കോഴിക്കോട്: ഉള്ളിയേരി പാലോറയിൽ വീട്ടമ്മയുടെ ആത്മഹത്യയ്ക്ക് കാരണം അയൽവാസികളാണെന്ന് പൊലീസിൽ പരാതി നൽകി മകൾ. ഈ മാസം 19ന് പുലർച്ചെ വീടിന് സമീപമാണ് പാലോറ കാവോട്ട് ഷൈജി (42) ആത്മഹത്യ ചെയ്തത്. അയൽവാസികളായ ഒരു കുടുംബത്തിലെ നാലുപേർക്കെതിരെയാണ് മകൾ അത്തോളി പൊലീസിൽ പരാതി നൽകിയത്.
ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാവിലെ അയൽവാസിയായ സ്ത്രീയും അവരുടെ മകളും വീട്ടിലെത്തി ഷൈജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഷൈജിയുടെ വ്യാജ ചിത്രങ്ങൾ മകളെ കാണിച്ചതായും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറഞ്ഞു. പിറ്റേന്ന് പുലർച്ചെ വീട്ടുമുറ്റത്തെ മരത്തിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിലാണ് ഷൈജിയെ കണ്ടെത്തിയത്.
ഷൈജിയുടെ രണ്ട് കുട്ടികളും വിദ്യാർത്ഥികളാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മകൾ നാലുപേർക്കെതിരെ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |