ജയ്‌പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വാക്ക് പാലിച്ച് രാജസ്ഥാനിലെ ബി.ജെ.പി നേതാവ് കിരോഡി ലാൽ മീണ മന്ത്രിസ്ഥാനവും പാർട്ടി പദവികളും രാജിവച്ചു. കിഴക്കൻ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന അദ്ദേഹം ഏഴ് സീറ്റുകളിൽ ഏതെങ്കിലുമൊന്ന് നഷ്ടപ്പെട്ടാൽ രാജി വയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി പരാജയപ്പെട്ടു. പാർട്ടിയെ വിജയിപ്പിക്കാനായില്ലെന്നും മന്ത്രിസഭയിൽ തുടരാൻ ധാർമ്മികമായ അവകാശമില്ലെന്നും വ്യക്തമാക്കിയായിരുന്നു രാജി പ്രഖ്യാപനം. മുമ്പ് മീണയുടെ മണ്ഡലമായിരുന്ന ദൗസയിൽ ബി.ജെ.പിയുടെ കനയ്യ ലാൽ മീണയെ കോൺഗ്രസ് സ്ഥാനാർത്ഥി മുറാലി ലാൽ മീണ 2.3 ലക്ഷത്തോളം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഫലപ്രഖ്യാപനത്തിന് ശേഷം മീണ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
'വർഷങ്ങളായി തനിക്ക് സ്വാധീനമുള്ള മേഖലയിൽ പാർട്ടിയെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ കണ്ട് രാജിക്കാര്യം അറിയിച്ചു. ഹൈക്കമാൻഡ് എന്നോട് ഡൽഹിയിലേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ജയിച്ചില്ലെങ്കിൽ രാജിവയ്ക്കുക എന്നത് എന്റെ ധാർമ്മിക കടമയാണ്" -മീണ പറഞ്ഞു.
പാർട്ടിയിലും സർക്കാരിലുമുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്ന അഭ്യൂഹം അദ്ദേഹം തള്ളി.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്കും രണ്ട് ഉപമുഖ്യമന്ത്രിമാർക്കും ശേഷം മുതിർന്ന മന്ത്രിയാണ് മീണ. രാജ്യസഭ, ലോക്സഭാ എം.പിയായും അഞ്ചുതവണ എം.എൽ.എ ആയും പ്രവർത്തിച്ചു.
ദൗസയിൽ ബി.ജെ.പി വിജയിച്ചില്ലെങ്കിൽ താൻ രാജിവയ്ക്കുമെന്ന് അദ്ദേഹം പ്രചാരണത്തിനിടെ പലതവണ പറഞ്ഞിരുന്നു.
ദൗസയെ കൂടാതെ കിഴക്കൻ രാജസ്ഥാനിലെ ടോങ്ക്, സവായ് മധോപുർ, കരൗലിധോൽപുർ, ഭരത്പൂർ എന്നിവിടങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |