പെൻസിൽവാനിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവച്ചത് ഇരുപതുകാരനെന്ന് യുഎസ് അന്വേഷണ ഏജൻസിയായ എഫ്‌ബിഐ. തോമസ് മാത്യു ക്രൂക്‌സ് എന്നയാളാണ് ട്രംപിനെ വെടിവച്ചത്. അക്രമിയുടേതെന്ന് കരുതുന്ന എആർ15 സെമി ഓട്ടോമാറ്റിക് റൈഫിൾ കണ്ടെടുത്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്ന് യുഎസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. യുഎസിനെ രാഷ്ട്രീയ നേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുകയും അവർക്കെതിരായുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന ഏജൻസിയാണ് സീക്രട്ട് സർവീസ്.
ശനിയാഴ്ച വൈകുന്നേരം 6.15 ന് (പ്രാദേശിക സമയം) പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിനുനേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വലതുചെവിക്ക് വെടിയേറ്റതായാണ് റിപ്പോർട്ട്.
വലതു ചെവിയിൽ വെടിയേറ്റുവെന്നും മുഴങ്ങുന്ന ശബ്ദം കേട്ടപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നുമാണ് സംഭവത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്. വെടിയുണ്ട ശരീരത്തിൽ തട്ടുന്നത് തനിക്ക് അനുഭവപ്പെട്ടുവെന്ന് ട്രംപ് ആശുപത്രിയിൽ വച്ച് പറഞ്ഞുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെടിവയ്പ്പിൽ പരിക്കേറ്റ ട്രംപ് ആശുപത്രി വിട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപ് പിറ്റ്‌സ്‌ബർഗിൽ നിന്ന് പുറപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ അറിയിച്ചു. അടുത്തയാഴ്‌ച നടക്കുന്ന റിപ്പബ്ളിക്കൻ നാഷണൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ക്യാംപെയിൻ ടീം വ്യക്തമാക്കി.
അതേസമയം, ട്രംപിനുനേരെ വെടിയുതിർത്ത തോമസ് മാത്യു ക്രൂക്‌സും കൂട്ടാളിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. റാലി നടക്കുന്നതിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് അക്രമി വെടിവച്ചത്. അക്രമി എട്ടുതവണ വെടിവച്ചുവെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |