ലണ്ടൻ : എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിലെ രാജകീയ വിവാഹത്തിന്റെ വിരുന്നിൽ വിതരണം ചെയ്ത കേക്ക് പീസ് 2,200 ( 2,41,090 രൂപ) പൗണ്ടിന് ലേലം ചെയ്തു. 77 വർഷം പഴമുള്ള ഈ കേക്ക് പീസ് ശരിക്കും 2,000 അതിഥികൾക്കായി തയ്യാറാക്കിയ 9 അടി ഉയരവും 226 കിലോഗ്രാം ഭാരവുമുള്ള നാല് നിലയിലെ കൂറ്റൻ ഫ്രൂട്ട് കേക്കിന്റെ ഭാഗമാണ്. വിവാഹത്തിന് ബക്കിംഗ്ഹാം പാലസിൽ ഒരുക്കിയ 12 വെഡ്ഡിംഗ് കേക്കുകളിൽ പ്രധാനപ്പെട്ടതായിരുന്നു ഇത്. 1947 നവംബർ 20നായിരുന്നു എലിസബത്തിന്റെ വിവാഹം.
ബ്രിട്ടീഷ് ഭരണാധികാരിയുടെ സ്കോട്ട്‌ലൻഡിലെ ഔദ്യോഗിക വസതിയായ ഹോളിറൂഡ് ഹൗസ് പാലസിന്റെ മേൽനോട്ടക്കാരിയായിരുന്ന മാരിയൻ പോൾസണിന് സമ്മാനിച്ച കേക്കാണ് ഇപ്പോൾ ലേലം ചെയ്തിരിക്കുന്നത്. 1980കളിൽ മരിക്കുന്നത് വരെ മാരിയൻ ഈ കേക്ക് ഭദ്രമായി സൂക്ഷിച്ചു. ആഡംബര ബോക്സിനുള്ളിലെ കേക്ക് പീസ് സൂട്ട്കേസിലാക്കി കട്ടിലിന്റെ അടിയിലാണ് സൂക്ഷിച്ചിരുന്നത്.
എലിസബത്തിന്റെ കത്തും ഒപ്പമുണ്ടായിരുന്നു. ഈ വർഷം ആദ്യമാണ് മാരിയന്റെ കുടുംബം കേക്ക് ലേലം ചെയ്യാൻ തീരുമാനിച്ചത്. കേക്ക് പീസിന് 500 പൗണ്ട് ലഭിക്കുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. ചൈനയിൽ നിന്ന് ഫോൺ മാർഗ്ഗം ബന്ധപ്പെട്ട ഒരാളാണ് കേക്ക് സ്വന്തമാക്കിയത്.
എലിസബത്തിന്റെ മകൻ ചാൾസ് മൂന്നാമൻ രാജാവും ഡയാന രാജകുമാരിയും തമ്മിലെ വിവാഹത്തിലെ കേക്കിന്റെ ഒരു പീസ് 2022ൽ 170 പൗണ്ടിന് ( 15,864 രൂപ ) ലേലം ചെയ്തിരുന്നു. അഞ്ച് അടി നീളവും അഞ്ച് പാളികളുമുണ്ടായിരുന്ന കൂറ്റൻ ഫ്രൂട്ട് കേക്കിന്റെ മദ്ധ്യ ഭാഗത്ത് നിന്നുള്ള കഷണമായിരുന്നു ഇത്. 2014ൽ ഇതേ ഫ്രൂട്ട് കേക്കിന്റെ ഒരു പീസ് 990 പൗണ്ടിനും ( 91,772 രൂപ ) വിറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |