തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിനും രാജ്യാന്തര സ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് ഏഴ് സെന്റർ ഒഫ് എക്സലൻസ് ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. സ്വയംഭരണമുള്ള ഇവ സംസ്ഥാനത്തിന്റെ അക്കാഡമിക് പ്രവർത്തനങ്ങൾക്ക് സഹായകമാവും. ഇക്കൊല്ലത്തെ പ്രവർത്തനത്തിന് 11.4കോടിയുടെ ഭരണാനുമതി നൽകി.
സെന്ററുകളിൽ രണ്ടെണ്ണം വീതം ശാസ്ത്രസാങ്കേതിക, സാമൂഹ്യശാസ്ത്ര, ഭാഷ-സാംസ്കാരിക മേഖലകളിലാണ്. അദ്ധ്യാപക-അനദ്ധ്യാപക-ഗവേഷക വിദ്യാർത്ഥി പരിശീലനത്തിനും പാഠ്യപദ്ധതി രൂപകല്പനയ്ക്കുമായാണ് ഏഴാമത്തേത്. കാലിക്കറ്റ് സർവകലാശാലയിലാവും ടീച്ചിംഗ്, ലേണിംഗ് ആൻഡ് ട്രെയിനിംഗ് സെന്റർ വരിക. കുസാറ്റിലെ സയൻസ്, ടെക്നോളജി, ഇന്നൊവേഷൻ സെന്റർ ശാസ്ത്ര ഗവേഷണത്തിനുള്ള അന്തർദ്ദേശീയ കേന്ദ്രമായിരിക്കും.
മൂന്നാറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ് സ്റ്റഡീസിൽ ചരിത്രം,സമൂഹം, സമ്പദ്‌വ്യവസ്ഥ, സാംസ്കാരിക സമ്പ്രദായങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണമുണ്ടാവും. കേരള സർവകലാശാലയിൽ തുടങ്ങുന്ന റിസർച്ച് സപ്പോർട്ട് കേന്ദ്രത്തിൽ ഗവേഷണ സഹകരണം പ്രോത്സാഹിപ്പിക്കും.
കാലിക്കറ്റ് വാഴ്സിറ്റിയിൽ തുടങ്ങുന്ന ഇൻഡിജെനസ് പീപ്പിൾസ് എഡ്യുക്കേഷനിൽ പട്ടികവിഭാഗക്കാർക്കായി കോഴ്സുകളുണ്ടാവും. കണ്ണൂർ വാഴ്സിറ്റിയിലെ ജെൻഡർ ഇക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ ലിംഗസമത്വം, നയരൂപീകരണം, ലിംഗപദവി പഠനം എന്നിവയ്ക്കാവും ഊന്നൽ. മലയാളം വാഴ്സിറ്റിയിലെ കേരള ലാംഗ്വേജ് നെറ്റ്‌വർക്കിൽ മലയാളമടക്കം ഭാഷകളെ വിജ്ഞാനത്തിന്റെ ഭാഷയായി വികസിപ്പിക്കും.
സ്റ്റഡി ഇൻ കേരള പ്രോഗ്രാം
വിദേശ വിദ്യാർത്ഥികൾക്കും ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിന് സ്റ്റഡി ഇൻ കേരള പ്രോഗ്രാം നടപ്പാക്കും. രാജ്യത്തും പുറത്തും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബ്രാൻഡ് വാല്യൂ വർദ്ധിപ്പിക്കും. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഇവിടത്തെ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ സ്ഥാപിക്കും. അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കായി ഹ്രസ്വകാല നോൺ-ഡിഗ്രി കോഴ്സുകൾ ആരംഭിക്കും. മൂന്നാംലോക രാജ്യങ്ങളിലെ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കും. അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |