ന്യൂഡൽഹി : കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞു. മൂന്നാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നും മമത കൊൽക്കത്തയിൽ മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ല. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സി.എ.എ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തും. പാർലമെന്റിൽ ഇക്കാര്യം ആവശ്യപ്പെടുമെന്നും മമത പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി സർക്കാർ ഉണ്ടാക്കുമ്പോൾ ആശംസകൾ നേരാൻ എന്നിക്കാവില്ല. രാജ്യത്തിനാണ് എന്റെ ആശംസ. ഞങ്ങൾ നിങ്ങളുടെ പാർട്ടിയെ പിളർത്തില്ല. എന്നാൽ നിങ്ങളുടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പിളർപ്പുണ്ടാകും നിങ്ങളുടെ പാർട്ടിയിലുള്ളവർ തൃപ്തരല്ലെന്നും മമത ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി.
അതേസമയം തൃണമൂൽ കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവായി സുദീപ് ബന്ദോപാദ്ധ്യായയെ തിരഞ്ഞെടുത്തു. കകോലി ഘോഷ് ദാസ്തിദാറിനെ ലോക്‌സഭാ ഉപനേതാവായും കല്യാൺ ബാനർജിയെ ചീഫ് വിപ്പായും തിരഞ്ഞെടുത്തു. ഡെറിക് ഒബ്രിയാൻ രാജ്യസഭാ കക്ഷി നേതാവാകും. സാഗരിക ഘോഷാണ് ഉപനേതാവ്. നദീമുൾ ഹഖിനെ ചീഫ് വിപ്പായും യോഗം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |