ഇംഫാൽ: മണിപ്പുരിൽ പാലം തകർന്ന് ട്രക്ക് നദിയിലേക്ക് വീണ് ഒരു മരണം. ഞായറാഴ്ച രാവിലെ ആറ് മണിയോടെ ഇംഫാൽ വെസ്റ്റിലെ വാംഗോയ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇംഫാൽ നദിക്ക് കുറുകെ പുതുതായി നിർമിച്ച ബെയ്ലി പാലമാണ് തകർന്നുവീണത്. വിറക് കയറ്റിയവന്ന ട്രക്ക് പാലത്തിൽ കയറിയതിന് പിന്നാലെ പാലം തകർന്ന് ട്രക്കടക്കം നദിയിലേക്ക് പതിക്കുകയായിരുന്നു. നാലുപേരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. പാലം തകർന്ന ഉടൻ മൂന്നുപേർ ട്രക്കിൽ നിന്നും പുറത്തേക്ക് ചാടി. എന്നാൽ ട്രക്കിൽ നിന്നും പുറത്തുകടക്കാൻ സാധിക്കാതിരുന്ന ഡ്രൈവർ എംഡി ബോർജാവോയാണ് (45) മരിച്ചത്.
വാംഗോയ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും മണിപ്പൂർ ഫയർ സർവീസ് ടീമും നടത്തിയ തിരച്ചിലിലാണ് ഡ്രൈവറുടെ മൃദേഹം കണ്ടെത്തിയത്.
മന്ത്രി വൈ ഖേംചന്ദ് എംഎൽഎ ഖുറൈജാം ലോകനൊപ്പം അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഖേംചന്ദ് പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ പാലം നേരത്തെ രണ്ട് തവണ തകർന്നിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |