SignIn
Kerala Kaumudi Online
Sunday, 01 September 2024 11.36 AM IST

മോദി മൂന്നാമത് അധികാരത്തിലേറിയപ്പോൾ, വെറും അഞ്ച് ദിവസം കൊണ്ട് 579 കോടി ആസ്തി വർദ്ധിച്ച വനിത

Increase Font Size Decrease Font Size Print Page
modi

ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നര ഭുവനേശ്വരിയുടെ കുപ്പം മണ്ഡലത്തിലെ നാലുദിന സന്ദർശന പരിപാടി ഇന്ന് അവസാനിക്കുമ്പോൾ, ആന്ധ്ര രാഷ്ട്രീയത്തിൽ അവരുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഏറുകയാണ്. ചന്ദ്രബാബു നായിഡുവിനെ തുടർച്ചയായി വിജയിപ്പിക്കുന്ന മണ്ഡലമാണ് കുപ്പം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോൾപ്പോലും മൂന്നു നാളിൽ കൂടുതൽ നായിഡു കുപ്പത്ത് കഴിയാറില്ല.

വനിതകളുമായും സമൂഹത്തിലെ അവശ വിഭാഗങ്ങളുമായും ഭുവനേശ്വരി നേരിട്ടു സംവദിക്കുന്ന പരിപാടികളാണ് നടക്കുന്നത്. ഇതിനിടയിൽ രണ്ട് ഗ്രാമങ്ങൾ അവർ ദത്തെടുത്തു. നേരക്കെ കുപ്പത്തെ പാവപ്പെട്ട മൂന്നു കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചെലവും ഭുവനേശ്വരി ഏറ്രെടുത്തിരുന്നു. കുപ്പത്തെ ഓരോ സ്ത്രീയുടെയും ശാക്തീകരണത്തിനും വികസനത്തിനും സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് യോഗങ്ങളിൽ ഭുവനേശ്വരി പറഞ്ഞു. തൊഴിലില്ലാത്തവരെ കുപ്പത്തേക്ക് മാറ്റിപ്പാർപ്പിച്ചുകൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്.

വൈ.എസ്.ആർ.സി.പി ഭരണകാലത്ത് ഉടലെടുത്ത, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരങ്ങൾ അവർ ഉറപ്പുനൽകി. കുപ്പം മണ്ഡലത്തിനു ശേഷം പിന്നാക്കം നിൽക്കുന്ന മറ്റു പ്രദേശങ്ങളിലേക്കും ഭുവനേശ്വരി ജനസമ്പർക്ക പരിപാടിയുമായി എത്തുമെന്നാണ് ടി.‌ഡി.പി നേതാക്കൾ പ്രതീക്ഷിക്കുന്നത്. ഈ യാത്ര തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഭുവനേശ്വരി കടക്കുമെന്നതിന്റെ വ്യക്തമായ സൂചനയായിട്ടാണ് ആന്ധ്രയിലെ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. രാജ്യസഭാ സീറ്റുകളിൽ ഒഴിവു വരുമ്പോൾ അതിലൊന്ന് ഭുവനേശ്വരിക്കു നൽകി പാർലമെന്റിലെത്തിക്കാനാകും. അങ്ങനെ സംഭവിച്ചാൽ മന്ത്രിസഭാ പുനഃസംഘടന വരുമ്പോൾ ഭുവനേശ്വരി കേന്ദ്രമന്ത്രി ആയാലും അത്ഭുതപ്പെടാനില്ല! അതല്ല, 2029-ൽ കുപ്പത്തു നിന്ന് മത്സരിക്കുന്നതിനു മുന്നോടിയായാണ് ഈ ജനസമ്പർക്ക പരിപാടികളെന്നാണ് മറ്റൊരു നിരീക്ഷണം.

'നിജാം" യാത്ര തുടക്കം

എ.പി സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ചന്ദ്രബാബുവിനെ 2023 സെപ്തംബർ 9ന് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഭുവനേശ്വരി രാഷ്ട്രീയ ദൗത്യമേറ്രെടുത്ത് ഭർത്താവിന്റെ നിഴൽ വിട്ടിറങ്ങിയത്. നായിഡു 53 ദിവസം രാജമുണ്ട്രി സെൻട്രൽ ജയിലിൽ കഴിഞ്ഞ നാളുകളിൽ വൈ.എസ്.ആർ.സി.പിക്കെതിരെ ശക്തമായ പ്രചാരണം ഭുവനേശ്വരി നടത്തി. ജയിലിൽ അദ്ദേഹത്തെ സന്ദർശിക്കാനെത്തിയപ്പോഴൊക്കെ അവർ മാദ്ധ്യമങ്ങളോട് സംസാരിച്ചു.

'ജയിലിൽ എന്റെ ഭർത്താവിന്റെ ജീവൻ അപകടത്തിലാണ്. ജയിൽ മുറിയിലെ മോശം അവസ്ഥ കാരണം ഇതിനകം ശരീരഭാരം അഞ്ചുകിലോ കുറഞ്ഞു, കൂടുതൽ ഭാരം കുറഞ്ഞാൽ അത് വൃക്കയെ ബാധിക്കും. ജയിൽ മുറിയിലെ ചൂടും ഈർപ്പവും കാരണം അദ്ദേഹത്തിന് ചർമ്മത്തിൽ അണുബാധ ഉണ്ടായിരുന്നു"- ഭുവനേശ്വരി പറഞ്ഞു. സമൂഹമാദ്ധ്യമത്തിലും അവർ സജീവമായി. നായി‌ഡുവിന്റ അറസ്റ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട്, അന്നത്തെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ തിരുപ്പതിയിൽ നിന്നാണ് ഭുവനേശ്വരി തന്റെ 'നിജാം ഗെലാവലി (സത്യം ജയിക്കണം) യാത്ര" ആരംഭിച്ചത്.

ആന്ധ്രാ രാഷ്ട്രീയത്തിൽ ഇത്തരം യാത്രകൾക്ക് എപ്പോഴും പ്രസക്തിയുണ്ട്. യാത്രയ്ക്കു മുമ്പ് അവർ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചു. ഭർത്താവില്ലാതെ ആദ്യമായാണ് തിരുമല ക്ഷേത്രത്തിലെത്തുന്നത് എന്നത് തന്നെ സങ്കടപ്പെടുത്തിയെന്ന് ഭുവനേശ്വരി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. യാത്രയ്ക്കു ശേഷം ആന്ധ്രാപ്രദേശ് ടി.ഡി.പി നേതാവും നിലവിലെ മന്ത്രിയുമായ കെ. അച്ചൻനായിഡു പറഞ്ഞത് ഇങ്ങനെ: ''ഭുവനേശ്വരിയുടെ യാത്ര ഒരു വലിയ വിജയമായിരുന്നു. അവർക്ക് ജനങ്ങളുമായി നല്ല ബന്ധം കെട്ടിപ്പടുക്കാൻ കഴിഞ്ഞു.""

ശാന്തയും ശക്തയും

ശക്തയായ ഒരു വനിതാ നേതാവ് പാർട്ടിയിൽ വേണ്ടത് കാലത്തിന്റെ ആവശ്യമെന്നു തിരിച്ചറിഞ്ഞാണ് ചന്ദ്രബാബു നായിഡു ഭാര്യയെ കളത്തിലിറക്കിയതെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ വൈ.എസ്.ആർ കോൺഗ്രസ് തകർന്നെങ്കിലും കോൺഗ്രസ് പാർട്ടിയിലേക്ക് നേതാക്കൾ മടങ്ങിപ്പോകുമെന്ന വിദൂരസാദ്ധ്യത കൂടിയുണ്ട്. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ വൈ.എസ്.ശർമ്മിള സർക്കാരിനെതിരെ പ്രക്ഷോഭം നയിച്ച് ജനശ്രദ്ധ നേടാനുള്ള അവസരത്തിനായി കാത്തിരിക്കുകയുമാണ്.

ടി.ഡി.പി വനിതാ വിഭാഗമായ 'തെലുങ്ക് മഹിള"യുടെ സംസ്ഥാന പ്രസിഡന്റ് കെ. അനിതയ്ക്കാണ് ആഭ്യന്തര വകുപ്പ് നായിഡു നൽകിയത്.

ശാന്തപ്രകൃതയും എപ്പോഴും പ്രസന്നവതിയുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതാണ് ഭുവനേശ്വരിയുടെ രീതി. 2021 നവംബറിൽ ആന്ധ്രാ അസംബ്ലിയിൽ വൈ.എസ്.ആർ.സി.പി നേതാക്കൾ നായിഡുവിന്റെ കുടുംബത്തെ വ്യക്തിപരമായി അധിഷേപിച്ചപ്പോഴാണ് പരസ്യപ്രകടനവുമായി അവർ ആദ്യം രംഗത്തെത്തുന്നത്. അന്ന് വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ ഭുവനേശ്വരി തനിക്കെതിരായ 'വൃത്തികെട്ട സ്വഭാവഹത്യ"യ്ക്കെതിരെ നിയമസഭയിൽ പ്രതിഷേധിക്കുമെന്നു പറഞ്ഞു.

കുടുംബ രാഷ്ട്രീയം

തെലുങ്കിലെ ആദ്യ സൂപ്പർസ്റ്റാർ ആയ എൻ.ടി. രാമറാവുവിന്റെ മകളാണ് ഭുവനേശ്വരി. എൻ.ടി.ആർ പാർട്ടി രൂപീകരിച്ച് ഒൻപതാം മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ (1983)​ 294-ൽ 201 സീറ്റും നേടി അധികാരത്തിലെത്തിയിരുന്നു. 1994-ൽ 294ൽ 216 സീറ്റ് നേടിയ ശേഷം ഭാര്യ ലക്ഷ്മി പാർവതിയെ പിൻഗാമിയായി വാഴിക്കാനായിരുന്നു എൻ.‌ടി.ആറിന്റെ നീക്കം. അത് മരുമകനും പാർട്ടിയിലെ രണ്ടാമനുമായ ചന്ദ്രബാബു നായിഡുവും മറ്റു കുടുംബാംഗങ്ങളും ചേർന്ന് തടഞ്ഞു. 1995-ൽ എൻ.ടി.ആറിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നു.

ഇപ്പോൾ,​ ഭാര്യയെ നേതാവായി ഉയർത്തിക്കൊണ്ടുവരുമ്പോൾ ഈ ചരിത്രം നായിഡുവിനെതിര ശത്രുക്കൾ ഉന്നയിക്കുമെന്നുറപ്പ്. എൻ.ടി.ആറിന്റെ മകൻ നന്ദമൂരി ബാലകൃഷ്ണ ടി.ഡി.പി നേതാവും ഹിന്ദുപൂർ എം.എൽ.എയുമാണ്. നായിഡുവിന്റെ മകൻ നര ലോകേഷ് ഇപ്പോൾ മന്ത്രി. ടി.ഡി.പിയിൽ പ്രവർത്തിക്കാത്ത കുടുംബാംഗം എൻ.ടി.ആ‌റിന്റെ മറ്റൊരു മകൾ പുരേന്ദേശ്വരിയാണ്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റും രാജമഹേന്ദ്രവരം എം.പിയുമാണ് ഇപ്പോൾ പുരന്ദേശ്വരി.

കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ എൻ.ഡി.എയ്ക്ക് പിന്തുണ നൽകാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചതിനു പിന്നാലെ നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിക്ക് 24.37 ശതമാനം ഓഹരിയുള്ള ഹെറിറ്റേജ് ഫുഡ്സ് ഓഹരി വിപണിയിൽ വൻ കുതിപ്പ് നടത്തിയിരുന്നു. അഞ്ചു ദിവസത്തിനകം ഭുവനേശ്വരിയുടെ ആസ്തി 579 കോടി രൂപ വർദ്ധിച്ചത് വലിയ വാർത്തയാവുകയും ചെയ്തു. നായിഡുവിന്റെ ഭാര്യയും മകനും ഉൾപ്പെടെയുള്ള പ്രൊമോട്ടർമാർക്ക് കമ്പനിയിൽ 41 ശതമാനത്തിലധികം ഓഹരിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, CHANDRABABU NAIDU, BHUVANESWARI, TDP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.