തിരുവനന്തപുരം: സംസ്ഥാനത്തെ ഹോംസ്റ്റേകൾക്ക് തദ്ദേശ സ്ഥാപന ലൈസൻസും ജി.എസ്.ടി രജിസ്ട്രേഷനും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, റിസോർട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ടുള്ള യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടിയെടുക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കണം. ക്ലീൻ ഡെസ്റ്റിനേഷൻ ക്യാമ്പയിൻ വ്യാപിപ്പിക്കണം. വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം. മാലിന്യനീക്കത്തിന് ഹരിതകർമ്മ സേനയെ ചുമതലപ്പെടുത്തണം.
റിസോർട്ടുകൾ ബോട്ടിംഗ് നടത്തുമ്പോൾ ലൈഫ് ഗാർഡുകളുണ്ടാകണം. ഇൻലാൻഡ് നാവിഗേഷൻ വെരിഫിക്കേഷൻ നടത്തി ഹൗസ് ബോട്ടുകൾക്ക് സർട്ടിഫിക്കറ്റ് നൽകണം. ജലാശയങ്ങളിലും ബീച്ചുകളിലും ലൈഫ് ഗാർഡുകളെ നിയോഗിക്കണം. ആവശ്യമുള്ള സ്ഥലങ്ങളിൽ പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കണം. ടൂറിസം കേന്ദ്രങ്ങളിൽ തെരുവുനായ ശല്യം ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം.
റോഡരികിലും കുറ്റിക്കാട്ടിലുമുള്ള പരസ്യ മദ്യപാനവും വില്പനയും ഒഴിവാക്കാൻ നടപടിയെടുക്കണം. ടൂറിസം കേന്ദ്രങ്ങളിൽ എക്സൈസ് വകുപ്പ് ശ്രദ്ധിക്കണം. സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം. ടൂറിസ്റ്റ് ഗൈഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാർ, തൊഴിലാളികൾ എന്നിവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |