#ജാമ്യാപേക്ഷ ഹൈക്കോടതി
വിധി പറയാൻ മാറ്റി
ന്യൂഡൽഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രതിയാക്കി സി.ബി.ഐ അന്തിമ കുറ്റപത്രം സമർപ്പിച്ചു. കേജ്‌രിവാൾ കോഴയിടപാടിന്റെ മുഖ്യ സൂത്രധാരനാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കി. ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കവെ, ഡൽഹി ഹൈക്കോടതിയെയും ഇക്കാര്യം അറിയിച്ചു. ഇടപാടിലെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഡൽഹി റോസ് അവന്യു കോടതിയിലാണ് ഫയൽ ചെയ്‌തത്. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത തുടങ്ങിയവരെ പ്രതിപട്ടികയിലാക്കി സി.ബി.ഐ അഞ്ച് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. അതേസമയം, സി.ബി.ഐ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി.
കുറ്റപത്രത്തിലെ
കണ്ടെത്തൽ
# 2021 മാർച്ച് 16ന് മദ്യവ്യാപാരിയായ എം. ശ്രീനിവാസുലു റെഡ്‌ഢിയുമായി കൂടിക്കാഴ്ച നടത്തി
# കെ. കവിതയെ കാണാൻ മദ്യവ്യാപാരിയോട് കേജ്‌രിവാൾ നിർദ്ദേശിച്ചു
#എല്ലാ സഹായവും നൽകുമെന്ന് മദ്യവ്യാപാരിക്ക് ഉറപ്പു നൽകി
# കേജ്‌രിവാൾ ആംആദ്മി പാർട്ടിക്ക് വേണ്ടി ഫണ്ട് ആവശ്യപ്പെട്ടു
# സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടിയോളം രൂപ ആംആദ്മി പാർട്ടി നേതാക്കൾക്ക് കിട്ടിയെന്ന് ആരോപണം
വാദംകേൾക്കൽ മാറ്റി
ഇ.ഡി, സി.ബി.ഐ കേസുകളിൽ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് സുപ്രീംകോടതി ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. മറുപടിക്ക് ഇ.ഡി കൂടുതൽ സമയം ചോദിച്ചതിനെ തുടർന്നാണിത്. 16 മാസത്തിലേറെയായി തീഹാർ ജയിലിൽ തുടരുന്ന സിസോദിയ മൂന്നാം തവണയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2023 ഫെബ്രുവരി 26ന് സി.ബി.ഐയും മാർച്ച് ഒൻപതിന് ഇ.ഡിയും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |