ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗും നടത്തിയ കൂടിക്കാഴ്‌ചയുടെ ഫോട്ടോ പുറത്തുവിടണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ആവശ്യപ്പെട്ടു. സാധാരണ ഇത്തരം കൂടിക്കാഴ്‌ചകളുടെ ഫോട്ടോ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ടെന്ന് രമേശ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പ്രധാനമന്ത്രിയെ കണ്ടതിന്റെ ഫോട്ടോ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ‌്തിരുന്നു.
ബി.ജെ.പി മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയുടെ ഭാഗമായി ജൂലായ് 28 നാണ് ബിരേൻ സിംഗ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മേയിൽ വംശീയ കലാപം ഉണ്ടായ മണിപ്പൂരിലെ സ്ഥിതിഗതികൾ ബിരേൻ സിംഗും പ്രധാനമന്ത്രി മോദിയും ചർച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
മണിപ്പൂരിലെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികൾ ചർച്ച ചെയ്‌ത യോഗത്തിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരും പങ്കെടുത്തിരുന്നു. മണിപ്പൂരിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പിക്ക് മേൽ പ്രതിപക്ഷ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് കൂടിക്കാഴ്‌ച. മണിപ്പൂർ കലാപത്തിന് ശേഷം ബിരേൻസിംഗ് പ്രധാനമന്ത്രിയെ കാണുന്നതും ആദ്യമായാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |