കൊല്ലം/: പാലക്കാട് മണ്ണാർക്കാടും കൊല്ലത്തുമായി രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം. കൊല്ലത്ത് മൂന്നാം ക്ലാസുകാരനും മണ്ണാർക്കാട് ആറു വയസുകാരിയും ബസിടിച്ച് മരിച്ചു.
മാതാപിതാക്കൾക്കൊപ്പം സ്കൂളിലേക്ക് പോകവേ മൂന്ന് വീലുള്ള സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് സ്വകാര്യ ബസിനടിയിൽപ്പെട്ട്
മുണ്ടയ്ക്കൽ തെക്കേവിള കടകത്തുതൊടി അശോക ഭവനത്തിൽ ദീപുവിന്റെ മകൻ ഡി.വിശ്വജിത്താണ് (9) മരിച്ചത്. തങ്കശേരി ദേവമാത കോൺവന്റ് സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ 9.25 ഓടെ പോളയത്തോട് ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
മാടൻനടയിൽ നിന്ന് വരികയായിരുന്ന സ്കൂട്ടർ അതേദിശയിൽ പോവുകയായിരുന്ന ബസിനെ പോളയത്തോട് എത്തിയപ്പോൾ മറികടക്കാൻ ശ്രമിച്ചു. ഈ സമയം എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വരുന്നത് കണ്ട് ബ്രേക്കിട്ടപ്പോൾ പിന്നിലിരുന്ന വിശ്വജിത്ത് തെറിച്ച് സ്വകാര്യബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടെ കയറിയിറങ്ങി.
നിയന്ത്രണം തെറ്റി ദീപുവും രമ്യയും റോഡിലേക്ക് വീണെങ്കിലും പരിക്ക് ഗുരുതരമല്ല. നാട്ടുകാർ മൂന്നുപേരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിശ്വജിത്ത് മരിച്ചിരുന്നു. മേടയിൽമുക്കിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രമ്യ.
ഇരവിപുരം പൊലീസ് കേസെടുത്തു. സഹോദരൻ: ദേവജിത്ത്.
നെല്ലിപ്പുഴ ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണ് മണ്ണാർക്കാട് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സ്‌കൂൾ ബസിലെത്തി വീടിനു മുന്നിൽ ഇറങ്ങിയ ഹിബ റോഡ് മുറിച്ച് കടക്കവെ അതേ ബസിനടിയിൽ പെടുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് ബസ് കയറി ഇറങ്ങി. ഉടൻ മദർ കെയർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഉമ്മു ഹബീബ. സഹോദരങ്ങൾ: അമീൻ, അൻഷിദ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |