കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം നടന്നത്. ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷപരിപാടികൾ ഇന്നാണ് അവസാനിക്കുക. വിവാഹത്തിന് പിന്നാലെ നിരവധി സെലിബ്രിറ്റികൾ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അതിൽ താരങ്ങൾ ധരിച്ച വസ്ത്രങ്ങളും ഏറെ ചർച്ചയായതാണ്. ഇപ്പോഴിതാ ചിത്രവും രസകരമായ ഒരു അടിക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ.
'അനന്ത് - രാധിക വിവാഹത്തിന് ഞാൻ ധരിക്കാതിരുന്നത്' എന്ന അടിക്കുറിപ്പോടെ ഫ്ലോറൽ പ്രിന്റുള്ള വെെറ്റ് ഓർഗാൻസ സാരി ധരിച്ചിരിക്കുന്ന ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. ഈ ചിത്രങ്ങൾ ഇപ്പോൾ വെെറലാണ്. 'അനന്ത് - രാധിക വിവാഹത്തിൽ പങ്കെടുത്തപ്പോൾ ധരിച്ചത്' എന്ന അടിക്കുറിപ്പോടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളും തെന്നിന്ത്യൻ താരങ്ങളും അവരുടെസോഷ്യൽ മീഡിയ പേജുകളിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പിന്നാലെ അഹാനയുടെ രസകരമായ ഈ പോസ്റ്റ്.
നിരവധി കമന്റും അഹാനയുടെ പോസ്റ്റിന് ലഭിക്കുന്നുണ്ട്. 'സൂപ്പർ', 'ലിപ്‌സ്റ്റിക് ഇത്രേം വേണ്ടായിരുന്നു', 'ക്യാപ്ഷൻ കണ്ട് കുറെ ചിരിച്ചു നന്ദി' എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും നടിയുടെ നർമബോധത്തെ ആരാധകർ അഭിനന്ദിക്കുന്നുണ്ട്.
'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അഹാന കൃഷ്ണ. നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സോഷ്യൽ മീഡിയയിലും സജീവമാണ്. സ്റ്റീവ് ലോപ്പസിന് ശേഷം അൽത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടൊവീനോ ചിത്രം ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടു. ഷൈൻ ടോം ചാക്കോ നായകനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അടിയാണ് ഏറ്റവും ഒടുവിൽ അഹാനയുടേതായി റിലീസ് ചെയ്തത്. നാൻസി റാണിയാണ് നടിയുടെ ഇനി റിലീസ് ചെയ്യാൻ പോകുന്ന പുതിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |