ആറ്റിങ്ങൽ: ആലംകോട്ടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ചിറയിൻകീഴ് അഴൂർ ശാസ്തവട്ടം തുന്നരികത്ത് വീട്ടിൽ സിദ്ധിഖ് (35),കൊല്ലം പരവൂർ പുത്തൻകുളം തൊടിയിൽ വീട്ടിൽ വിജി (30), ആറ്റിങ്ങൽ മങ്കാട്ടുമൂല കോളനി, ആതിര ഭവനിൽ അജിത് (29) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.
ചെമ്പ് - വെള്ളി ആഭരണങ്ങളിൽ തൂക്കത്തിന്റെ 25 ശതമാനം സ്വർണം പൂശിയാണ് സംഘം തട്ടിപ്പ് നടത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജനുവരി മുതൽ ജൂലായ് വരെയുള്ള കാലയളവിൽ ഏകദേശം 50 പവൻ,വ്യാജമായി നിർമ്മിച്ച ആധാർ കാർഡ്,വോട്ടർ ഐ.ഡി, ഉത്തരേന്ത്യക്കാരുടെ പേരിലെടുത്ത മൊബൈൽ കണക്ഷൻ എന്നിവ ഉപയോഗിച്ച് പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ.ജി,എസ്.ഐമാരായ സജിത്ത്.എസ്,ജിഷ്ണു എം.എസ്,എസ്.സി.പി.ഒമാരായ ശരത്‌കുമാർ.എൽ.ആർ,പ്രേംകുമാർ, സി.പി.ഒ വിഷ്ണുലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
സ്ത്രീകൾ മാനേജർമാരായ
സ്ഥാപനങ്ങൾ ലക്ഷ്യമിടും
വളരെ നല്ല രീതിയിൽ വേഷം ധരിച്ചെത്തി തെറ്റായ വിവരങ്ങൾ നൽകുന്ന ഇവർ സ്ത്രീകൾ മാനേജർമാരായ സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്.
ബംഗളൂരു സ്വദേശിയിൽ നിന്നാണ് ഇവർ സ്വർണം പൂശിയ ആഭരണങ്ങൾ വാങ്ങിയിരുന്നത്. ഹാൾമാർക്കും 916 അടയാളങ്ങളും പതിപ്പിച്ചിട്ടുള്ള ആഭരണങ്ങൾ സാധാരണ രീതിയിൽ പരിശോധിച്ചാൽ മനസിലാകില്ല. തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പല പേരുകളിലായി പ്രതികൾ പണയംവച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പല പേരുകളിലുള്ള ആധാർ കാർഡിന്റെ കോപ്പികളും പ്രതികളിൽ നിന്ന് കണ്ടെത്തി. ഇവരെ റിമാൻഡ് ചെയ്‌തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്.എച്ച്.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |