SignIn
Kerala Kaumudi Online
Saturday, 17 August 2024 10.09 AM IST

കാറ്റിൽ ഉലഞ്ഞ് ആലപ്പുഴ

മരംവീണ് വ്യാപകനാശം, ഗതാഗതതടസം

ആലപ്പുഴ : ഇന്നലെ രാവിലെ മുതൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപകനാശനഷ്ടം. മട്ടാഞ്ചേരി പാലത്തിന് സമീപം കാറ്റിൽ മരം മറിഞ്ഞ് ദേഹത്ത് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. വിവിധ ഭാഗങ്ങളിലായി 34 വീടുകളാണ് ഭാഗികമായി തകർന്നത്. റോഡിൽ മരം വീണ് ദേശീയപാതയിലടക്കം ഗതാഗത കുരുക്കുണ്ടായി.

ആലപ്പുഴ - മധുര റോഡിൽ ആറ് മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. തോണ്ടൻകുളങ്ങരയിൽ മരം വീണ് ഓട്ടോറിക്ഷ പൂർണമായും, നിരവധി വാഹനങ്ങൾ ഭാഗികമായും തകർന്നു. മഴയിൽ ദേശീയപാത വഴിയുള്ള യാത്രയും ദുഷ്കരമായി.

ശക്തമായ കാറ്റിൽഅമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ അറക്കൽ പ്രതാപ കുമാറിന്റെ വീടിനു മുകളിൽ മരങ്ങൾ മറിഞ്ഞു വീണതിനെ തുടർന്ന് മേൽക്കൂര തകർന്നു .തിങ്കളാഴ്ച്ച ഉച്ചയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ കുടംപുളിമരവുംമാവും മറിഞ്ഞു വീഴുകയായിരുന്നു . അടുക്കള ഭാഗം ഭാഗികമായി തകർന്നു.

ഗൾഫ് സ്വപ്നം കണ്ടുള്ള യാത്ര ; കാത്തിരുന്നത് ദുരന്തം

ഈയാഴ്ച സൗദി അറേബ്യയിൽ വെൽഡിംഗ് ജോലിക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ആലപ്പുഴ പി.എച്ച് വാർഡ് സിയാ മൻസിലിൽ ഉനൈസ് ഉബൈദ് (28). ഇതു സംബന്ധിച്ച ആവശ്യത്തിനാണ് ഇന്നലെ രാവിലെ ഭാര്യ അലീഷയ്ക്കൊപ്പം (25) ഉനൈസ് സ്കൂട്ടറിൽ മട്ടാഞ്ചേരി പാലത്തിന് സമീപമുള്ള കോമൺ സർവീസ് സെന്ററിലേക്ക് പുറപ്പെട്ടത്. രാവിലെ 11.15 ഓടെ ശക്തമായ മഴയിൽ നിന്ന് രക്ഷതേടി സ്കൂട്ടർ റോഡിൽ നിർത്തിയ ശേഷം പാലത്തിന് വടക്കുവശത്തുള്ള സി.ഐ.ടി.യു ഷെഡ്ഡിലേക്ക് ഇരുവരും കയറി നിന്നു. കാറ്റ് ശക്തിപ്രാപിച്ചതോടെ എതിർവശത്തെ പാഴ്മരം നിലംപതിക്കുമെന്ന് തോന്നിയതിനാൽ ഇരുവരും റോഡിന് പടിഞ്ഞാറ് വശത്തുള്ള കോമൺ സർവീസ് സെന്റർ ലക്ഷ്യമാക്കി ഓടി. പക്ഷേ ദമ്പതികൾ റോഡിന് മദ്ധ്യഭാഗത്തെത്തിയപ്പോഴേക്കും കൂറ്റൻ മരം ഇരുവരുടെയും ദേഹത്തേക്ക് പതിച്ചു. ഓടിക്കൂടിയവർക്ക് മരച്ചില്ലകൾ വകഞ്ഞുമാറ്റി അലീഷയെ വേഗത്തിൽ രക്ഷിക്കാനായി. ആലപ്പുഴ നോ‌ർത്ത് പൊലീസും, ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി, സമീപത്തെ തടി മില്ലിലെ ക്രെയിൻ ഉപയോഗിച്ച് ശരീരത്തിന് മുകളിൽ നിന്ന് മരം എടുത്തു മാറ്റിയാണ് ഉബൈദിനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ആദ്യം ജില്ലാ ആശുപത്രിയിലും, തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഉനൈസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്.

കണ്ണടച്ചു തുറക്കും മുമ്പ് അപകടം

നിമിഷങ്ങൾക്ക് മുമ്പ് സംസാരിച്ച ദമ്പതികൾ കൺമുന്നിൽ അപകടത്തിൽപ്പെട്ടതിന്റെ ആഘാതത്തിലാണ് അപകടസ്ഥലത്ത് പെട്ടിക്കട നടത്തുന്ന സാദിക്കും, ചുമട്ടുതൊഴിലാളി അശോകനും. ഇരുവരും കടയ്ക്കുള്ളിൽ നിൽക്കുമ്പോഴാണ് കടയ്ക്ക് മുന്നിൽ സ്കൂട്ട‌ർ നിർത്തി ദമ്പതികൾ തൊട്ടു പിന്നിലെ ഷെഡ്ഡിലേക്ക് കയറി നിന്നത്. കാറ്റ് ശക്തി പ്രാപിച്ച് പാഴ്മരം ഉലയുന്നത് കണ്ടപ്പോൾ ഓടാമെന്ന് അശോകൻ പറഞ്ഞു. വാക്കുകൾ മുഴുവനാക്കും മുമ്പേ, മരം നിലം പതിച്ചു. അപ്പോഴേക്കും ദമ്പതികൾ മരത്തിന് അടിയിലായിപ്പോയിരുന്നു. കാലൊടിഞ്ഞ അലീഷയെ സാദിക്കും അശോകനും ചേർന്നാണ് വലിച്ചെടുത്തത്. അടുത്തിടെ പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും, ഇന്നലെ മറിഞ്ഞുവീണ മരം അപകടസാദ്ധ്യതാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഇന്നലെ വീണ മരത്തിന് തൊട്ടടുത്ത് നിന്നിരുന്ന മരം കഴിഞ്ഞ ദിവസം വെട്ടി മാറ്റി. പ്രദേശത്ത് മനുഷ്യ ജീവന് ഭീഷണിയായി നിൽക്കുന്ന എല്ലാ മരങ്ങളും നീക്കം ചെയ്യണം

- പ്രദേശവാസികൾ

വെട്ടി മാറ്റേണ്ട മരങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടാത്ത മരമാണ് നിലം പതിച്ചത്. അപകടസാധ്യതയുള്ളവയെ അടിയന്തരമായി നീക്കം ചെയ്യും
- നഗരസഭാ അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.