SignIn
Kerala Kaumudi Online
Wednesday, 17 July 2024 7.25 PM IST

കേരളത്തിലെ പ്ളസ്‌ടു കഴിഞ്ഞ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും അധികം വൈകാതെ ഒറ്റ തീരുമാനമെടുക്കും

plustwo

നാലു വർഷ ഡിഗ്രിയുടെ പ്രാധാന്യത്തെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നത് ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ ഒരു വൻകിട സോഫ്റ്റ്‌വെയർ കമ്പനിയിൽ സന്ദർശനം നടത്തിയപ്പോഴാണ്. വർഷാവർഷം ആയിരക്കണക്കിന് എഞ്ചിനീയർമാരെയാണ് അവർ അന്ന് റിക്രൂട്ട് ചെയ്തിരുന്നത്. 'വാസ്തവത്തിൽ ഞങ്ങളുടെ സ്റ്റാഫ് ചെയ്യുന്ന ജോലിക്ക് എഞ്ചിനീയറിംഗ് അടിസ്ഥാന വിദ്യാഭ്യാസം നിർബന്ധം ഒന്നുമല്ല. അവർ പഠിച്ച എഞ്ചിനീയറിംഗ് ശാഖയുമായി ബന്ധപ്പെട്ട ജോലിയല്ല ഭൂരിഭാഗം പേരും ചെയ്യുന്നത്.' അവിടുത്തെ ട്രെയിനിംഗ് മാനേജർ അന്നെന്നോട് പറഞ്ഞു.
''പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ എഞ്ചിനീയർമാരെ മാത്രം ജോലിക്ക് എടുക്കുന്നത്?''


ഞങ്ങളുടെ പ്രധാന ഉപഭോക്താക്കൾ അമേരിക്കയിൽ നിന്നായതുകൊണ്ട് അവരുടെ പ്രോജക്ടിൽ ജോലി ചെയ്യുന്നവർക്ക് ഇടക്ക് അമേരിക്കയിൽ പോകേണ്ടി വരും. കമ്പനിയിൽ ജോലിക്ക് വരുന്ന ഭൂരിപക്ഷം പേർക്കും അമേരിക്കയിൽ ജോലിക്ക് പോകുന്നതിലാണ് താല്പര്യവും. എന്നാൽ അമേരിക്കൻ വിസ കിട്ടണമെങ്കിൽ നാലു വർഷത്തെ ബിരുദം ഉണ്ടായിരിക്കണം. കാരണം അവിടുത്തെ എല്ലാ ബിരുദവും നാലു വർഷത്തെയാണ്. ഇന്ത്യയിൽ സയൻസ്, ആർട്‌സ് വിഷയങ്ങളിലെ ഡിഗ്രി മൂന്നു വർഷമായതിനാൽ അവർക്ക് അമേരിക്കൻ വിസ കിട്ടാൻ ബുദ്ധിമുട്ടാണ്. ഇക്കാര്യം പരിഗണിച്ചാണ് ഞങ്ങൾ എഞ്ചിനിയർമാരെ മാത്രം ജോലിക്കെടുക്കുന്നത്.


1990 കളിലെ Y2K യും അതിന് ശേഷം വന്ന കമ്പ്യൂട്ടർവൽക്കരണ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും ലക്ഷക്കണക്കിന് 'സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ'മാരുടെ ആവശ്യകത സൃഷ്ടിച്ചു. അത് ഇന്ത്യയിലെ, പ്രത്യേകിച്ചും ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസത്തെ മാറ്റിമറിച്ചു. തൊഴിൽ കിട്ടാൻ ഏറ്റവും എളുപ്പവഴി എഞ്ചിനീയറിംഗ് ആണെന്ന സ്ഥിതി വന്നതോടെ എഞ്ചിനീയറിങ്ങിൽ താല്പര്യമുള്ളവരും ഇല്ലാത്തവരും എഞ്ചിനീയറിംഗ് പഠനത്തിനായി ശ്രമം തുടങ്ങി.


കർണാടകത്തിലും ആന്ധ്രയിലും തമിഴ് നാട്ടിലുമെല്ലാം നൂറു കണക്കിന് എഞ്ചിനീയറിംഗ് കോളേജുകൾ ഉണ്ടായി. കേരളത്തിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾ എഞ്ചിനീയറിംഗ് പഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോയിത്തുടങ്ങി. കേരളത്തിലും എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം നൂറിന് മുകളിൽ പോയി. എൻട്രൻസ് പരീക്ഷക്ക് പത്തുമാർക്കെങ്കിലും കിട്ടുന്നവർക്കെല്ലാം എഞ്ചിനീയറിംഗ് അഡ്മിഷൻ കിട്ടുന്ന കാലം വന്നു. എൻട്രൻസ് പരീക്ഷക്ക് പത്തുമാർക്ക് പോലും കിട്ടാത്തവർ മാത്രമായി പൊതുവിൽ മറ്റു സയൻസ് വിഷയങ്ങളിൽ എത്തുന്നത്.


സോഫ്‌റ്റ്‌വെയർ കമ്പോളത്തിന് വേണ്ടിയുള്ള ആ വിദ്യാഭ്യാസം കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിലെയും ആർട്‌സ് കോളേജുകളിലെയും വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസത്തിന്റെയും നിലവാരം ഒരേസമയം കുഴപ്പത്തിലാക്കി. നാലു വർഷ സയൻസ്/ആർട്‌സ് ഡിഗ്രി എന്നത് കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ അമേരിക്കയിൽ ഉള്ളതായിരുന്നു. അമേരിക്കയിലെ തൊഴിൽ കന്‌പോളവും നമ്മുടെ വിദ്യഭ്യാസവും തമ്മിൽ ബന്ധം വന്ന കാലത്ത് തന്നെ ഇന്ത്യയിൽ നാലു വർഷ ഡിഗ്രി പ്രോഗ്രാമുകൾ നടപ്പിലാക്കിയിരുന്നെങ്കിൽ എഞ്ചിനീയറിങ്ങ് കോളേജുകളുടെ എണ്ണപ്പെരുപ്പം, എഞ്ചിനീയറിങ്ങിൽ താല്പര്യമോ അഭിരുചിയോ ഇല്ലാത്തവർ എഞ്ചിനീയറിംഗ് കോളേജുകളിൽ എത്തുന്ന സാഹചര്യം, മൂന്നു വർഷ ഡിഗ്രി ഓഫർ ചെയ്യുന്ന കോളേജുകളിൽ എത്തുന്ന വിദ്യാർത്ഥികളുടെ നിലവാരത്തകർച്ച ഇതൊന്നും ഉണ്ടാകുമായിരുന്നില്ല. ഇന്ന് നമ്മൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന പല പ്രശ്‌നങ്ങളും വേണ്ട സമയത്ത് ആ തീരുമാനം എടുക്കാൻ സാധിക്കാത്തതിന്റെ പ്രത്യാഘാതം ആണ്.


ഇത് മുൻകൂട്ടി കാണാൻ കഴിയാവുന്ന ഒന്നായിരുന്നു. അവിടുത്തെ സന്ദർശനത്തിന് ശേഷവും പിൽക്കാലത്തും പല പ്രാവശ്യം ഞാൻ ഈ വിഷയത്തെപ്പറ്റി എഴുതിയിട്ടുണ്ട്. നിർഭാഗ്യവശാൽ അന്നൊക്കെ അതിനെതിരെ ആയിരുന്നു പൊതുവിൽ നമ്മുടെ അക്കാദമിക് സംവിധാനങ്ങളും പൊതുബോധവും. ഞാൻ എഴുതിയത് പോകട്ടെ, പത്തു വർഷം മുൻപ് ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നാലു വർഷ ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കാൻ നോക്കിയപ്പോൾ എന്തായിരുന്നു പുകിൽ !. കേന്ദ്ര വിദ്യാഭ്യസ മന്ത്രി നേരിട്ട് ഇടപെട്ടാണ് അത് വേണ്ട എന്ന് തീരുമാനിച്ചത്. ഇപ്പോൾ, പുഴയിലെ വെള്ളമാകെ ഇറങ്ങിപ്പോയതിന് ശേഷം കൊട്ടും കുരവയുമായി നാലു വർഷ ഡിഗ്രി പ്രോഗ്രാമുകളുടെ വരവാണ്.


പക്ഷെ അപ്പോഴേക്കും കാലം മാറി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്ന വിഷയങ്ങളും മാറി. അതുകൊണ്ട് തന്നെ നാലു വർഷ ഡിഗ്രി വരുന്നതും പോകുന്നതും എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു വിഷയമല്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഞാൻ കാണുന്ന മറ്റ് അനവധി വിഷയങ്ങളുണ്ട്, അതിനൊന്നിനും നാലു വർഷ ഡിഗ്രി പ്രോഗ്രാം ഒരു പരിഹാരമായി ഞാൻ കാണുന്നില്ല.


കേരളത്തിലെ തൊഴിൽരംഗത്ത് കാണുന്ന പ്രധാന പ്രശ്‌നം, ഉന്നതവിദ്യാഭ്യാസം ഉള്ളവരുടെ ആധിക്യമാണ്. സർക്കാരിലോ, സ്ഥിരതയുളള എയ്ഡഡ്, കോ ഓപ്പറേറ്റീവ്, സ്വകാര്യ മേഖലകളിലോ ജോലിക്കപേക്ഷിക്കുന്ന വലിയ ശതമാനം ആളുകൾക്കും ജോലിക്കാവശ്യമായ അടിസ്ഥാനയോഗ്യതയെക്കാൾ കൂടുതൽ വിദ്യാഭ്യാസമാണുള്ളത്.


കഴിഞ്ഞ വർഷത്തെ വനിതാ സിവിൽ പോലീസ് ഓഫിസർ തസ്തികയിൽ പി.എസ്.സി. വഴി അപേക്ഷിച്ച് ജോലി കിട്ടി ട്രെയിനിംഗ് പാസായവരുടെ യോഗ്യതകൾ എൻറെ സുഹൃത്ത് എനിക്ക് അയച്ചു തന്നു.
ആകെ പരിശീലനം കഴിഞ്ഞവർ 446
എം.ടെക്. 7
എം.ബി.എ. 6
എം.സി.എ. 2
ബി.ടെക്. 58
ബി.എഡ്. 50
പി.ജി. ബിരുദമുള്ളവർ 119
ബിരുദമുള്ളവർ 187.


ഈ തൊഴിലിന് വേണ്ട അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്. എത്രമാത്രം ആളുകളാണ് തൊഴിലിന് ആവശ്യമില്ലാത്തത്ര യോഗ്യത നേടിയിട്ടും ഈ തൊഴിലിനായി എത്തുന്നത്! ഒരു വർഷം കേരളത്തിൽ ഇരുപതിനായിരത്തോളം ആളുകൾക്കാണ് പി.എസ്.സി. വഴി സർക്കാർ ജോലി ലഭിക്കുന്നത്. ഇതിൽ ഏതു തൊഴിലിന്റെ കാര്യമെടുത്താലും ആവശ്യത്തിലധികം യോഗ്യതയുള്ളവരുടെ പ്രളയമാണ്.


വ്യക്തിപരമായി ഇത്തരം തീരുമാനമെടുക്കുന്നവരുടെ സാഹചര്യങ്ങളും തീരുമാനവും എനിക്ക് മനസ്സിലാകും. എന്നാൽ ഒരു സമൂഹം എന്ന നിലയിൽ എന്തുമാത്രം വിഭവങ്ങളാണ് നമ്മൾ അനാവശ്യമായി ഉന്നതവിദ്യാഭ്യാസത്തിനായി ചിലവാക്കുന്നത്.
സർക്കാർ ജോലിക്ക് വരുന്നവരിൽ പകുതിയിലധികവും ആവശ്യത്തിൽ കൂടുതൽ യോഗ്യതയുള്ളവരാണെന്ന് കണക്കാക്കിയാൽ തന്നെ, മുപ്പതിനായിരം മനുഷ്യ വർഷങ്ങളുടെ ഓപ്പർച്യുണിറ്റി കോസ്റ്റ്, അവർക്ക് ഉപകാരപ്പെടാത്ത ബിരുദം പഠിപ്പിക്കാൻ വേണ്ടി മാതാപിതാക്കൾ ചിലവാക്കുന്ന തുക, കേരളത്തിൽ വലിയൊരു ശതമാനം ആളുകൾ സർക്കാർ / എയ്ഡഡ് കോളേജുകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവരായതിനാലും ഇത്തരം കോളേജുകൾ സമൂഹം സബ്‌സിഡൈസ്ഡ് ചെയ്യുന്നതിനാലും ആവശ്യമില്ലാത്ത വർഷങ്ങൾ പഠിപ്പിക്കുന്നതിന് ചിലവാകുന്ന തുക. ആവശ്യത്തിൽ കൂടുതൽ ആളുകളെ ഡിഗ്രി പഠിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലനിർത്തുന്നതിനുള്ള ചിലവ്.
മൂന്നു വർഷത്തെ ഡിഗ്രി നാലു വർഷം ആക്കിയാൽ ഈ വിഷയത്തിന് എന്ത് പരിഹാരമാണ് ഉണ്ടാകുന്നത്? ഇനി നാലുവർഷ ഡിഗ്രി കഴിഞ്ഞവരും സർക്കാരിൽ ഡ്രൈവറും വില്ലേജ് അസ്സിസ്റ്റന്റും ആകാൻ മത്സരിക്കും. സമൂഹത്തിന്റെ ചിലവ് 25 ശതമാനം കൂടി കൂടും.


കേരളത്തിൽ നിന്നും ഇപ്പോൾ വിദേശത്തേക്ക് വിദ്യാർത്ഥികളുടെ ഒഴുക്കാണ്. 2019 നും 2024 നും ഇടയിൽ ഇത് ഇരട്ടിച്ചുവെന്ന് കേരള മൈഗ്രെഷൻ സർവ്വേ പറയുന്നു. ഇപ്പോൾ 2,50,000 മലയാളി വിദ്യാർത്ഥികൾ വിദേശത്തുണ്ട്. പോകുന്നവരിൽ അധികവും കേരളത്തിൽ ബിരുദം നേടിയവരാണ്. ഇവരിൽ അധികം പേരും വിദേശത്ത് എത്താനുള്ള എളുപ്പവഴിയായി വിദേശ വിദ്യാഭ്യാസത്തെ കാണുന്നവരാണ്. ഇവരിൽ ഏറെ പേർക്ക് വിദേശത്ത് വിദ്യാഭ്യാസം കഴിഞ്ഞാൽ അവരുടെ ഉന്നത വിദ്യാഭ്യാസം പോയിട്ട് അടിസ്ഥാന വിദ്യാഭ്യാസത്തിന് ചേരുന്ന തൊഴിൽ പോലും ലഭിക്കുന്നില്ല.


മൂന്നു വർഷത്തിന് പകരം നാലുവർഷത്തെ ഡിഗ്രി നൽകിയത് കൊണ്ട് അവർക്കെന്താണ് പ്രയോജനം? ഒരു പ്രയോജനവുമില്ലെന്ന് മാത്രമല്ല, ആദ്യമേ പറഞ്ഞ നഷ്ടങ്ങൾ സമൂഹത്തിന് ഉണ്ട് താനും. കേരളത്തിൽ തൊഴിൽ രംഗത്തെ വലിയൊരു പ്രശ്‌നം കേരളത്തിന് ആവശ്യമുള്ള തൊഴിലുകൾ (നിർമ്മാണ തൊഴിൽ, ഹോട്ടൽ തൊഴിൽ, മൽസ്യബന്ധനം, മരപ്പണി, ഹോം നേഴ്സ്, പുല്ലു വെട്ടൽ, മുടിവെട്ട്) കേരളത്തിൽ ചെയ്യാൻ കേരളത്തിലെ പുതിയ തലമുറ തയ്യാറല്ല എന്നതാണ്. ഡിഗ്രിയെടുത്ത് വിദേശത്ത് എത്തിയാൽ ഇതേ തൊഴിലുകൾ അവിടെ ചെയ്യാൻ അവർക്ക് ഒരു മടിയുമില്ല താനും. മൂന്നു വർഷത്തെ ഡിഗ്രി നാലു വർഷം ആക്കിയത് കൊണ്ട് ഈ സാഹചര്യങ്ങളിൽ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?


കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മറ്റൊരു പ്രശ്‌നം കേരളത്തിലെയോ ലോക തൊഴിൽ കമ്പോളത്തിലെയോ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാത്ത ഒരുപാട് ബിരുദങ്ങൾ ഇപ്പോഴും നമ്മുടെ കോളേജുകളിൽ നിന്നും ഉണ്ടാകുന്നു എന്നതാണ്. നൂറു കണക്കിന് സർക്കാർ എയ്ഡഡ് കോളേജുകളിൽ ബോട്ടണി, സുവോളജി, ലിറ്ററേച്ചർ, ഹിസ്റ്ററി തുടങ്ങിയ ഡിഗ്രികൾ ഇപ്പോഴും നടക്കുന്നു. ഏതോ ഒരു കാലത്ത് അത്തരം ബിരുദങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ ഇപ്പോഴും അത് തുടരുന്നു. ആ അധ്യാപകരേയും കോളേജുകളെയും നിലനിർത്താം എന്നതിനപ്പുറം കേരളത്തിലെ ബഹുഭൂരിപക്ഷം കോളേജുകളിലും ഈ വിഷയങ്ങളിൽ ഡിഗ്രി നൽകിയത് കൊണ്ട് ഒരു ഗുണവുമില്ല. ഡിഗ്രിയുടെ നീളം മൂന്നു വർഷത്തിൽ നിന്നും നാലു വർഷം ആക്കിയത് കൊണ്ട് എന്തെങ്കിലും മാറ്റം ഈ രംഗത്ത് ഉണ്ടാകുമോ? (ആളുകൾ ചരിത്രമോ ലിറ്ററേച്ചറോ പഠിക്കരുത് എന്നെനിക്ക് അഭിപ്രായമില്ല എന്ന് മാത്രമല്ല എല്ലാവരും ഈ വിഷയങ്ങൾ പഠിക്കണം എന്ന അഭിപ്രായവും ഉണ്ട്. പക്ഷെ അവ എല്ലാ കോളേജിലും പ്രത്യേക ഡിഗ്രി പ്രോഗ്രാമുകൾ ആക്കി നിലനിർത്തേണ്ട ആവശ്യമില്ല എന്നതാണ് എൻറെ അഭിപ്രായം).


ഇതൊക്കെ പുതിയ പ്രശ്‌നങ്ങൾ ആണെങ്കിൽ പഴയ പ്രശ്‌നങ്ങളും അവിടെത്തന്നെ കിടക്കുകയാണ്. യൂണിവേഴ്‌സിറ്റി നടത്തിപ്പിൽ അക്കാദമിക് താല്പര്യങ്ങൾക്ക് മുകളിൽ രാഷ്ട്രീയ താല്പര്യങ്ങൾ നിലനിൽക്കുന്നത്, യൂണിവേഴ്‌സിറ്റി സംവിധാനങ്ങളിൽ പൊതുവെ കാണുന്ന കെടുകാര്യസ്ഥത, എയ്ഡഡ് കോളേജുകളിൽ പണം വാങ്ങി 'സർക്കാർ ജോലികൾ' വിൽക്കുന്നതും, അത് അപേക്ഷകരിൽ ഏറ്റവും അക്കാദമിക്ക് യോഗ്യത ഉള്ളവർക്ക് ലഭിക്കാത്തതും, വിദ്യാഭ്യാസ സംവിധാനങ്ങൾ പൊതുവെ വിദ്യാർത്ഥി കേന്ദ്രീകൃതവും വിദ്യാർത്ഥി സൗഹൃദവും അല്ലാത്തത്, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ, ഇത്തരം പ്രശ്‌നങ്ങൾക്കൊന്നും നാലു വർഷ ബിരുദം ഒരു പരിഹാരവും ഉണ്ടാക്കുന്നില്ല. ഇതുകൊണ്ടൊക്കെയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം വലിയ താമസമില്ലാതെ തകർന്നുവീഴുമെന്ന് ഞാൻ വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകുന്നത്.


1990 കളിലെ സ്ഥിതി അല്ല ഇന്നുള്ളത്. ഒരു ചെറിയ ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമേ നാട്ടിലെ ബിരുദം കൊണ്ട് പ്രായോഗികമായ ഗുണം ഉണ്ടാകുന്നുള്ളുവെന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ കേരളത്തിന് പുറത്തുള്ള നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനാണ് താല്പര്യം കാണിക്കുന്നത്. കേരളത്തിന് പുറത്തു ജീവിച്ചും സഞ്ചരിച്ചും വായിച്ചും അറിവുള്ള മാതാപിതാക്കളും പ്ലസ് ടുവിന് ശേഷം കേരളത്തിന് പുറത്തേക്ക് മക്കളെ വിടാനാണ് താൽപര്യപ്പെടുന്നത്. കുട്ടികളെ വിദേശത്തേക്ക് പഠനത്തിന് വിടാനുള്ള പണം ചിലവാക്കാൻ ലക്ഷക്കണക്കിന് മാതാപിതാക്കൾക്ക് ഇപ്പോൾ സാഹചര്യം ഉണ്ട്. പതിനെട്ട് വയസ്സുള്ള കുട്ടികളെ പോലും വിദേശത്ത് വിട്ടാൽ അവർ സ്വന്തം കാര്യം നോക്കി വളരാൻ പ്രാപ്തരാണെന്ന് നമ്മുടെ മാതാപിതാക്കൾക്ക് ബോധ്യമാകുന്നുണ്ട്.
മാറ്റം വിദേശങ്ങളിലും ഉണ്ട്.


അമിത വിദ്യാഭ്യാസം നേടിയതിന് ശേഷം കടൽ കടന്നുവരുന്ന കുട്ടികൾ വേണ്ടത്ര പരിശീലനം ലഭിക്കാതെ അടിസ്ഥാന തൊഴിലുകൾ ചെയുന്നത് നഷ്ടക്കച്ചവടമാണെന്ന് പല വിദേശ രാജ്യങ്ങളും മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കുട്ടികൾ എത്തുന്നതാണ് കൂടുതൽ നല്ലതെന്ന് അവരും ചിന്തിക്കുന്നു. ജർമ്മനി, വിദ്യാഭ്യസം ഫ്രീ ആയും ചില തൊഴിലുകൾക്ക് അല്പം അലവൻസ് കൊടുത്തും വിദ്യാർത്ഥികളെ ആകർഷിക്കുകയാണ്. ഇനി മറ്റു രാജ്യങ്ങളും ഈ വഴി പിൻതുടരും.


അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ നിന്നും ഡിഗ്രി കഴിയുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഉടൻ ഗ്രീൻ കാർഡ് നൽകുമെന്ന്, പൊതുവെ കുടിയേറ്റത്തിനൊക്കെ എതിരായ പോളിസികൾ എടുക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതും ശ്രദ്ധിക്കണം.


കേരളത്തിൽ നിന്നും വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നവരുടെ എണ്ണം കൂടും. അതും അവരിൽ കൂടുതൽ പേരും ഇനി പ്ലസ് ടു കഴിഞ്ഞ ഉടനെ ആയിരിക്കും പുറത്തേക്ക് പോകാൻ ശ്രമിക്കുന്നത്. കോളേജുകളിൽ (എഞ്ചിനീയറിങ്ങ്, ആർട്‌സ്, സയൻസ്) എത്തുന്നവരുടെ എണ്ണം വർഷാവർഷം കുറഞ്ഞുവരും. ജനസംഖ്യാനിരക്ക് കുറയുന്നതിനേക്കാൾ വേഗത്തിൽ ബിരുദവിദ്യാർത്ഥികളുടെ എണ്ണം കുറയും.


എങ്ങനെയാണ് ഈ സാഹചര്യത്തെ നമ്മൾ കൈകാര്യം ചെയ്യേണ്ടത്?
ബിരുദം ആവശ്യമില്ലാത്ത, എന്നാൽ കേരളത്തിന് ആവശ്യമായ തൊഴിലുകളിലേക്ക് എങ്ങനെയാണ് ആളുകളെ പരിശീലിപ്പിക്കാൻ സാധിക്കുന്നത്? അത്തരം തൊഴിലുകൾ ഏറ്റെടുക്കാൻ എങ്ങനെയാണ് പുതിയ തലമുറയിൽ താല്പര്യം ജനിപ്പിക്കേണ്ടത്?


കേരളത്തിന്റെയോ ലോകത്തിന്റെയോ തൊഴിൽ കന്‌പോളത്തിൽ വളരെ കുറഞ്ഞ ആവശ്യം മാത്രമുള്ള ബിരുദങ്ങൾ കുറച്ചു കൊണ്ട് വരുന്നത് എങ്ങനെ?


പണ്ടുകാലത്തെ രീതിയും കണക്കുമനുസരിച്ചുള്ള കോളേജുകൾ നമുക്ക് വേണോ?


മാറുന്ന സാഹചര്യത്തിനനുസരിച്ച് എങ്ങനെ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള അധ്യാപകരെ റീസ്‌കിൽ ചെയ്ത് പുനർവിനിയോഗിക്കാൻ സാധിക്കും?


പ്ലസ് ടുവിന് ശേഷം വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസം ലഭിക്കാൻ എളുപ്പമാകുന്ന തരത്തിലുള്ള സ്‌കൂൾ സിലബസ്സ് (ഭാഷാപഠനം കൂടി ഉൾപ്പെടുത്തി) എങ്ങനെ നവീകരിക്കാം?


ഒരു തൊഴിൽ ചെയ്യാനാവശ്യമായ യോഗ്യതയേക്കാൾ കൂടുതൽ യോഗ്യതയുള്ളവർ ആ തൊഴിലിന് വേണ്ടി മത്സരിക്കുന്ന സാഹചര്യം എങ്ങനെയാണ് ഒഴിവാക്കാൻ സാധിക്കുന്നത്?


സാങ്കേതികവിദ്യകൊണ്ട് ലോകത്തെവിടെനിന്നുമുള്ള പന്ത്രണ്ട് കോടി വിദ്യാർത്ഥികളെ ഒരു ട്രെയിനിങ്ങ് പ്ലാറ്റ്‌ഫോമിൽ കൊണ്ടുനടക്കാൻ പറ്റുന്ന കാലത്ത് നമ്മുടെ ചെറിയ കേരളത്തിൽ അഞ്ചു ലക്ഷം വിദ്യാർത്ഥികളെ അഫിലിയേറ്റ് ചെയ്യാൻ കേരള മുതൽ കണ്ണൂർ വരെയുള്ള അഞ്ച് യൂണിവേഴ്‌സിറ്റികൾ ആവശ്യമാണോ?


ലോകത്തെവിടെയും ഇന്റർഡിസിസിപ്ലിനറി വിദ്യാഭ്യാസം മുന്നേറുന്ന ഈ കാലത്ത് കൃഷി, ആരോഗ്യം, അനിമൽ ഹസ്ബൻഡറി, ഫിഷറീസ്, സാങ്കേതികം, ഡിജിറ്റൽ, സംസ്‌കൃതം, മലയാളം എന്നീ വിഷയങ്ങളെ വെട്ടിമുറിച്ച് ഓരോന്നിനും പ്രത്യേകം പ്രത്യേകം സർവ്വകലാശാലകൾ നമുക്ക് വേണോ?


മുൻപും പറഞ്ഞിട്ടുണ്ട്, നമുക്ക് ഒറ്റ യൂണിവേഴ്‌സിറ്റി മതി. അത് നന്നായി, അക്കാദമിക്സിന് പ്രാധാന്യം നൽകി, സാങ്കേതിക വിദ്യകൾ ശരിയായി ഉപയോഗിച്ച് വിദ്യാർത്ഥികളേയും അധ്യാപകരേയും സഹായിക്കുന്ന രീതിയിലുള്ളത് ആകണമെന്ന് മാത്രം. ആ യൂണിവേഴ്സിറ്റിയെ ഒരു പത്തു വർഷത്തിനകം ആഗോള റാങ്കിങ്ങിൽ അഞ്ഞൂറിൽ എങ്കിലും എത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം.


കൂടുതൽ നിർദ്ദേശങ്ങൾ ഇല്ലാത്തതിനാലല്ല പറയാതിരിക്കുന്നത്. പലയിടത്തും പറഞ്ഞിട്ടും ഒന്നും മാറാത്തതിനാലും ഇതൊന്നും നടപ്പിലാക്കാനുള്ള സാഹചര്യം ഇപ്പോൾ നിലവിലില്ല എന്ന് അറിയാവുന്നതിനാലും ആണ്. അടുത്ത അഞ്ചു വർഷങ്ങൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിനും കേരളത്തിന്റെ തന്നെ ഭാവിക്കും ഏറെ നിർണ്ണായകമാണ്. ഡിഗ്രി നാലു വർഷം ആയാലും ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാർത്ഥികളുടെ എണ്ണം പകുതിയാകും, വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കൂടും, കോളേജുകൾ പൂട്ടും, സർവ്വകലാശാലകൾ പലതും നിർബന്ധമായും മറ്റുള്ളവയുമായി ലയിക്കേണ്ടി വരും. ഇതൊക്കെ കൂടി പ്ലാൻ ചെയ്ത് കാര്യങ്ങൾ ചെയ്താൽ കൂടുതൽ നന്നാവും.

(ഐക്യരാഷ്‌ട്രസഭയിലെ ദുരന്തനിവാരണ വിഭാഗം തലവനും എഴുത്തുകാരനുമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, EDUCATION, KERALA, MURALEE THUMMARUKUDY
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.