ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ സാധാരണക്കാർക്കായി വമ്പൻ പദ്ധതികൾ. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്‌ത് ബിജിലി പദ്ധതിക്ക് മികച്ച പ്രതികരണമാണ് നേരത്തെയും ലഭിച്ചിട്ടുള്ളത്. വൈദ്യുതി നിരക്ക് കുറയ്‌ക്കാൻ സഹായിക്കുന്ന ഈ പദ്ധതിയിൽ 1.28 കോടി രജിസ്‌ട്രേഷനുകളും 14 ലക്ഷം അപേക്ഷകളും ഇതിനകം ലഭിച്ചിരുന്നു.
സൗരോർജം പ്രയോജനപ്പെടുത്തി സാധാരണ കുടുംബങ്ങൾക്ക് ഗണ്യമായ സാമ്പത്തിക ആശ്വാസം നൽകുന്ന രീതിയിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞത് 15,000 രൂപ മുതൽ 18,000 രൂപ വരെയാണ് കുടുംബങ്ങൾക്ക് പ്രതിവർഷം ലാഭിക്കാൻ സാധിക്കുക. മാത്രമല്ല, സോളാർ പാനൽ ഇൻസ്റ്രാളേഷൻ, മെയിന്റനൻസ് എന്നിവയിൽ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള നിരവധി യുവാക്കൾക്ക് തൊഴിലവസരങ്ങളും ലഭിക്കും.
സോളാർ പദ്ധതിക്ക് കീഴിൽ ഒരു കിലോവാട്ടിന് 9,000 രൂപ മുതൽ 18,000 രൂപ വരെയാണ് വീട്ടുടമകൾക്ക് സബ്‌സിഡി നൽകുന്നത്. കൂടാതെ മൂന്ന് കിലോവാട്ട് മുതൽ അഞ്ച് കിലോവാട്ട് വരെ വരുന്ന ഇൻസ്റ്റലേഷന് വേണ്ടി ചെലവാകുന്ന 2.20 ലക്ഷം രൂപ മുതൽ 3.5 ലക്ഷം രൂപ വരെ സാധാരണ നിങ്ങൾ വൈദ്യുതി ബിൽ അടയ്‌ക്കുന്നതുപോലെ തവണകളായി അടയ്‌ക്കാവുന്നതാണ്. 2016ൽ ആരംഭിച്ച ഈ സോളാർ പദ്ധതിയുടെ കപ്പാസിറ്റി 2.7 ജിഗാവാട്ടായിരുന്നു. എന്നാൽ, വരും വർഷങ്ങളിൽ 40 ജിഗാവാട്ടായി ഉയർത്തുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |