പേരാവൂർ(കണ്ണൂർ): മികച്ച കായിക താരത്തിനുള്ള 36-ാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുള്ള അബൂബക്കറിന്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത് .ജിമ്മി ജോർജിന്റെ ചരമദിനമായ നവംബർ 30ന് പേരാവൂർ ജോർജ് സ്പോർട്സ് അക്കാഡമിയിൽ നടക്കുന്ന അനുസ്മരണയോഗത്തിൽ അവാർഡ് സമ്മാനിക്കും.
ഇന്ത്യയുടെ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത് . 2024 പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത അബ്ദുള്ള 2022 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയാണ് അന്താരാഷ്‌ട്ര രംഗത്ത് ശ്രദ്ധ നേടിയത് . 2023ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി . 2022,2023 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും 2023 ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു . കഴിഞ്ഞ വർഷം ജപ്പാനിൽ നടന്ന അന്താരാഷ്ട്ര മീറ്റിൽ സ്വർണവും ഫ്രാൻസിൽ നടന്ന മീറ്റിൽ വെങ്കലവും കരസ്ഥമാക്കി . ഈ വർഷം ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ഓപ്പൺ ജമ്പ്സ് മത്സരത്തിലും സ്വർണ്ണം നേടി. 17.19 മീറ്ററാണ് മികച്ച ദൂരം.
വടകരയ്ക്കടുത്ത് പുലിയാവ് സ്വദേശിയും ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനുമാണ് അബ്ദുള്ള. സാറ-അബൂബക്കർ ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |