മലയാളികൾക്ക് മാജിക്ക് എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്ന പേരുകളിൽ ഒന്നാണ് ഗോപിനാഥ് മുതുകാടിന്റേത്. അത്രയും പ്രിയപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അടുത്തിടെ അദ്ദേഹം മാജിക് ഉപേക്ഷിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിന്നാല ചില വിവാദങ്ങളും അദ്ദേഹത്തെ പിന്തുടർന്നിരുന്നു. പത്താം വയസിലാണ് ആദ്യമായി ഒരു വേദിയിൽ മാജിക് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ ആദ്യമായി നടത്തിയ ആ ഷോയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നുപറയുകയാണ് മുതുകാട്. ഒരു വേദിയിൽ വച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
ഗോപിനാഥ് മുതുകാടിന്റെ വാക്കുകളിലേക്ക്...
'ആദ്യമായി മാജിക് അവതരിപ്പിക്കുന്നത് പത്താമത്തെ വയസിലാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീട്ടിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലത്ത് അച്ഛന്റെ നെഞ്ചിൽ കിടുന്നുറങ്ങുമ്പോൾ അച്ഛൻ പറഞ്ഞ കഥകൾ കേട്ടാണ് ഞാൻ മാജിക്കിനെ പ്രണയിക്കാൻ തുടങ്ങിയത്. ഏഴാമത്തെ വയസിൽ ഞാൻ മാജിക് പഠിക്കാൻ തുടങ്ങി, പത്താമത്തെ വയസിൽ ഞാൻ മാജിക് ആദ്യമായി പെർഫോം ചെയ്യുകയാണ്. മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷം ആദ്യമായി പെർഫോം ചെയ്യാൻ വേദിയിലേക്ക് ചെല്ലുന്നു.
ആദ്യത്തെ ഷോയായത് കൊണ്ട് വലിയ പ്രതീക്ഷയായിരുന്നു. അച്ഛനും അമ്മയും കുടുംബവും എല്ലാം വേദിയിലുണ്ടായിരുന്നു. ഒരു കയറിനെ മുറിച്ച് രണ്ടാക്കി അത് വീണ്ടും കൂട്ടിയോചിപ്പിക്കുന്നതാണ് മാജിക്ക്. അന്ന് ഓഡിയൻസിൽ നിന്നും ഒരാളെ വിളിക്കുന്നു. കയർ രണ്ടായി മുറിക്കുന്നു. അന്ന് വേദയിൽ വന്നത് എന്നേക്കാൾ ഉയരമുള്ള ഒരു പയ്യനായിരുന്നു. അവന്റെ ആദ്യത്തെ നോട്ടം കണ്ട് ഞാൻ പകുതി തീർന്നു. മാജിക്കിനായി എന്റെ കുഞ്ഞുവിരലിൽ ഒളിപ്പിച്ച കയർ അവൻ കണ്ടു. അവൻ ബലമായി കയ്യിൽ പിടിച്ച് എന്റ കയ്യിൽ ഒളിപ്പിച്ച കയർ പുറത്തേക്കെടുത്തു.
ഇതോടെ എന്റെ മാജിക്ക് ഫ്‌ളോപ്പ്. പിന്നാലെ ഓഡിയൻസ് കൂവി. ഞാൻ സ്‌റ്റേജിന്റെ പിന്നിലേക്ക് കരഞ്ഞുകൊണ്ടോടി. ഷോ കാണാൻ കാത്തിരുന്ന അച്ഛൻ സ്റ്റേജിന്റെ പിറകിലേക്ക് വന്നു. അച്ഛനെ കെട്ടിപ്പിടിച്ച് ഞാൻ പറഞ്ഞു, അച്ഛാ എനിക്ക് മാജിക് പറ്റില്ലെന്ന്. അന്ന് അച്ഛൻ എന്നോട് പറഞ്ഞൊരു വചനമുണ്ട്. ഇന്ന് വരെ ജീവിതത്തിൽ കേട്ട മോട്ടിവേഷൻ എന്ന് പറയുന്നത് അതാണ്. 'കുട്ടിയെ, വിജയത്തിൽ നിന്ന് നിനക്ക് ഒരു പാഠവും പഠിക്കാൻ പറ്റില്ലെടാ. പരാജയത്തിൽ നിന്ന് മാത്രമേ നിനക്ക് പാഠങ്ങൾ പഠിക്കാൻ സാധിക്കുകയുള്ളൂ'. എന്റെ ജീവിതത്തിൽ സോക്രട്ടീസോ, അരിസ്‌റ്റോട്ടിലോ, പ്ലേറ്റോ ഒന്നുമല്ല. എഴുത്തും വായനയും അറിയാത്ത എന്റെ അച്ഛനാണ് ജീവിതത്തിൽ ഏറ്റവും ശക്തമായ പാഠം പറഞ്ഞുതന്നത്'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |