SignIn
Kerala Kaumudi Online
Friday, 26 July 2024 3.58 AM IST

നിപ ജാഗ്രത എങ്ങനെയെല്ലാം?​

nipa

കേരളത്തിൽ അഞ്ചാം തവണയും പ്രത്യക്ഷപ്പെട്ട നിപ വൈറസ് ഇത്തവണ അപഹരിച്ചത് ഒരു ജീവൻ മാത്രമാണെത് ആശ്വാസമാണെങ്കിലും,​ ആറു വർഷത്തിനിടെ സംസ്ഥാനത്ത് ആകെ 21 പേർ മാരകമായ ഈ വൈറസ് രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയെന്നത് മറക്കരുത്. നിപ വൈറസിനെതിരായ ജാഗ്രതയും മുൻകരുതലും ഗൗരവപൂർവം തുടരേണ്ട സമയമാണ് ഇത്.

മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ജന്തുജന്യ രോഗമാണ് ഹെനിപാവൈറസ് ജനുസിൽപ്പെട്ട നിപ വൈറസ് മൂലമുണ്ടാകുന്ന അണുബാധ. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നതുകൊണ്ടാണ് ഈ പേര്. 1999-ൽ,​ മലേഷ്യയിൽ പന്നി കർഷകർക്കിടയിൽ രോഗലക്ഷണങ്ങൾ പ്രകടമായ സമയത്താണ് നിപ സാന്നിദ്ധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ബംഗ്ളാദേശിൽ നിപ വൈറസ് പ്രത്യക്ഷമായി (2001)​. ഇവിടെയും ഇന്ത്യയിലും തുടർന്നുണ്ടായ രോഗബാധ പഴംതീനി വവ്വാലുകളുടെ ശരീരസ്രവങ്ങൾ (മൂത്രമോ ഉമിനീരോ) കലർന്ന പഴങ്ങളുടെ ഉപഭോഗം വഴിയായിരിക്കാമെന്ന് കരുതുന്നു.

രോഗികളുടെ കുടുംബാംഗങ്ങളിലും പരിചരണം നൽകുന്നവരിലും (മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്)​ വൈറസ് പകരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തീവ്ര ശ്വാസകോശ രോഗങ്ങൾ ഉണ്ടായിട്ടുള്ള രോഗികളിൽ നിന്നാണ് പലപ്പോഴും നിപ മറ്റൊരാളിലേക്കു പകരുന്നത്. ചുമ, തുമ്മൽ തുടങ്ങിയവയിലൂടെ വൈറസ് വായുവിൽ കലരാം.

സുരക്ഷിത മാർഗങ്ങളില്ലാതെ രോഗബാധിതരെ പരിചരിക്കുന്നതിലൂടെയോ, രോഗികളുടെ ശരീരസ്രവങ്ങളിൽ നിന്നോ, രോഗിയുടെ വസ്ത്രങ്ങളും സാധന സാമഗ്രികളും അശ്രദ്ധമായി ഉപയോഗിക്കുന്നതിലൂടെയോ, സുരക്ഷിത മാർഗങ്ങൾ അവലംബിക്കാതെയുള്ള രോഗീസന്ദർശനം വഴിയോ, രോഗം ബാധിച്ച് മരണമടഞ്ഞവരുടെ ഭൗതികദേഹം സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാതെ കൈകാര്യം ചെയ്യുന്നതിലൂടെയോ രോഗം പിടിപെടാം.

 രോഗബാധയുള്ള വ്യക്തിയിൽ അണുബാധയുണ്ടാകാതിരിക്കാൻ ഇവരെ പരിചരിക്കുന്നവർ മാസ്ക്, ഗ്ളൗസ് എന്നിവ ഉപയോഗിക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചും കൈകൾ വൃത്തിയാക്കാം.

 രോഗിയുമായി സമ്പർക്കമുണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുള്ള സ്ഥലത്തി നിന്ന് അകലം പാലിക്കുക.

 രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുക.

 വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കുകയോ തെടുക പോലുമോ ചെയ്യരുത്. വവ്വാൽ കടിച്ചെന്നു സംശയിക്കുന്ന പഴങ്ങൾ, വവ്വാലുകളുടെ വിസർജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങൾ തുടങ്ങിയവയുമായി സമ്പർക്കമുണ്ടായാൽ കൈകൾ ഉടനടി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.

(വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സെന്റർ ഫോർ വൺ ഹെൽത്ത് (COHEART),​ പൊതുജനാരോഗ്യ വിഭാഗം എന്നിവയിലെ വിദഗ്ദ്ധർ ചേർന്ന് തയ്യാറാക്കിയത്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, NIPAH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.