കൊരട്ടി: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രവർത്തകർ നടത്തിയ ഭവന സന്ദർശനം ഏകനായി കഴിഞ്ഞ വൃദ്ധന് കാരുണ്യമായി. മക്കളാൽ നോക്കാതെ വീട്ടിൽ ഒറ്റയ്ക്കായ വയോധികനാണ് സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് അംഗവമായ അഡ്വ.കെ.ആർ. സുമേഷിന്റെ ഇടപെടൽ തുണയായത്. മൂന്ന് ദിവസത്തിൽ അധികമായി മല മൂത്ര വിസർജ്യത്തിൽ കഴിഞ്ഞ നാലുക്കെട്ട് സ്വദേശി ആന്തപ്പിളളി രാമൻനായരെയാണ് (84) ചാലക്കുടി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഞ്ച് മക്കൾ ഉള്ള രാമൻ നായരുടെ ഭാര്യ നാലു വർഷം മുമ്പ് മരണമടഞ്ഞതിന് ശേഷം വികലാംഗനായ മകനും രാമൻ നായരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൂത്ത ആൺമക്കൾ സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ ഉപേക്ഷിക്കുകയായിരുന്നു. വികലാംഗനായ മകനും പിന്നീട് വീട്ടിൽ നിന്ന് പോയി.
മക്കളെ പൊലീസ് അധികൃതർ ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്ക് നോക്കാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് അഡ്വ.കെ.ആർ. സുമേഷ് കൊരട്ടി പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കളുടെ സംരക്ഷണ നിയമം അനുസരിച്ച് പരാതി നൽകുകയും 24ാം വകുപ്പ് അനുസരിച്ച് പിതാവിനെ സംരക്ഷിക്കാത്തതിന് മക്കൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് പോലീസ് സഹായത്തോടെ രാമൻ നായരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ബന്ധുക്കൾ വരാത്തതിനാൽ സി.ടി. സ്‌കാൻ അടക്കം ഉള്ള ചികിത്സ നടത്താൻ കഴിയാതെ നിൽക്കുകയാണ് ആശുപത്രി അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |