ചെറുപുഴ: മാതമംഗലം -പാണപ്പുഴ റോഡിലെ മാത്ത് വയലിൽ ഒരു മാസത്തിന് മുൻപ് നടന്ന കവർച്ചാ കേസിലെ രണ്ട് പ്രതികൾ പൊലീസ് പിടിയിലായി. മാത്ത് വയലിലെ ജയപ്രസാദിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 23 പവനും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും കവർച്ച ചെയ്‌ത സംഭവത്തിലെ പ്രതികളാണ് പെരിങ്ങോം പൊലീസിന്റെ കസ്റ്റഡിയിലായത്.
പാലക്കാട് സ്വദേശിയും കാസർകോട് താമസക്കാരനുമായ കുപ്രസിദ്ധ മോഷ്ടാവ് അബ്ദുൾ ഖാദർ ആലമ്പാടി, തൊണ്ടി മുതൽ വിൽക്കാൻ സഹായിച്ച കാജാ ഹുസൈൻ മക്രാജെ എന്നിവരാണ് കാസർകോടു നിന്നും പയ്യന്നൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്റെ പിടിയിലായത്. മോഷണസമയത്തെ കൂട്ടാളിയെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ജൂൺ 19 ന് പുലർച്ചെ മൂന്നോടെയാണ് വീട് കുത്തി തുറന്ന് കവർച്ച നടത്തിയത്. ജയപ്രസാദിന്റെ ഭാര്യ ദീപ ആയുവേദ ചികിത്സക്ക് തളിപ്പറമ്പിന് സമീപത്തെ ആശുപത്രിയിലായിരുന്നതിനാൽ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. കവർച്ചക്കാർ വീടിന്റെ സിറ്റൗട്ടിലെ ലൈറ്റ് തകർത്ത ശേഷം മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്തുകടന്ന് അലമാരകൾ തകർത്ത് സ്വർണ്ണവും വജ്രവും കവർന്നത്.
വീടിന്റെ വാതിൽ പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ സംഭവസ്ഥലത്തു നിന്ന് പൊലീസ് കണ്ടടുത്തിരുന്നു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്നുതന്നെ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. പ്രമാദമായ പരിയാരം മോഷണത്തിന് തുമ്പുണ്ടാക്കാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരേയും കൂട്ടിച്ചേർത്തായിരുന്നു പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയത്.
പ്രതികളുടെ ദൃശ്യം പൊലീസിന് തൊട്ടടുത്ത വീട്ടിലെ നിരീക്ഷണ കാമറയിൽ നിന്ന് ലഭിച്ചിരുന്നു. ഇതിനു പുറമെ മൂന്നൂറോളം നിരീക്ഷണ കാമറകളും പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്. കൂടാതെ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടു പേരാണ് കവർച്ച നടത്തിയതെന്നും കണ്ടെത്തിയിരുന്നു. ഒന്നര മാസത്തോളം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളിലേക്കെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |