ഹാംബര്‍ഗ് : ഇഞ്ചോടിഞ്ച് പോരാട്ടവും സെല്‍ഫ് ഗോളും അതിനുള്ള പ്രായാശ്ചിത്തവുമൊക്കെയായി നാടകീയതകള്‍ ഏറെ നിറഞ്ഞ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ 2-2ന് സമനിലയില്‍ പിടിച്ച് അല്‍ബേനിയ. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന അല്‍ബേനിയ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങി തോല്‍വിയിലേക്ക് നീങ്ങിയതാണ്. വഴങ്ങിയ രണ്ട് ഗോളുകളിലൊന്ന് അല്‍ബേനിയന്‍ താരം ക്‌ളോസ് ഗ്യാസുലയുടെ സെല്‍ഫ് ഗോളായിരുന്നു. ഇതേ ഗ്യാസുല തന്നെ കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ക്രൊയേഷ്യയുടെ വലയില്‍ പന്തെത്തിച്ച് പ്രായാശ്ചിത്തം ചെയ്തതോടെയാണ് മത്സരം ആവേശ ഭരിതമായ സമനിലയില്‍ കലാശിച്ചത്.
ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിലും ജയിക്കാന്‍ കഴിയാതിരുന്നതോടെ ക്രൊയേഷ്യയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം തുലാസിലായിട്ടുണ്ട്. ആദ്യ മത്സരത്തില്‍ സ്‌പെയ്‌നിനോട് ക്രൊയേഷ്യ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റിരുന്നു. ഇറ്റലിക്കെതിരെ അല്‍ബേനിയ ആദ്യ മത്സരത്തില്‍ 2-1ന് തോറ്റെങ്കിലും മത്സരത്തിന്റെ 23-ാം സെക്കന്‍ഡില്‍ ഗോളടിച്ച് ഞെട്ടിച്ചിരുന്നു. അതേ ആവേശവുമായാണ് അവര്‍ ഇന്നലെ ക്രൊയേഷ്യയെ വെള്ളം കുടിപ്പിച്ചത്.
സ്റ്റുട്ട്ഗര്‍ട്ട് : ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം മത്സരത്തിലും വിജയം നേടി ആതിഥേയരായ ജര്‍മ്മനി യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി. ഇന്നലെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഹംഗറിയെയാണ് ജര്‍മ്മനി കീഴടക്കിയത്. 22-ാം മിനിട്ടില്‍ ജമാല്‍ മുസൈലയും 67-ാം മിനിട്ടില്‍ ഇക്കേയ് ഗുണ്ടോഗനുമാണ് ജര്‍മ്മനിക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്.
ആദ്യ മത്സരത്തില്‍ ജര്‍മ്മനി സ്‌കോട്ട്ലാന്‍ഡിനെ 5-1ന് തോല്‍പ്പിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ ആറ് പോയിന്റുമായി ജര്‍മ്മനി ഒന്നാമതെത്തി. ഹംഗറിയുടെ ഗ്രൂപ്പിലെ രണ്ടാം തോല്‍വിയായിരുന്നു ഇന്നലത്തേത്. ഞായറാഴ്ച രാത്രി സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെയാണ് ജര്‍മ്മനിയുടെ ഗ്രൂപ്പിലെ അവസാന മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |