ന്യൂഡൽഹി: അർദ്ധരാത്രിയിൽ പൊടുന്നനെ വീടുകൾക്ക് മേൽ ബുൾഡോസർ പ്രയോഗിക്കാനാകില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിന് കടുത്ത മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. ബുൾഡോസർ പ്രയോഗം അധികൃതരുടെ അധികാര ഹുങ്കാണെന്നും പരാതിക്കാരന് ഇടക്കാല നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ യു.പി സർക്കാർ നൽകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
റോഡ് വീതീക്കൂട്ടലിന്റെ പേരിൽ ഒരു നടപടിക്രമവും പാലിക്കാതെ അർദ്ധരാത്രിയിൽ വീട് പൊളിച്ചുനീക്കിയെന്ന യു.പി മഹാരാജ്ഗഞ്ചിലെ മനോജ് തിബ്‌രേവാൾ ആകാശ് നൽകിയ പരാതി പരിഗണിക്കവെയാണ് രൂക്ഷവിമർശനം. 2019ലായിരുന്നു സംഭവം. റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് പത്രത്തിൽ വാർത്ത നൽകിയതിനാണ് തന്റെ വീട് പൊളിച്ചതെന്ന് മനോജ് ചൂണ്ടിക്കാട്ടി.
3.7 ചതുരശ്ര മീറ്ററിന് വേണ്ടി
3.7 ചതുരശ്ര മീറ്റർ പൊതുഭൂമി കൈയേറിയെന്നാണ് സർക്കാർ പറയുന്നത്. അത് ശരിയാണെങ്കിൽ പോലും എങ്ങനെ ഇത്തരത്തിൽ പൊളിച്ചുനീക്കാൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു. നോട്ടീസ് പോലും നൽകാതെ ഒരാളുടെ വീട് പൊളിച്ചു. നടപടിക്രമം പാലിച്ചില്ല. സ്ഥലത്തുപോയി ഉച്ചഭാഷണിയിലൂടെ വിളിച്ചുപറഞ്ഞ ശേഷമാണിത്. ഇത് നിയമലംഘനമാണ്. കുടുംബത്തിന് ഒഴിയാനുള്ള സമയം പോലും നൽകിയില്ല. കൈയേറ്റ മേഖല ഏതെന്ന് പോലും അധികൃതർ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. 123 വീടുകൾ ഇത്തരത്തിൽ പൊളിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നടപടിക്ക് നിർദ്ദേശം
ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ യു.പി ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കണം. ആവശ്യമെങ്കിൽ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്യാം. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണം.
സംസ്ഥാനങ്ങൾക്ക് മാർഗരേഖ
റോഡ് വീതികൂട്ടലിനായി കൈയേറ്റമൊഴിപ്പിക്കുന്നതിൽ സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗരേഖയും സുപ്രീംകോടതി പുറത്തിറക്കി.
1. റോഡിന്റെ നിലവിലെ വീതി പരിശോധിക്കണം
2. കൈയേറ്റമുണ്ടെങ്കിൽ അവ നീക്കാൻ നോട്ടീസ് നൽകണം
3. എതിർപ്പുന്നയിച്ചാൽ ഉത്തരവായി കൈമാറണം
4. പാലിച്ചില്ലെങ്കിൽ കൈയേറ്റമൊഴിയാൻ ന്യായമായ സമയം നൽകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |