്പിയുടെ മിത്രസെൻ യാദവിനെ 2.82 ലക്ഷം വോട്ടുകൾക്കാണ് ലല്ലു സിംഗ് പരാജയപ്പെടുത്തിയത്. ബിഎസ്പി 1.41 ലക്ഷം വോട്ടുകൾ നേടി. നാലാം സ്ഥാനത്തെത്തിയ കോൺഗ്രസ് 1.29 ലക്ഷം വോട്ടുകൾ നേടി. എന്നാൽ ഇത്തവണ ദളിത്, ഒബിസി, മുസ്ലീം വോട്ടുകൾ എസ്പിയുടെ പെട്ടിയിൽ വീണു. മണ്ഡലത്തിലുണ്ടായ ജാതി സമവാക്യം പൊളിച്ചെഴുതാൻ എസ്‌പിക്ക് സാധിച്ചതും അനുകൂല ഘടകമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, AYODHYA, LATEST NEWS IN MALAYALAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.