പാരീസ് : വനിതകളുടെ നീന്തലിലെ 4-100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിൽ ഓസ്ട്രേലിയൻ ടീം സ്വർണം നേടിയപ്പോൾ ശ്രദ്ധേയയായത് എമ്മ മക്കിയോണായിരുന്നു. കാരണം എമ്മയുടെ ആറാം സ്വണമെഡലായിരുന്നു ഇത്. 2016 റിയോ ഒളിമ്പിക്സിലെ ഈയിനത്തിലെ സ്വർണവും 2020 ടോക്യോ ഒളിമ്പിക്സിലെ നാലു സ്വർണങ്ങളും ഉൾപ്പടെയാണിത്. ഇതോടെ ഇയാൻ തോർപ്പിനെ മറികടന്ന് ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണങ്ങൾ നേടുന്ന ഓസ്ട്രേലിയൻ താരവുമായി. മൂന്ന് ഒളിമ്പിക്സുകളിൽ നിന്നുമായി രണ്ട് വെള്ളിയും നാലുവെങ്കലങ്ങളും കൂടിച്ചേർത്ത് 12 മെഡലുകളായി എമ്മയുടെ ശേഖരത്തിൽ.
4-100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിൽ തുടർച്ചയായ നാലാം ഒളിമ്പിക്സിലാണ് ഓസ്ട്രേലിയ സ്വർണം നേടിയത്. ഇതിൽ മൂന്ന് ഒളിമ്പിക്സുകളിലും എമ്മ പങ്കെടുത്തു. ഇക്കുറി മോളി ഒ കല്ലഗൻ,ഷൈന ജാക്ക്, മെഗ് ഹാരിസ് എന്നിവരാണ് എമ്മയ്ക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നത്. അമേരിക്കയെ പിന്തള്ളി ഗെയിംസ് റെക്കാഡോടെയാണ് ഓസ്ട്രേലിയ സ്വർണം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |