SignIn
Kerala Kaumudi Online
Friday, 13 September 2024 11.04 AM IST

കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനുമായി അഭിമുഖം, ജീവിതം എന്നും നിമിത്തങ്ങളുടേത്

Increase Font Size Decrease Font Size Print Page
gk1
കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

അപ്രതീക്ഷിതമായി എത്തിയ കേന്ദ്രമന്ത്രി പദത്തിലെ മൂന്നു ദിവസത്തെ അനുഭവങ്ങളും കടന്നുവന്ന വഴികളും കേരളകൗമുദിയുമായി പങ്കുവയ്‌ക്കുകയാണ് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര, ന്യൂനപക്ഷ സഹമന്ത്രി ജോർജ്ജ് കുര്യൻ.

 മൂന്നു ദിവസത്തെ അനുഭവങ്ങൾ?​


ഒ.രാജഗോപാലിന്റെ ഒ.എസ്.ഡി, ന്യൂനപക്ഷ കമ്മിഷൻ ഉപാദ്ധ്യക്ഷൻ പദവികൾ വഹിച്ചതിനാൽ സർക്കാർ സംവിധാനത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. എങ്കിലും കേന്ദ്രമന്ത്രി പദത്തിൽ ഒരു ടെൻഷനുണ്ടായിരുന്നു. ഇപ്പോൾ എല്ലാറ്റിനും പ്രസന്റേഷനുകളാണ്. അതിനാൽ നന്നായി കാര്യങ്ങൾ മനസിലാക്കാം. ഉദാഹരണത്തിന്,​ കടലിനെക്കുറിച്ച് ഇന്നലെ ഒരു കാര്യം മനസിലാക്കിയത് ആഫ്രിക്കൻ കടലിൽ എന്തു സംഭവിച്ചാലും അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്നാണ്. അതായത്,​ കടൽ ഒറ്റ യൂണിറ്റ് ആയാണ് പ്രവർത്തിക്കുന്നത്. കടലിന്റെ നിയമം പാലിക്കൽ പ്രധാനമാണ്.

 ആദ്യ യോഗങ്ങളിൽ കേരളം പ്രതീക്ഷിക്കേണ്ടത്?​

പ്രഖ്യാപനങ്ങൾ എളുപ്പമാണ്. കർഷകർ, മത്സ്യതൊഴിലാളികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചചെയ്‌ത് ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസിലാക്കിയ ശേഷം പ്രഖ്യാപനം നടത്തുന്നതാണ് നല്ലത്.

കടലിനെക്കുറിച്ച് പറഞ്ഞല്ലോ, വിഴിഞ്ഞത്തെ പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും?​

വികസനത്തെ ബാധിക്കാത്ത വിധത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കണം. നമ്മൾ പണിതില്ലെങ്കിൽ ശ്രീലങ്കയിൽ തുറമുഖം വരും.

ആദ്യം ഒപ്പിട്ട ഫയൽ?​

ഫിഷറീസുമായി ബന്ധപ്പെട്ട് പഴയ ചില നടപടികളുടെ ഭാഗമായി വന്നത്.

 മൂന്നുദിവസത്തെ തിരക്കിനിടയിൽ എപ്പോഴെങ്കിലും

ഇവിടം വരെയുള്ള കാര്യങ്ങൾ റീ വൈൻഡ് ചെയ്തിരുന്നോ?​

തീർച്ചയായും. രാഷ്‌ട്രീയത്തിലേക്കു വരാനും ബി.ജെ.പിയുടെ സഹയാത്രികനാകാനും, എന്റെ ജീവിതത്തിൽ സംഭവിച്ചതിനെല്ലാം ഒരോ നിമിത്തങ്ങളുണ്ട്. കോതനല്ലൂരിലെ കോൺവെന്റ് സ്‌കൂളിൽ അഞ്ചാം ക്ളാസിൽ വേദപഠന ക്ളാസിലെ മത്സരത്തിൽ എനിക്കായിരുന്നു ഫസ്റ്റ്. അതിന് സമ്മാനമായി ലഭിച്ചത് ഒരു പുസ്‌തകം: എങ്ങനെ നല്ലൊരു പ്രസംഗകനാകാം! ആ പുസ്‌തകം വായിച്ചതോടെയാണ് പ്രസംഗവും രാഷ്‌ട്രീയവുമെല്ലാം ചിന്തയിലെത്തിയത്. അല്ലെങ്കിൽ ഒരുപക്ഷേ ഈ രംഗത്ത് എത്തുമായിരുന്നില്ല.

ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ ചിറ്റപ്പന്റെ മകന്റെ വിവാഹത്തിനു പോകുമ്പോഴാണ് എറണാകുളത്ത് പ്രായമായ ഒരാളുടെ പ്രസംഗം കേൾക്കാൻ ആളുകളുടെ തിരക്കു കണ്ടത്. പിന്നീടാണ് അത് ജയപ്രകാശ് നാരായൺ (ജെ.പി) ആണെന്ന് അറിഞ്ഞത്. ഒരാൾ പ്രസംഗം പരിഭാഷപ്പെടുത്തുന്നുണ്ടായിരുന്നു. പരിഭാഷ കൊള്ളാവുന്ന പരിപാടിയാണെന്ന് അന്നേ തോന്നി (പിൻകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കം പ്രസംഗം പരിഭാഷപ്പെടുത്തി).

മറ്റൊരു സംഭവം എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ്. എസ്.കെ. പൊറ്റക്കാടിന്റെ കുരുമുളക് എന്ന പുസ്‌തകം എല്ലാ ഞായറാഴ്‌ചയും ലൈബ്രറിയിൽ പോയി വായിക്കുമായിരുന്നു. ഒരു ദിവസം ചെന്നപ്പോൾ പുസ്‌തകം അവിടില്ല. പകരം ഒരു കുറിപ്പ്: അടിയന്തരാവസ്ഥ ആയതിനാൽ നോവൽ പിൻവലിച്ചിരിക്കുന്നു! വീട്ടിൽ ചെന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഒപ്പം വീട്ടുകാരുടെ മുന്നറിയിപ്പും: റോഡരികിൽ കളിക്കരുത്, പൊലീസ് പിടിക്കുമെന്ന്. അതോടെ മനസുകൊണ്ട് അടിയന്തരാവസ്ഥയ്‌ക്കെതിരായി. പിന്നാലെ അറിഞ്ഞു, ജെ.പിയും എതിരാണെന്ന്. അങ്ങനെ ജെ.പി ആരാധകനായി. ജെ.പി മൂവ്മെന്റും മനസിലേക്കു വന്നു.

അന്ന് സ്‌കൂൾ രാഷ്‌ട്രീയം തീവ്രമായിരുന്നു. ജെ.പിയുടെ കാര്യങ്ങളും സമ്പൂർണ വിപ്ളവവുമെല്ലാം ഞാൻ വിവരിക്കുമ്പോൾ കൂട്ടുകാർ അദ്‌ഭുതം കൂറും. അതോടെ ചിലർ വന്ന് രഹസ്യമായി ചില നോട്ടീസുകൾ തരാൻ തുടങ്ങി. ജെ.പിയുടെ ഛാത്ര യുവ സംഘർഷ വാഹിനിയുടെ പ്രവർത്തകരായിരുന്നു. ആ നോട്ടീസുകളുടെ അടിസ്ഥാനത്തിലായി പിന്നീടുള്ള സംവാദങ്ങൾ.

പത്താം ക്ളാസ് പാസായ സമയത്താണ് അടിയന്തരാവസ്ഥയ്‌ക്കു ശേഷമുള്ള തിരഞ്ഞെടുപ്പ്. നാട്ടിൽ ഞാൻ ഒരാൾ മാത്രം ജനതാ പാർട്ടിക്കു വേണ്ടി സംസാരിച്ചു. പിന്നീട് മാന്നാനം കെ.ഇ കോളേജിൽ ചേർന്ന ശേഷം ജനസംഘം ഗ്രൂപ്പുമായി ബന്ധപ്പെട്ടു. ജനതാ പാർട്ടിയിൽ ജനസംഘത്തിന്റെ ആളായി. ജനതാ പാർട്ടി പിളർന്ന് ബി.ജെ.പിയുണ്ടായ ദിവസം 1980 ഏപ്രിൽ ആറിനു തന്നെ അംഗത്വമെടുത്തു. അവിടെ നിന്നുള്ള യാത്ര ഇന്നിവിടം വരെ എത്തി.

കുടുംബത്തെ ത്യജിച്ചുള്ള പാർട്ടി ജീവിതം?

ആർമിയിൽ ആയിരുന്നതിനാൽ ഭാര്യ കാശ‌്‌മീരിലും അസാമിലും രാജസ്ഥാനിലുമൊക്കെയായി രാജ്യം മുഴുവൻ സഞ്ചരിക്കുകയായിരുന്നു. അതിനാൽ എനിക്ക് രണ്ടുവഴിയാണുണ്ടായിരുന്നത്. എല്ലാം കളഞ്ഞ് അവർക്കൊപ്പം പോകുക. അല്ലെങ്കിൽ പാർട്ടിക്കായി പ്രവർത്തിക്കുക. ഞാൻ പാർട്ടി തിരഞ്ഞെടുത്തു. ബന്ധുക്കളുടെയൊന്നും സഹായമില്ലാതെയാണ് ഭാര്യയും കുട്ടികളും അക്കാലത്ത് കഴിഞ്ഞത്. സ്‌കൂളുകൾ എപ്പോഴും മാറുന്നതിനാൽ കുട്ടികൾക്കാണെങ്കിൽ സുഹൃത്തുക്കളുമില്ല. അങ്ങനെ ഏറെ ത്യാഗങ്ങൾ.

ജോർജ്ജ് കുര്യൻ എന്ന ക്രിസ്‌ത്യാനി ബി.ജെ.പി നേതാവിന്റെ ജീവിതം നൽകുന്ന സന്ദേശം?

ഞാൻ താമസിക്കുന്നത് തൊണ്ണൂറു ശതമാനത്തിൽ കൂടുതൽ സീറോ മലബാർ കത്തോലിക്കർ ഉള്ള സ്ഥലമാണ്. എന്റേത് ഒരു യാഥാസ്‌ഥിതിക ക്രിസ‌്‌ത്യൻ കുടുംബവും. സഭയുടെ നിയമം അനുസരിച്ചാണ് എല്ലാ കാലഘട്ടത്തിലും ഞാൻ ജീവിച്ചതും. സമുദായത്തിനുള്ളിൽ നോക്കുന്നത് പള്ളിയുടെ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നു മാത്രമാണ്. നാട്ടിലുള്ളപ്പോഴൊക്കെ പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.

1994-ൽ വിവാഹ സമയത്ത് പള്ളീലച്ചന്റെ പ്രസംഗം ഇയാളൊരു മാതൃകാ വിശ്വാസിയാണെന്നും പാർട്ടി പ്രശ്‌നമല്ലെന്നും സഭാ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതിയെന്നുമായിരുന്നു. ഞാനും സ്ഥിരമായി പള്ളിയിൽ പോകുന്ന ആളാണ്. സത്യപ്രതിജ്ഞ ചെയ്‌ത ദിവസം ഇടവക അച്ചനെ വിളിച്ചു പറഞ്ഞത്, കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ എന്നല്ല, ​ പൊയ്‌ക്കാരൻ കാലായിൽ ജോർജ്ജ് കുര്യനാണെന്നാണ്. പിന്നാക്ക കമ്മിഷൻ ഉപാദ്ധ്യക്ഷൻ ആയിരുന്നപ്പോൾ ഇടവക പള്ളിയിൽ സ്വീകരണം തന്നിരുന്നു.

സത്യപ്രതിജ്ഞാ ദിനത്തിലെ സസ്‌‌പെൻസിനെക്കുറിച്ച്:

സാധാരണ, പാർട്ടി സംഘടിപ്പിക്കാറുള്ള വലിയ പരിപാടികളിൽ ജനറൽ സെക്രട്ടറിമാർക്ക് സംഘാടന ചുമതല പതിവാണ്. എന്നാൽ വ്യക്തിപരമായ ഒരു ആവശ്യമുള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു. സംഘാടക ചുമതലയുണ്ടായിരുന്ന പാലക്കാട്ടെ കൃഷ്‌ണകുമാർ വ്യാഴാഴ്‌ച (ജൂൺ 6)

ളിച്ച്, എന്തായാലും വരണമെന്നും സഹായം വേണമെന്നും നിർബന്ധിച്ചു. കുറച്ചു കാര്യങ്ങളുള്ളതിനാൽ ഞായറാഴ്‌ച വരാമെന്നു പറഞ്ഞു. അങ്ങനെയാണ് 9-നു രാവിലെ ഏഴരയ്ക്ക് ഡൽഹിയിലെത്തുന്നത്.

വിമാനമിറങ്ങി ഫോൺ ഓണാക്കിയ ഉടൻ ഒരു നേതാവ് വിളിക്കുന്നു. 9 മണിക്കു മുൻപായി ഒരു പ്രധാനപ്പെട്ട നേതാവിന്റെ വീട്ടിൽ ചെല്ലണമെന്ന്. അവിടെ ചെന്നപ്പോൾ അദ്ദേഹം പാർട്ടിയിലെ എന്റെ സേവനങ്ങളെക്കുറിച്ചെല്ലാം പുകഴ്‌ത്തിപ്പറയാൻ തുടങ്ങി. ഓർഗാനിക് പ്രവർത്തകനാണെന്നും അർപ്പണബോധമുള്ള ഇത്തരം പ്രവർത്തകർക്കാണ് പാർട്ടി എപ്പോഴും പ്രാധാന്യം നൽകുന്നതെന്നും ഇതൊരു സന്ദേശമാണെന്നുമൊക്കെ. എനിക്ക് കാര്യം പിടികിട്ടിയില്ല.

മറ്റൊരു സമുന്നത നേതാവിനെക്കൂടി കാണാനും പറഞ്ഞു. രണ്ടാമത്തെ നേതാവിന്റെ വീട്ടിൽ നിന്നിറങ്ങിയതും സസ്‌പെൻസ് നിറച്ച് മൂന്നാമത്തെ നേതാവിന്റെ ഫോൺ: 'നിങ്ങൾ അവിടെ നിന്നിറങ്ങിയോ? രണ്ടുപേരും കാര്യങ്ങളൊക്കെ പറഞ്ഞല്ലോ, അല്ലേ. എങ്കിൽ നേരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയ്‌ക്കോളൂ. ഞങ്ങളൊന്നുമല്ലല്ലോ തീരുമാനിക്കേണ്ടത്; പ്രധാനമന്ത്രിയല്ലേ."

എനിക്ക് കാര്യങ്ങൾ ചെറുതായി 'കത്താൻ" തുടങ്ങി. ആരോടും പറയരുതെന്ന് നിർദ്ദേശമുള്ളതിനാൽ ടാക്‌സി പിടിച്ചാണ് പോയത്. ഭാര്യയെപ്പോലും വിളിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയ ഉടൻ ഫോൺ വാങ്ങി വച്ചു. പിന്നെ പ്രധാനമന്ത്രി വരുന്നു. എല്ലാവർക്കുമൊപ്പം ഫോട്ടോ എടുക്കുന്നു. അദ്ദേഹം കാര്യങ്ങൾ വെളിപ്പെടുത്തുന്നു: നിങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനുള്ളവരാണെന്ന്. അവിടെ ചില നടപടികളൊക്കെയുണ്ടായിരുന്നു. ഭക്ഷണവും കഴിച്ച് രണ്ടുമണിക്കൂർ കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്. പ്രധാനമന്ത്രി ഒരു കാര്യം പറഞ്ഞിരുന്നു- പാർട്ടിയുടെ പ്രധാന നേതാക്കളെയും മാദ്ധ്യമങ്ങളെയും അറിയിച്ചിട്ടുണ്ടെന്ന്. അതൊന്നും ഞങ്ങൾ ചെയ്യേണ്ടെന്ന്. വീട്ടുകാർ ഒഴികെ സത്യപ്രതിജ്ഞ വരെ മറ്റാരോടും പറയേണ്ടെന്നും നിർദ്ദേശം.

പക്ഷേ,​ പുറത്തിറങ്ങി ഓൺ ചെയ്‌ത ഫോണിലേക്ക് കോൾ പ്രവാഹം. ഭാര്യയോടും പോലും പറയാതെയാണോ സത്യപ്രതിജ്ഞയ്‌ക്ക് പോയതെന്നൊക്കെ. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വീഡിയോ വഴി വിവരം പുറത്തറിയുമെന്ന് കരുതിയില്ല. ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. ടിവി ചാനലുകാർ ചെന്ന വിവരമൊക്കെ പറഞ്ഞു. മക്കളെ വിളിക്കാൻ പറ്റിയില്ല. അപ്പോഴേക്കും ഫോൺ ഓഫ് ആയി.

 ന്യൂനപക്ഷങ്ങളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്നത്?​

രാജ്യത്തിന് ഗുണം ചെയ്യുന്നവർക്ക് വോട്ടു ചെയ്യാനാണ് മാറി ചിന്തിക്കുന്ന പുതിയ തലമുറ ആഗ്രഹിക്കുന്നത്. ഹിന്ദുക്കളും ക്രിസ്‌ത്യാനികളും മുസ്ളിങ്ങളും അങ്ങനെ ചിന്തിച്ചതാണ് ബി.ജെ.പിയുടെ മുന്നേറ്റത്തിനു കാരണം.

 കേന്ദ്രമന്ത്രിയായ ശേഷം കേരളത്തിലേക്കുള്ള ആദ്യ യാത്ര?​

നാളെ (ശനി)​ ഉച്ചയ്‌ക്ക് ബി.ജെ.പിയുടെയും ഞായറാഴ്ച ഇടവക പള്ളി വകയും സ്വീകരണമുണ്ട്. ഞായറാഴ്‌ച മടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GEORGE KURIAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.