ചണ്ഡിഗർ: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹരിയാനയിൽ 'കേജ്‌രിവാളിന്റെ ഗ്യാരന്റി' അവതരിപ്പിച്ച് ആം ആദ്മി പാർട്ടി. സൗജന്യ വൈദ്യുതി, സൗജന്യ ചികിത്സ, കുട്ടികൾക്ക് വിദ്യാഭ്യാസം, യുവാക്കൾക്ക് ജോലി, സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ എന്നിവയാണ് അഞ്ചിന ഗ്യാരന്റികൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത, മുതിർന്ന എ.എ.പി നേതാവ് സഞ്ജയ് സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ എന്നിവർ ഹരിയാനയിലെ പഞ്ച്കുലയിൽ നടന്ന പരിപാടിയിലാണ് പ്രഖ്യാപിച്ചത്.
എ.എ.പി സർക്കാരുകൾ ഡൽഹിയിലും പഞ്ചാബിലും വൻ മാറ്റങ്ങൾ കൊണ്ടുവന്നതായി സുനിത പറഞ്ഞു. മൊഹല്ല ക്ലിനിക്കുകൾ, സർക്കാർ സ്‌കൂളുകളുടെ വികസനം എന്നിവ അവർ ചൂണ്ടിക്കാണിച്ചു. കെജ്‌രിവാളിനെ അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെയാണ് രാജ്യം തിരിച്ചറിഞ്ഞതെന്നും സുനിത പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഡൽഹി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ സുനിത എ.എ.പിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. ഹരിയാനയിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് എ.എ.പി വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറിലായിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേജ്‌രിവാൾ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |