അഹമ്മദാബാദ്: പൈലറ്റായ ഭർത്താവിനെതിരെ യുവതിയുടെ ഗാർഹിക പീഡനപരാതി. ഡെറാഡൂൺ സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്ത് വന്നത്. കൂട്ടുകാർക്ക് മുന്നിൽ വിവസ്ത്രയാകാൻ ഭർത്താവ് ആവശ്യപ്പെട്ടെന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. വി.എഫ്.എക്സ് ആർട്ടിസ്റ്റാണ് യുവതി. എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ 2019ലാണ് ദമ്പതികൾ വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് ഭർത്താവിന്റെ പീഡനം ആരംഭിച്ചതെന്നാണ് യുവതി പറയുന്നത്.
ജോലി സംബന്ധമായി കൊൽക്കത്തയിലും മുംബയിലുമൊക്കെ താമസിക്കുമ്പോൾ ഭർത്താവ് വീട്ടിൽ പാർട്ടികൾ സംഘടിപ്പിക്കുമായിരുന്നു. എന്നാൽ തന്നെ ഉന്നമിട്ടായിരുന്നു ഈ പാർട്ടികളെന്ന് യുവതി പറഞ്ഞു. പാർട്ടികളിൽ യുവാവിന്റെ സുഹൃത്തുക്കളാണ് പങ്കെടുക്കാറ്. പാർട്ടിയിൽ ട്രൂത്ത് ഓർ ഡെയർ ഗെയിം ഉണ്ടായിരിക്കും. ഒന്നുകിൽ ഒരുപാട് നാൾ മറച്ചുവച്ചിരിക്കുന്ന എന്തെങ്കിലും സത്യം പറയുക, അല്ലെങ്കിൽ ഗെയിമിൽ പങ്കെടുക്കുന്നവർ പറയുന്നത് അനുസരിക്കുക, ഇതായിരുന്നു ഗെയിമിന്റെ രീതി. കൂട്ടുകാർക്ക് മുന്നിൽ വിവസ്ത്രയാകുക എന്നതാണ് ഭാര്യക്ക് നൽകുന്ന ഡെയർ. ഇതിന് വിസമ്മതിച്ചാൽ മർദ്ദനം തുടങ്ങും. പീഡനം സഹിക്കാനാവാതെ ആയതോടെ യുവതി പരാതി നൽകുകയായിരുന്നു.
അടുത്തിടെ ഗുജറാത്തിലെ ഖൊറാജ് ടൗൺ ഷിപ്പിലേക്ക് താമസം മാറിയപ്പോഴും പീഡനം തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. നിരവധി ബോളിവുഡ് സിനിമകളിൽ 35കാരിയായ യുവതി വി.എഫ്.എക്സ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ പൈലറ്റാണ് ഭർത്താവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |