ഹരിപ്പാട്: കാറിൽ ചാരായം കടത്തിയ കേസിലെ അന്വേഷണത്തിൽ നിരവധി മോഷണ കേസുകളിലെ പ്രതി കുടുങ്ങി. പള്ളിപ്പാട് വില്ലേജിൽ പള്ളിപ്പാട് പഞ്ചായത്ത് നടുവട്ടം ജീവൻ വില്ലയിൽ ജിൻസ് തോമസ് (20), ചാരായം കടത്താൻ കൂടെ ഉണ്ടായിരുന്ന പള്ളിപ്പാട് ശരൺ ഭവനിൽ കിരൺ (19 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 21ന് രാത്രികാല പട്രോളിങ്ങിനിടയിൽ കൂട്ടംകൈത ഭാഗത്ത് കണ്ട കാർ പൊലീസ് പരിശോധിച്ചപ്പോൾ ഇതിൽനിന്നും ചാരായം കണ്ടെത്തി. വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടുകയും ചെയ്തു.
വാഹനം കൂടുതൽ പരിശോധിച്ചപ്പോൾ അതിൽ നിന്നും ഫോണും തിരിച്ചറിയൽ രേഖകളും ലഭിച്ചു. ഫോൺ പരിശോധിച്ചപ്പോൾ നിരവധി മോഷണ കേസിലെ പ്രതിയായ ജിൻസന്റെ ഫോണാണ് അതെന്ന് മനസിലായി.
മോഷ്ടിക്കുന്ന പണം അർഭാടജീവിതത്തിനാണ് ജിൻസ് വിനിയോഗിച്ചിരുന്നത്. പൊലീസ് പിടിയിലാവാതിരിക്കാൻ വേണ്ടി ആഴ്ചയിൽ സിം മാറുന്നതും ബാംഗ്ലൂർ,തമിഴ് നാട് എന്നി വിടങ്ങളിൽ തങ്ങുന്നതും ജിൻസിന്റെ പതിവായിരുന്നു. ഒരു ലോഡ്ജിൽ ഒരാഴ്ച മാത്രമേ താമസിക്കുകയുള്ളൂ. സി.സി ടിവി കാമറകൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ എറണാകുളത്തുനിന്ന് പിടിയിലായത്.
ഹരിപ്പാട് എസ്.എച്ച് .ഒ മുഹമ്മദ് ഷാഫി, എസ്.ഐ മാരായ ശ്രീകുമാർ, ഷൈജ, സി.പി.ഒമാരായ നിഷാദ്, വിപിൻ , അൽ അമീൻ, .പ്രദീപ് ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ജിൻസിന്റെ പ്രധാന ഇരകൾ വ്യാപാരികൾ
ഹരിപ്പാട്ടെ കടകളിൽ നിന്നും 500,1000,2000 രൂപ വീതം മോഷണം പോകുന്നെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ൾ ജിൻസ് ആണ് പ്രതി എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ നഷ്ടപ്പെട്ടത് ചെറിയ തുക ആയതിനാൽ കടയുടമകൾ കേസിന് താല്പര്യപ്പെട്ടില്ല. മുനിസിപ്പാലിറ്റിയിൽ നിന്നും വരുന്ന ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് ലൈസൻസ് മറ്റും ആവശ്യപ്പെടുകയും ഇത് എടുക്കാൻ ഉടമ തിരിയുമ്പോൾ മോഷണം നടത്തുകയുമായിരുന്നു പതിവ്. ഇതു കൂടാതെ
കടയുടെ ഏറ്റവും പുറകിലിരിക്കുന്ന സാധനങ്ങൾ എടുക്കാൻ ആവശ്യപ്പെടുകയും ഇത് എടുക്കാനായി ഉടമ തിരിയുന്ന സമയത്ത് പെട്ടിയിലുള്ള പണം കൈക്കലാക്കുകയും ചെയ്യും.
ചില കേസുകളിൽ പൊലീസ് പിടികൂടിയെങ്കിലും മാതാപിതാക്കൾ പണം കെട്ടിവച്ചു കേസ് ഒത്തുതീർപ്പാക്കിയിരുന്നു. മാന്നാർ, വള്ളികുന്നം സ്റ്റേഷൻ പരിധികളിലും ഇതേ രീതിയിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. തുക കുറവായതിനാൽ ഇവിടെയും പരാതികൾ ഉണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |