SignIn
Kerala Kaumudi Online
Sunday, 30 June 2024 1.00 PM IST

പത്മശ്രീ പി. ചിത്രൻ നമ്പൂതിരിപ്പാട് ഓർമ്മയായിട്ട് ഒരു വർഷം ജീവിതം,​ മഹാതീർത്ഥാടനം

chithran-namboothiri

രാഷ്ട്രപിതാവിൽ നിന്നും നവോത്ഥാന നായകരിൽ നിന്നും ശക്തിയും ചൈതന്യവുമാർജിച്ച ആചാര്യനായിരുന്നു പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട്. വിദ്യാഭ്യാസം, സാഹിത്യം, സംസ്കാരം, കല, സ്‌പോർട്സ് , തീർത്ഥാടനം എന്നീ മേഖലകൾക്ക് നിസ്തുല സംഭാവനകൾ അദ്ദേഹം വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു (മരണം 104-ാം വയസിൽ 2023 ജൂൺ 27).

മലപ്പുറത്ത്,​ പൊന്നാനിയിലെ പുരാതനമായ പകരാവൂർ മനയിൽ 1920 ജനുവരി രണ്ടിനാണ് ചിത്രൻ നമ്പൂതിരിപ്പാടിന്റെ ജനനം. പിതാവ് കൃഷ്ണൻ സോമയാജിപ്പാട്, മാതാവ് നരിപ്പറ്റ മനയിലെ പാർവതി അന്തർജ്ജനം. ബാല്യം മുതൽ അധഃസ്ഥിത വിഭാഗങ്ങളോട് ചിത്രൻ സ്നേഹവും കാരുണ്യവും പുലർത്തിയിരുന്നു. സംസ്‌കൃത പഠനത്തിനും വേദപഠനത്തിനും ശേഷം പൊന്നാനി എ.വി. ഹൈസ്കൂളിൽ എട്ടാം ക്ളാസിൽ ചേർന്നു. പതിനൊന്നാം വയസിൽ ഗുരുവായൂർ ക്ഷേത്രത്തിലെ സത്യഗ്രഹ പന്തലിൽ വച്ച് മഹാത്മാഗാന്ധിയെ കണ്ടു. പ്രസംഗം കേട്ടു. അന്നുമുതൽ ഗാന്ധിജിയെ തന്റെ ആദർശപുരുഷനായി കരുതിപ്പോന്നു.

തൃശൂർ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്ത് ചിത്രൻ കോളേജ് യൂണിയൻ സ്‌പീക്കറും, അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷൻ സെക്രട്ടറിയുമായിരുന്നു. മദ്രാസ് സർവകലാശാലയ്ക്കു കീഴിലുള്ള പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ധനതത്വ ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം ഒന്നാം ക്ളാസിൽ പാസായി. അക്കാലത്ത് ഗാന്ധിജിയെ അടുത്തുകാണാനും പ്രസംഗം കേൾക്കാനും അവസരം ലഭിച്ചു. തുടർന്ന് കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്ന് ബി.ടിയും ജയിച്ചു. സ്വന്തം ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികൾക്ക് പഠിക്കുന്നതിന് ഒരു ഹൈസ്കൂൾ സ്ഥാപിക്കാനാണ് അദ്ദേഹം ആദ്യമായി ഉത്സാഹിച്ചത്. 1946-ൽ കുടുംബം വക അഞ്ചേക്കർ സ്ഥലത്ത് മുക്കുതല ഹൈസ്കൂൾ ആരംഭിച്ചു. കോഴിക്കോട് സാമൂതിരി കോളേജ് പ്രിൻസിപ്പലുമായിരുന്ന എ.വി. കുട്ടികൃഷ്ണ മേനോനാണ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേരളപ്പിറവിയോടെ തന്നെ സ്വകാര്യ സ്‌കൂളുകളുടെ നടത്തിപ്പിലും അദ്ധ്യാപക നിയമനത്തിലും ചില ദുഷ്‌പ്രവണതകൾ കണ്ടുതുടങ്ങി. സ്‌കൂൾ മാനേജ്മെന്റുകൾ അദ്ധ്യാപക നിയമനത്തിന് പണം വാങ്ങുന്ന സമ്പ്രദായം ആരംഭിച്ചു. ഈ ദുഷ്‌പ്രവണത ചിത്രൻ നമ്പൂതിരിപ്പാടിന് ഇഷ്ടപ്പെട്ടില്ല.

തന്റെ കാലം കഴിഞ്ഞാൽ മൂക്കുതല സ്കൂളിലും ഈ പ്രവണത കൂടായ്‌കയില്ലെന്നു ഭയന്ന അദ്ദേഹം സ്കൂൾ ഗവൺമെന്റിന് കൈമാറുന്നതാണ് നല്ലതെന്ന് കരുതി. 1957-ലെ ഇ.എം.എസ് സർക്കാരിന്റെ കാലം. ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഗുരുനാഥനായിരുന്ന മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസമന്ത്രി. മൂക്കുതല ഹൈസ്കൂളിൽ സഹാദ്ധ്യാപകനായിരുന്ന പൊൻകുന്നം ദാമോദരനെയും കൂട്ടി മുണ്ടശ്ശേരിയെ കണ്ട്, സ്കൂൾ സൗജന്യമായി സർക്കാരിനു കൈമാറാനുള്ള അഗ്രഹം അറിയിച്ചു. അഞ്ചര ഏക്കറോളം സ്ഥലവും വിശാലമായ കെട്ടിടങ്ങളുമുള്ള സ്കൂൾ സൗജന്യമായി ഗവൺമെന്റിന് നൽകാൻ ചിത്രൻ നമ്പൂതിരിപ്പാട് സന്നദ്ധനായി. നാടിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ത്യാഗമായിരുന്നു അത്.

കലാമണ്ഡലം

സെക്രട്ടറി

വിദ്യാഭ്യാസ വകുപ്പിൽ 25 വർഷത്തെ സ്തുത്യർഹ സേവനത്തിനുശേഷം 1978 ജനുവരി 31-ന് ജോയിന്റ് ഡയറക്ടറായി വിരമിച്ചു. കേന്ദ്ര സർവീസിൽ ഗോവയിലെ വിദ്യാഭ്യാസ ഡയറക്ടറായി നിയമനം നൽകിയെങ്കിലും നിരസിക്കുകയായിരുന്നു. 1978 ജൂണിൽ കലാമണ്ഡലം സെക്രട്ടറിയായി നിയമിതനായി. മഹാകവി ഒളപ്പമണ്ണയായിരുന്നു അന്ന് പ്രസിഡന്റ്. സർക്കാർ സർവീസിൽ നിന്ന് പെൻഷൻ പറ്റി പിരിയുന്നവരുടെ അവസ്ഥ അത്യന്തം ദയനീയമായിരുന്നു. വിവിധ കാരണങ്ങൾ കാണിച്ച് പെൻഷൻ വളരെക്കാലത്തേക്ക് ലഭ്യമാക്കാതിരിക്കുകയായിരുന്നു ഉദ്യോഗസ്ഥരുടെ പതിവ്. പലതായി പ്രവർത്തിച്ചിരുന്ന പെൻഷൻ സംഘടനകളെയെല്ലാം ചേർത്ത് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ എന്ന പേരിൽ ഒറ്റ സംഘടനയാക്കി. 1983 മുതൽ 12 വ‌‌ർഷം ചിത്രൻ നമ്പൂതിരിപ്പാട് സംഘടനയുടെ പ്രസിഡന്റായിരുന്നു.

നാഗർകോവിൽ ശാരദാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന തീർത്ഥയാത്രയിൽ തുടർച്ചയായി മുപ്പതു പ്രാവശ്യം ചിത്രൻ നമ്പൂതിരിപ്പാട് പങ്കെടുത്തിട്ടുണ്ട്. ഒരു തീർത്ഥാടകൻ എങ്ങനെയായിരിക്കണം എന്നതിന്റെ തെളിവാർന്ന പ്രതീകമായിരുന്നു നമ്പൂതിരിപ്പാട്. 'പുണ്യഹിമാലയം" എന്ന മൂല്യവത്തായ യാത്രാവിവരണ ഗ്രന്ഥവും രചിച്ചു. കെ.എം. മുൻഷി മുൻകൈയെടുത്ത് സ്ഥാപിച്ച ഭാരതീയ വിദ്യാഭവന്റെ സേവനം വരും തലമുറകൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൃശൂരിലും വിദ്യാഭവൻ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനു പിന്നിലെ ചാലകശക്തി ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു. വരും തലമുറകൾക്ക് പഠിക്കാനും അനുകരിക്കാനും തക്ക മഹനീയ മാതൃകയായിരുന്നു ആ ജീവിതം. നമ്പൂതിരിപ്പാടിന്റെ മഹത്തായ സേവനങ്ങളെ മാനിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ (2024) നൽകി ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.