ചടയമംഗലം: പട്ടാപ്പകൽ ജൂവലറിയിൽ ജീവനക്കാരുടെ മുഖത്ത് സ്‌പ്രേ അടിച്ച് സ്വർണമാല മോഷ്ടിക്കാൻ ശ്രമം. ചടയമംഗത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ചടയമംഗലം മഹാദേവർ ക്ഷേത്രത്തിന് പിന്നിലെ ജൂവലറിയിലാണ് മോഷണശ്രമം നടന്നത്.
ഇരുചക്ര വാഹനത്തിലെത്തിയ യുവതിയും യുവാവുമാണ് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത്. മാല ആവശ്യപ്പെടുകയും കുറച്ചുനേരം തെരയുകയും ചെയ്തു. ഇതിനിടെ യുവതി രണ്ട് പവന്റെ മാല കൈക്കലാക്കി. ഉടൻ യുവാവ് പാന്റിന്റെ പോക്കറ്റിൽ കരുതിയിരുന്ന സ്‌പ്രേ ജീവനക്കാരുടെ മുഖത്തേക്കും ദേഹത്തേയ്ക്കും അടിക്കുകയായിരുന്നു.
എന്നാൽ ഈ സമയം യുവതി മാല തൂക്കിനോക്കാൻ നൽകിയിരുന്നു. ഇതറിയാതെയാണ് യുവാവ് സ്‌പ്രേ ചെയ്തത്. ടൈമിംഗ് തെറ്റിയതിനാൽ മോഷണശ്രമം പരാജയപ്പെട്ടു. വേഗം പുറത്തിറങ്ങിയ യുവതി ബൈക്ക് ഓണാക്കി യുവാവ് പിന്നിൽ കയറി രക്ഷപ്പെടുകയായിരുന്നു. സ്വർണം നഷ്ടപ്പെട്ടിട്ടില്ല.
ജീവനക്കാർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുമില്ല. മോഷ്ടാക്കൾ കറുത്തമാസ്ക് ധരിച്ചിരുന്നു. ആകാശനീല നിറത്തിലുള്ള കുർത്തിയായിരുന്നു യുവതിയുടെ വേഷം. കറുത്ത നിറത്തിലുള്ള ഷർട്ടും പാന്റും ആയിരുന്നു വേഷം. ചടയമംഗലം എസ്.എച്ച്.ഒ സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തുമെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |