കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത്. യുവതിയുടെ ഭർത്താവ് രാഹുൽ പി ഗോപാൽ കേസിൽ ഒന്നാം പ്രതിയാണ്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികൾ. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവിൽ പൊലീസ് ഓഫീസർ ശരത് ലാൽ അഞ്ചാം പ്രതിയുമാണ്.
കേസ് റദ്ദാക്കാൻ പ്രതിഭാഗം നൽകിയ ഹർജി അടുത്തമാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ എഫ്ഐആർ ഇട്ട് 60-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ കേസിൽ ഇരയായ യുവതി മൊഴിമാറ്റിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ രാഹുൽ ഹെെക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു.
ആദ്യം ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചെന്ന് പറഞ്ഞ് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ യുവതി മൊഴി മാറ്റുകയായിരുന്നു. ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് അങ്ങനെ പറഞ്ഞതെന്നുമായിരുന്നു യുവതി പറഞ്ഞത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായ ശേഷം യുവതി ഡൽഹിയിലേക്ക് തിരിച്ച് പോയി. പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്നാണ് പ്രതി ഹെെക്കോടതിയെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |