ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ ഡി.എം.കെ നേതൃത്വം തീരുമാനിച്ചതായി റിപ്പോർട്ട്. ആഗസ്റ്റ് 22ന് സ്റ്റാലിൻ അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് സ്ഥാനക്കയറ്റം നൽകുമെന്നാണ് സൂചന.ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്നാണ് ഡി.എം.കെ വൃത്തങ്ങൾ സൂചിപ്പിച്ചു. ജനുവരിയിൽ ഡി.എം.കെ യുവജന വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ആവശ്യപ്രകാരം ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഉയർത്തിക്കൊണ്ടുവരാനും നീക്കമുണ്ടായി. എന്നാൽ നേതാക്കൾക്കിടയിൽ സമവായമുണ്ടാകാത്തതിനാൽ തീരുമാനമായില്ല.
എന്നാൽ കഴിഞ്ഞ ലോക‌്‌സഭാ തിരഞ്ഞെടുപ്പിൽ 40ൽ 40 സീറ്റും ഡി.എം.കെ മുന്നണി നേടിയതോടെ പ്രചാരണത്തിന് നേതൃത്വം നൽകിയ
ഉദയനിധിയുടെ പേര് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ പിതാവ് എം.കരുണാനിധി ഉപമുഖ്യമന്ത്രിയാക്കിയത്. ഉദയിനിധിക്ക് പുതിയ പദവി ലഭിക്കുന്നതോടെ സ്റ്റാലിനു ശേഷം അധികാരം ആർക്കെന്ന ചോദ്യത്തിന് ഉത്തരമാകും.
നിലവിൽ യുവജന വിഭാഗം സെക്രട്ടറി കൂടിയായ എം.കെ.സ്റ്റാലിൻ കഴിഞ്ഞ കുറച്ചു നാളായി സംഘടനയുടെ മേഖലാതല യോഗങ്ങളിൽ പങ്കെടുത്തുവരികയാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘടനയെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ നടത്തുന്ന നീക്കത്തെ കുറിച്ച് ജനുവരി 13ന് കേരളകൗമുദി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ഒരേയൊരു പിൻഗാമി
2018ൽ കരുണാനിധി മരിക്കുന്നതുവരെ എം.കെ.സ്റ്റാലിനായിരുന്നു ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറി. അതിനുശേഷം ആ പദവിയിലേക്ക് ഉദയനിധി സ്റ്റാലിനെ എത്തിച്ചതോടെയാണ് ഉദയനിധിയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശത്തിന് തുടക്കമാകുന്നത്. 2021 ൽ എം.എൽ.എ ആയി. ആദ്യവട്ടം മന്ത്രിസഭയിൽ മകനെ സ്റ്റാലിൻ ഉൾപ്പെടുത്തിയില്ല. അധികം വൈകാതെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
ഉദയനിധിയെ ഉപമുഖ്യയാക്കാനുള്ള നീക്കം ഡി.എം.കെയിൽ ജനാധിപത്യമില്ലാത്തതിന്റെ തെളിവാണെന്ന ആരോപണവുമായി അണ്ണാ ഡി.എം.കെ നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |