
കൊച്ചി: ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിലെ കള്ളപ്പണ ഇടപാടുകൾ സ്ഥിരീകരിച്ചതോടെ, എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) രജിസ്‌റ്റർ ചെയ്യുന്ന കേസിൽ ഉന്നതരിലേക്കുള്ള അന്വേഷണം മുറുകുമെന്നുറപ്പായി. നിലവിൽ എസ്.ഐ.ടി പ്രതിചേർത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇ.ഡി നടപടി സ്വീകരിക്കുമെന്നാണ് സൂചന.
സ്വർണക്കൊള്ള അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊച്ചിയിലെ ഇ.ഡി യൂണിറ്റിന് നൽകിയ അനുമതി പ്രകാരം എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) ഇന്നലെ തയ്യാറാക്കി. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിച്ച ശേഷം ഇന്നുതന്നെ ഇ.സി.ഐ.ആർ കോട
തിയിൽ സമർപ്പിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. ഇ.ഡി അഡിഷണൽ ഡയറക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കേണ്ടത്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പ്രതികളാക്കി അറസ്‌റ്റ് ചെയ്തവർ ഇ.സി.ഐ.ആറിലും പ്രതികളാകും. ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു തുടങ്ങിയവരെ കോടതി അനുമതിയോടെ ചോദ്യം ചെയ്യലാകും ആദ്യഘട്ടം. സ്വർണക്കൊള്ള നടന്ന കാലത്തെ ഇവരുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കും. എവിടെ നിന്നൊക്കെ പണം ലഭിച്ചു, ആരുമായി പണമിടപാടുകൾ നടത്തി തുടങ്ങിയവ കണ്ടെത്തും. തട്ടിപ്പ് നടന്ന കാലയളവിലെ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ, അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മുതൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കു വരെ അന്വേഷണം നീളും. ഒത്താശ ചെയ്‌തവർ, വിഹിതം കൈപ്പറ്റിയവർ തുടങ്ങിയവരെയും കണ്ടെത്തും. തെളിവുകൾ ലഭിച്ചാൽ, അക്കാലത്ത് ദേവസ്വവുമായി ബന്ധപ്പെട്ട ഉന്നതരെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും ഇ.ഡിക്ക് കഴിയും.
തട്ടിപ്പിന്റെ ആസൂത്രകരെന്ന് വ്യക്തമായ ഉണ്ണികൃഷ്‌ണൻ പോറ്റി, എ. പത്മകുമാർ, ബി. മുരാരി ബാബു, ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, കർണാടകയിലെ ജുവലറിയുടമ ഗോവർദ്ധൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകളിൽ പ്രാഥമിക പരിശോധന നടത്തിയതായാണ് സൂചന. ബാങ്കുകളിൽ നിന്നുൾപ്പെടെ കൂടുതൽ രേഖകൾ ശേഖരിക്കും.
കേസിന്റെ മാനം മാറും
കോടതി വഴി ഇ.ഡി ശേഖരിച്ച എസ്.ഐ.ടിയുടെ അന്വേഷണ വിവരങ്ങളും പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്യാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. ഇ.ഡി അന്വേഷിക്കുന്നതോടെ കേസിന്റെ മാനം മാറും. രാഷ്ട്രീയവിവാദ ദിശകളും മറിയേക്കും. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ സംസ്ഥാന സർക്കാർ അനുകൂലിക്കുന്നില്ല. സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
പ്രതികളെ വീണ്ടും അറസ്റ്റ്ചെയ്യും: ജാമ്യവഴി അടയും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി കേസെടുക്കുന്നതോടെ പ്രതികൾക്ക് ജാമ്യം കിട്ടാനുള്ള വഴി അടയും. എസ്.ഐ.ടി കുറ്റപത്രം നൽകാൻ വൈകുന്നതിനാൽ അറസ്റ്റിലായ 10പ്രതികൾക്കും സ്വാഭാവിക ജാമ്യം കിട്ടാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എസ്.ഐ.ടി അറസ്റ്റ് ചെയ്തവരെ ഇ.ഡിയുടെ കേസിൽ കൂടി അറസ്റ്റ് ചെയ്യുന്നതോടെ അതില്ലാതാകും. ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നുമുതൽ ആറുമാസംവരെ ജാമ്യം നിഷേധിക്കപ്പെടാം. കള്ളപ്പണയിടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നതെങ്കിലും സ്വർണപ്പാളികൾ കടത്തിയതെങ്ങോട്ട് എന്നതിലടക്കം വ്യക്തത വരുത്തും.
10വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി 90ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം. അല്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യംകിട്ടാം. ഉണ്ണികൃഷ്ണൻപോറ്റിയെ ഒക്ടോബർ 17നും മുരാരി ബാബുവിനെ ഒക്ടോബർ 23നും ഡി.സുധീഷ് കുമാറിനെ നവംബർ ഒന്നിനുമാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. കുറ്റപത്രം നൽകിയിട്ടില്ല. എൻ.വാസു, എ.പത്മകുമാർ എന്നിവരുടെ റിമാൻഡും വൈകാതെ 60ദിവസം പിന്നിടും. ഇവരെല്ലാം സുപ്രീംകോടതിയെ വരെ സമീപിച്ചിട്ടും ജാമ്യം കിട്ടിയിരുന്നില്ല.
പോറ്റിയുടെയും പത്മകുമാറിന്റെയും വീടുകളിൽ നടത്തിയ റെയ്ഡിൽ കാര്യമായ വിവരങ്ങളൊന്നും എസ്.ഐ.ടിക്ക് ലഭിച്ചിട്ടില്ല. ഇ.ഡിക്ക് കൂടുതൽ വിപുലമായ സംവിധാനമുള്ളതിനാൽ ഇടപാടുകളുടെ രേഖകളെല്ലാം കണ്ടെടുക്കാൻ സാദ്ധ്യതയേറും.
ഇ.ഡി സ്റ്രൈൽ വേറെ
കള്ളപ്പണ ഇടപാടുകളിലെ അന്വേഷണത്തിന് പി.എം.എൽ.എ നിയമത്തിലെ സെക്ഷൻ-50 പ്രകാരം സിവിൽ കോടതിയുടെ അധികാരം ഇ.ഡി ഉദ്യോഗസ്ഥർക്കുണ്ട്. ഇ.ഡി രേഖപ്പെടുത്തുന്ന മൊഴികൾ കോടതിയിൽ തെളിവാകും. സംശയമുള്ള രാഷ്ട്രീയനേതാക്കളെയടക്കം ആരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താൻ അധികാരമുണ്ട്. കുറ്റകൃത്യത്തിൽ പങ്കാളിത്തമുള്ള ഒരാളെ മാപ്പുസാക്ഷിയാക്കി കേസ് ശക്തമാക്കുന്നതും ഇ.ഡിയുടെ രീതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |