SignIn
Kerala Kaumudi Online
Thursday, 18 July 2024 3.56 AM IST

പൊലീസും പന്ത്രണ്ടാം പെരുമാറ്റ സർക്കുലറും!

police-

സംസ്ഥാന പൊലീസ് മേധാവിയുടേതായി,​ കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒമാർ കഴിഞ്ഞ ദിവസം കൈപ്പറ്റിയ വളരെ പ്രധാനമെന്നു രേഖപ്പെടുത്തിയ സർക്കുലർ വായിച്ചാൽ ചിരിക്കണോ അതോ,​ കരയണോ എന്നു തോന്നിപ്പോകും! 'നിയമസഭ ചേരുന്ന സമയമായതുകൊണ്ട് പൊതുജനങ്ങളോട് മാന്യമായി പെരുമാറണ"മെന്നതാണ് സർക്കുലറിന്റെ രത്നച്ചുരുക്കം. അതായത്,​ അനാവശ്യമായി ആരെയെങ്കിലും കസ്റ്റഡിയിലെടുക്കുകയോ,​ സ്റ്റേഷനുകളിൽ പരാതിയുമായി എത്തുന്നവരോട് ഭീഷണിസ്വരത്തിൽ സംസാരിക്കുകയോ,​ വി.ഐ.പി എസ്‌കോർട്ടിന്റെയോ മറ്റോ പേരിൽ വഴിയാത്രക്കാരെ വിരട്ടിയോടിക്കുകയോ ചെയ്താൽ പിറ്റേന്ന് നിയമസഭയിൽ പ്രതിപക്ഷം അതെടുത്തിട്ട് അലക്കും! മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ തനിസ്വരൂപം വെളിപ്പെടുത്തി പൊലീസിനെയും സർക്കാരിനെയും കുടയും. അതുകൊണ്ട്,​ നിയമസഭ തീരുന്നതുവരെയെങ്കിലും പൊലീസുകാർ ആത്മനിയന്ത്റണം പാലിക്കണമെന്ന് അർത്ഥം. അപ്പോൾ,​ അതു കഴിഞ്ഞാലോ?​

നിലവിൽ പൊതുജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റത്തിൽ കാര്യമായ തരക്കേടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി സമ്മതിക്കുന്നതിനു തുല്യമല്ലേ,​ ഇക്കാര്യം പറഞ്ഞുകൊണ്ട് പ്രത്യേകം സർക്കുലർ അയയ്ക്കുന്നത്?​ അല്ലെങ്കിൽതന്നെ,​ ഇതേ വിഷയം ഓർമ്മിപ്പിച്ചുകൊണ്ട് പല പൊലീസ് മേധാവികളുടെ കാലത്തായി ഇതുവരെ പതിനൊന്ന് സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ടത്രെ. അതൊന്നും പോരാഞ്ഞ്,​ പൊലീസുകാർ പ്രതികളായ എത്രയോ കേസുകളുടെ വാദത്തിനും വിചാരണയ്ക്കുമിടയിൽ ഹൈക്കോടതി തന്നെ കാക്കിവേഷത്തിന്റെ അനാവശ്യ കാർക്കശ്യത്തെപ്പറ്റിയും,​ പൊലീസ് മുറയുടെ കാടത്തത്തെപ്പറ്റിയും കടുത്ത ഭാഷയിൽ പറഞ്ഞു. ഏറ്രവും ഒടുവിൽ ഇക്കാര്യം ഹൈക്കോടതി പറഞ്ഞിട്ട് പത്തുദിവസം പോലുമായിട്ടില്ല. പാലക്കാട് ജില്ലയിലെ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ അഭിഭാഷകനോട് മാന്യതയില്ലാതെ പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരായ കേസിലായിരുന്നു അത്. ജനങ്ങൾ എല്ലാക്കാലത്തും ഈ ധാർഷ്ട്യം സഹിക്കുമെന്ന് കരുതരുതെന്നു വരെ കോടതി പറഞ്ഞു.

ഇതുകൊണ്ടൊന്നും നമ്മുടെ പൊലീസ് നന്നാകുമെന്ന് വിചാരിക്കാനാവില്ലെന്ന് സേനാ മേധാവിക്കുതന്നെ ബോദ്ധ്യമുള്ളതുകൊണ്ടായിരിക്കണമല്ലോ,​ മാന്യമായ പെരുമാറ്റത്തെക്കുറിച്ച് പന്ത്രണ്ടാം തവണയും സർക്കുലർ വേണ്ടിവന്നത്! പക്ഷേ,​ 'സർക്കാരിനോട് ജനങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന" നിർദ്ദേശത്തിനകത്തെ ഒരു തരക്കേട് ഏതു സാധാരണ ജനത്തിനും മനസിലാകും. സർക്കാരിന് നാണക്കേടാകുമെന്നതാണോ പ്രധാന പ്രശ്നം?​ പൊലീസിന്റെ പെരുമാറ്റത്തിൽ പലപ്പോഴുമുണ്ടാകുന്ന മനുഷ്യത്വരാഹിത്യമോ,​ അതിലെ മനുഷ്യാവകാശ ലംഘനമോ,​ നീതിരാഹിത്യമോ,​ ആ‍ർക്കും ബോദ്ധ്യപ്പെടുന്ന പക്ഷപാതിത്വമോ ഒന്നും സർക്കാരിന് വിഷയമല്ലേ?​ ആ തിരിച്ചറിവാണ് സർക്കാരിന് ആദ്യമുണ്ടാകേണ്ടത്. ഒരു വിധത്തിലുള്ള പെരുമാറ്റദൂഷ്യവും സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് അപ്പോൾ ഒരു സർക്കുലറും ഇല്ലാതെ തന്നെ ഏത് പൊലീസുകാരനും ബോദ്ധ്യപ്പെടും.

അതേസമയം,​ കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചയോ,​ ഗുണ്ടകളുമായും മറ്റും അവിഹിത കൂട്ടുകെട്ടോ,​ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമോ,​ വെളിപ്പെട്ടുപോകുന്ന പെരുമാറ്റദൂഷ്യമോ ഒക്കെ തെളിയുന്ന വേളകളിൽ പലപ്പോഴും സേനാംഗങ്ങൾക്കെതിരെ ക‍ർശന നടപടി ഉണ്ടാകുന്നുണ്ടെന്നതും മറക്കരുത്. അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേല്പിച്ച് തൃശൂർ പൂരം അലങ്കോലമാക്കിയെന്ന ആക്ഷേപം നേരിട്ട സിറ്റി പൊലീസ് കമ്മിഷണറെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കപ്പെട്ടയുടൻ സ്ഥലംമാറ്റിയത് അത്തരം മാതൃകാ നടപടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഭവം രാഷ്ട്രീയമായി ഭരണകക്ഷിക്ക് അവിടെ തിരിച്ചടിയാവുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പ്രത്യാഘാതമോ ജനകീയ പ്രതിഷേധമോ ഒക്കെ ഉയരുന്ന സംഭവങ്ങളിൽ മാത്രമല്ല,​ ഏതു സാധാരണ ജനത്തോടും ഏതു കാലത്തും പൊലീസിന്റെ പെരുമാറ്റം മാന്യവും,​ ഇടപെടൽ മനുഷ്യത്വപരവും,​ ഭാഷ സഭ്യവുമാകണം. നിയമസഭാ സമ്മേളന കാലാവധിയും പെരുമാറ്റമര്യാദയും തമ്മിൽ ബന്ധമൊന്നുമില്ല. അഥവാ ഉണ്ടാകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.